രാഷ്ട്രീയം

ഋഷി പൽപ്പു ഫേസ്‌ബുക്കിൽ പോസ്റ്റിട്ടത് ജില്ലാ ജനറൽ സെക്രട്ടറി കെ ആർ ഹരിയെ പൊലീസ് കുഴൽപ്പണ കേസിൽ ചോദ്യം ചെയ്തതിന് പിന്നാലെ; പുറത്താക്കാൻ മുൻകൈയെടുത്ത് സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രനും; കുഴൽപ്പണത്തിൽ കുരുങ്ങി തൃശ്ശൂർ ബിജെപി; അന്വേഷണം മുറുകുമ്പോൾ നെഞ്ചിടിപ്പോടെ മുതിർന്ന നേതാക്കളും

തൃശൂർ: കുഴൽപണ തട്ടിപ്പു കേസിൽ അന്വേഷണം മുറുകവേ തൃശ്ശൂർ ബിജെപിയിൽ വൻ പൊട്ടിത്തെറി. നേതാക്കൾ പരസ്പ്പരം പഴിചാരുന്ന അവസ്ഥയാണ് ജില്ലയിലെ ബിജെപിയിൽ നിലനിൽക്കുന്നത്. പ്രവർത്തകർ തമ്മിലുള്ള കത്തിക്കുത്തിലേക്ക് പോലും കാര്യങ്ങൾ എത്തിയിരുന്നു. കുഴൽപ്പണ കേസിൽ ചോദ്യം ചെയ്തവർക്കെതിരെ എതിർശബ്ദം ഉയർത്തിയവരെ പുറത്താക്കി കൊണ്ടാണ് പാർട്ടി നേതൃത്വം രംഗത്തുവന്നത്. കുറ്റവാളികളെ സംരക്ഷിക്കാൻ ശ്രമിക്കുന്ന ജില്ലാ കമ്മിറ്റി പിരിച്ചുവിടണമെന്ന് ഫേസ്‌ബുക് പോസ്റ്റിട്ട ഒബിസി മോർച്ച സംസ്ഥാന വൈസ് പ്രസിഡന്റ് ഋഷി പൽപ്പുവിനെ ബിജെപി പ്രാഥമികാംഗത്വത്തിൽ നിന്നു പുറത്താക്കി. സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ മുൻകൈയെടുത്താണ് ഋഷി പൽപ്പുവിനെ പുറത്താക്കിയത്.

അതേസമയം, ബിജെപി ജില്ലാ ജനറൽ സെക്രട്ടറി കെ.ആർ. ഹരി തന്നെ വധിക്കുമെന്നു ഭീഷണിപ്പെടുത്തിയതായി ഋഷി പൽപ്പു വെസ്റ്റ് പൊലീസിൽ പരാതി നൽകി. കുഴൽപണക്കേസ് സംബന്ധിച്ചുള്ള തർക്കത്തിനിടെ കഴിഞ്ഞ ദിവസം വാടാനപ്പിള്ളിയിൽ ബിജെപി പ്രവർത്തകനു കുത്തേറ്റ സംഭവത്തിൽ 4 ബിജെപി പ്രവർത്തകരെ ഇന്നലെ അറസ്റ്റ് ചെയ്തു. തിരഞ്ഞെടുപ്പിനു 3 ദിവസം മുൻപ് കൊടകരയിൽ വാഹനാപകടം സൃഷ്ടിച്ച് 3.5 കോടി രൂപ തട്ടിയെടുത്ത സംഭവത്തിൽ കെ.ആർ. ഹരിയെയും ട്രഷറർ സുജയ് സേനനെയും പൊലീസ് ചോദ്യം ചെയ്തിരുന്നു. ഇതേച്ചൊല്ലി പാർട്ടിയിൽ ഉടലെടുത്ത ഗ്രൂപ്പ് പോരിന്റെ തുടർച്ചയാണ് കത്തിക്കുത്തും വധഭീഷണിയും സസ്‌പെൻഷനും.

ഋഷി പൽപ്പുവിന്റെ പരാതിയിൽ തൃശൂർ വെസ്റ്റ് പൊലീസ് കേസ് എടുത്ത് അന്വേഷണം തുടങ്ങിയിരുന്നു. എന്നാൽ ഋഷി പൽപ്പുവിനെ ആറുവർഷത്തേക്ക് സസ്പെൻഡ് ചെയ്തതായി അറിയിച്ച ബിജെപി ജില്ലാ നേതൃത്വം നടപടിയുടെ പ്രതികാരമാണ് വ്യാജ ആരോപണത്തിന് പിന്നിലെന്നാണ് പ്രതികരിച്ചത്.

നടപടിക്ക് കാരണമായ ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:

രണ്ടാം നരേന്ദ്ര മോദി സർക്കാർ അതിന്റെ രണ്ടാം വർഷം പൂർത്തിയാക്കുന്ന വേളയിൽ കോവിഡ് മഹാമാരി പടരുമ്പോൾ ആഘോഷങ്ങളിൽ ഏർപ്പെടാതെ സേവനാത്മക പ്രവർത്തനങ്ങളിൽ ഏർപ്പെടണം എന്ന ദേശീയ നേതൃത്വത്തിന്റെ ആഹ്വനം ശിരസ്സാ വഹിച്ചു കൊണ്ട് തൃശൂർ ബിജെപി പ്രവർത്തകർ മാതൃകാ പരമായി ഒരു സഹപ്രവർത്തകനെ കുത്തി അദ്ദേഹത്തിന്റെ കൊടല് മാല പുറത്തെടുത്തിരിക്കുകയാണ്. ഈ പുണ്യ പ്രവർത്തിക്ക് തൃശൂർ ബിജെപിയിലെ പുണ്യാത്മാക്കളായ പ്രവർത്തകരെ പ്രേരിപ്പിച്ചത് മറ്റൊരു പുണ്യ പ്രവൃത്തിയായ കൊടകര കുഴൽപണ തട്ടിപ്പിനെ ചോദ്യം ചെയ്തതാണത്രേ! രാജ്യം ഭരിക്കുന്ന പാർട്ടിയെ നാണം കെടുത്തി കുഴൽപ്പണം തട്ടിയെടുക്കാൻ ശ്രമിച്ചതും പോരാതെ 'സേവാ ഹി സംഘടൻ ' ആഹ്വാന ദിനത്തിൽ സഹപ്രവർത്തകനെ കുത്തിക്കൊല്ലാൻ തീരുമാനിക്കുകയും ചെയ്ത ഈ മഹാത്മാക്കളെ സംരക്ഷിക്കുകയാണ് തൃശൂർ ജില്ലാ നേതൃത്വം.''

''അമ്മയെ തല്ലിയാലും രണ്ടുണ്ട് അഭിപ്രായം എന്ന് പറഞ്ഞപോലെ കുഴൽപ്പണതട്ടിപ്പിനും അക്രമത്തിനും ഉണ്ട് ഗ്രൂപ്പ് തിരിഞ്ഞു പോരാട്ടം. പാർട്ടി പൂജ്യമായതിൽ അയല്പക്കത്തേക്ക് നോക്കേണ്ട കാര്യമില്ല എന്നതാണ് ബിജെപി ഇനിയും തിരിച്ചറിയേണ്ടത് ! കള്ളക്കടത്തിനും തീവ്രവാദത്തിനും കൊലപാതക രാഷ്ട്രീയത്തിനും സിപിഎമ്മിനെ അലാറം വച്ച് തെറിവിളിക്കുമ്പോൾ സ്വന്തം പാർട്ടിയിലേക്കും നോക്കണം! ഈ കൊടിയോടും അതിന്റെ പ്രത്യയശാസ്ത്രത്തോടുമുള്ള താല്പര്യം കൊണ്ടും രാജ്യസ്നേഹം കൊണ്ടും ഇന്നും ഈ പാർട്ടിയെ നെഞ്ചിലേറ്റിയ പ്രവർത്തകരെയും അനുഭാവികളെയും വെറുപ്പിക്കുകയാണ് ബിജെപി ജില്ല നേതൃത്വം. ബിജെപിക്ക് അപമാനമായ, ഭാരമായി മാറിയ ൗേേലൃ ംമേെല ആയ ബിജെപി ജില്ല നേതൃത്വത്തെ കൂടുതൽ നാറുന്നതിന് മുന്നേ എത്രയുംവേഗം പിരിച്ചു വിടണമെന്നാണ് തൃശൂർ ജില്ലയിലെ ഓരോ പ്രവർത്തകന്റെയും ആവശ്യം.'

വാടാനപ്പള്ളിയിൽ ബിജെപി പ്രവർത്തകനു കുത്തേറ്റതിൽ പ്രതികരിച്ചുള്ള ഋഷി പൽപ്പുവിന്റെ ഫേസ്‌ബുക് പോസ്റ്റാണ് സസ്‌പെൻഷനിലേക്കു നയിച്ചത്. ജില്ലാ പ്രസിഡന്റ് കെ.കെ. അനീഷ്‌കുമാറിന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് ഋഷിയെ സസ്‌പെൻഡ് ചെയ്തതെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രൻ അറിയിച്ചു

ഞായറാഴ്ച, കുഴൽപണക്കേസുമായി ബന്ധപ്പെട്ട് ചേരി തിരിഞ്ഞു നടത്തിയ തർക്കത്തിനൊടുവിൽ വാടാനപ്പിള്ളിയിൽ ബിജെപി പ്രവർത്തകനു കുത്തേറ്റ സംഭവത്തിൽ 4 ബിജെപി പ്രവർത്തകരെ അറസ്റ്റ് ചെയ്തു. മൂന്നു പേരെ കൂടി പിടികൂടാനുണ്ടെന്ന് പൊലീസ് പറഞ്ഞു. അതേ സമയം, കുഴൽപണവുമായി വന്ന സംഘത്തിനു ഹോട്ടൽ മുറി ബുക്ക് ചെയ്തത് ജില്ലാ നേതാക്കളുടെ നിർദേശ പ്രകാരമെന്നു ബിജെപി ജില്ലാ ഓഫിസ് സെക്രട്ടറി സതീഷ് പോട്ടോറിന്റെ മൊഴി. സതീഷ് പറഞ്ഞതനുസരിച്ചാണ് മുറി നൽകിയതെന്ന രേഖകളുടെ അടിസ്ഥാനത്തിലാണ് പൊലീസ് മൊഴിയെടുത്തത്.

മറുനാടന്‍ മലയാളി ബ്യൂറോ

MNM Recommends


Most Read