കായികം

എഡ്ജ്ബാസ്റ്റൺ ടെസ്റ്റ്: ഇന്ത്യ 245ന് പുറത്ത്; രണ്ടാം ഇന്നിങ്ങ്‌സിൽ രക്ഷകരായത് പൂജാരയും പന്തും; സ്റ്റോക്‌സിന് 4 വിക്കറ്റ്; ഇംഗ്ലണ്ടിന് 378 റൺസ് വിജയലക്ഷ്യം; ഏകദിന ശൈലയിൽ തിരിച്ചടിച്ച് ഇംഗ്ലണ്ട് ഓപ്പണർമാർ

ബിർമിങ്ഹാം: ഇന്ത്യക്കെതിരായ അഞ്ചാം ടെസ്റ്റിൽ ഇംഗ്ലണ്ടിന് 378 റൺസ് വിജയ ലക്ഷ്യം. രണ്ടാം ഇന്നിങ്സിൽ ഇന്ത്യയുടെ പോരാട്ടം 245 റൺസിൽ അവസാനിച്ചു. ഇതോടെ ഇന്ത്യക്ക് 377 റൺസ് ലീഡായി. ഒന്നാം ഇന്നിങ്സിൽ ഇന്ത്യ 416 റൺസാണ് കണ്ടെത്തിയത്. ഇംഗ്ലണ്ട് 284 റൺസും എടുത്തു.

മറുപടി ബാറ്റിങ്ങാരംഭിച്ച ഇംഗ്ലണ്ടിന് വേണ്ടി ഓപ്പണർമാർ ഏകദിന ശൈലിയിൽ ബാറ്റ് വീശുകയാണ്.ഒടുവിൽ വിവരം കിട്ടുമ്പോൾ ഇംഗ്ലണ്ട് 16 ഓവറിൽ വിക്കറ്റ് നഷ്ടമില്ലാതെ 81 റൺസെടുത്തിട്ടുണ്ട്.അർധസെഞ്ച്വറി നേടിയ അലക് ലീസ് 53 റൺസുമായും സാക് ക്രൗളി 27 റൺസുമായാണ് ക്രീസിൽ.

രണ്ടാം ഇന്നിങ്സിൽ ചേതേശ്വർ പൂജാരയ്ക്ക് പിന്നാലെ ഋഷഭ് പന്തും അർധ സെഞ്ച്വറി നേടി. 132 റൺസ് ഒന്നാം ഇന്നിങ്സ് ലീഡുമായാണ് ഇന്ത്യ മൂന്നാം ദിനം ബാറ്റിങ് തുടങ്ങിയത്. മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 125 റൺസെന്ന നിലയിൽ മൂന്നാം ദിനം കളി അവസാനിപ്പിച്ചു. ശുഭ്മാൻ ഗിൽ (4), ഹനുമ വിഹാരി (11), വിരാട് കോഹ്ലി (20) എന്നിവരെയാണ് ഇന്ത്യക്ക് മൂന്നാം ദിനം നഷ്ടമായത്.

നാലാം ദിനം രണ്ടാം ഇന്നിങ്സ് തുടങ്ങിയ ഇന്ത്യക്ക് ആദ്യ സെഷനിൽ തന്നെ മികച്ച പ്രതിരോധം തീർത്ത ചേതേശ്വർ പൂജാരയെ നഷ്ടമായി. 168 പന്തുകൾ നേരിട്ട പൂജാര എട്ട് ഫോറുകൾ സഹിതം 66 റൺസുമായി മടങ്ങി. ബ്രോഡിന്റെ പന്തിൽ ലീസിന് ക്യാച്ച് നൽകിയാണ് പൂജാര മടങ്ങിയത്.

ഒന്നാം ഇന്നിങ്സിൽ സെഞ്ച്വറി നേടിയ പന്ത് രണ്ടാം ഇന്നിങ്സിൽ 86 പന്തിൽ 57 റൺസ് എടുത്തു മടങ്ങി. എട്ട് ഫോറുകളും താരം നേടി. ശ്രേയസ് അയ്യർ 19 റൺസുമായി പുറത്തായി.

രവീന്ദ്ര ജഡേജ (23), ശാർദുൽ ഠാക്കൂർ (4), മുഹമ്മദ് ഷമി (13), ജസ്പ്രിത് ബുമ്ര (7) എന്നിവരാണ് ഔട്ടായ മറ്റുള്ളവർ. മുഹമ്മദ് സിറാജ് രണ്ട് റണ്ണുമായി പുറത്താകാതെ നിന്നു.

 

സ്പോർട്സ് ഡെസ്ക് news@marunadan.in

MNM Recommends


Most Read