രാഷ്ട്രീയം

25 വർഷം മുൻപ് കോൺഗ്രസ് റാന്നിയിലും 15 വർഷം മുൻപ് യുഡിഎഫ് തിരുവല്ലയിലും തോറ്റത് എന്റെ കുറ്റമാണോ? കോന്നിയിൽ പാർട്ടി സ്ഥാനാർത്ഥിക്ക് വേണ്ടി പ്രവർത്തിച്ചതിന് ചിലർക്ക് പക; കൂലിയെഴുത്തുകാർ എഴുതിക്കൊല്ലാൻ നോക്കുന്നു; പത്തനംതിട്ട ഡിസിസി പ്രസിഡന്റിന്റെ പരിദേവനം ഇങ്ങനെ ഒക്കെ

പത്തനംതിട്ട: ഡിസിസി പ്രസിഡന്റിന്റെ കസേരയിൽ ഏറിയതിന് ശേഷം ബാബു ജോർജിന് അത്ര നല്ലകാലമല്ല. തൊട്ടതെല്ലാം പിഴച്ചു. പത്തനംതിട്ട യുഡിഎഫ് വിമുക്ത ജില്ലയായി. പാർലമെന്റ് തെരഞ്ഞെടുപ്പിൽ ആന്റോ ആന്റണിക്കെതിരേ പ്രമേയം പാസാക്കി. കോന്നി ഉപതെരഞ്ഞെടുപ്പിൽ അടൂർ പ്രകാശിനെ പ്രകോപിപ്പിച്ചു. അങ്ങനെ നീളുന്നു ബാബു ജോർജിന്റെ വീഴ്ചയുടെ കഥകൾ. ഇദ്ദേഹം എന്തു ചെയ്താലും അത് നെഗറ്റീവ് വാർത്തയായി മാധ്യമങ്ങളിൽ പ്രത്യക്ഷപ്പെടും. 'ഈ പത്രക്കാരെ കൊണ്ടു തോറ്റു. ഞാനെന്തു ചെയ്യുവാണെന്ന് നോക്കി നടക്കുവാ അവന്മാര്' എന്നൊക്കെ ഗർവാസീസ് ആശാൻ സ്റൈലിൽ തമാശ പറയുമെങ്കിലും കഴിഞ്ഞ ദിവസം ബാബു ജോർജ് വികാരാധീനനായി.

ജില്ലയിലെ ചില കോൺഗ്രസ് നേതാക്കൾ തന്നെ വേട്ടയാടുകയാണെന്ന് അദ്ദേഹം തുറന്നടിച്ചു. ഗാന്ധി ദർശൻ വേദി മൈലപ്ര സാംസ് ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച ഏകദിന ക്യാമ്പ് ഉദ്ഘാടനം ചെയ്യുമ്പോഴാണ് ബാബു ജോർജ് വികാര ഭരിതനായത്. ചില കോൺഗ്രസ് നേതാക്കൾ പകയോടെ പെരുമാറുന്നു. 25 വർഷം മുൻപ് റാന്നിയിലും 15 വർഷം മുൻപ് തിരുവല്ലയിലും കോൺഗ്രസും യുഡിഎഫും തോറ്റതിന്റെയും അഞ്ച് വർഷം മുൻപ് ആറന്മുള സീറ്റ് നഷ്ടപ്പെട്ടതിന്റെയുമെല്ലാം ഉത്തരവാദിത്വം തന്റെ ചുമലിൽ കെട്ടിവയ്ക്കാനുള്ള ശ്രമമാണ് ചില നേതാക്കൾ നടത്തുന്നത്.

കോന്നിയിൽ പാർട്ടി നിർത്തിയ സ്ഥാനാർത്ഥിക്ക് വോട്ട് ചോദിച്ചതിനാണ് ചിലർ പകയോടെ പെരുമാറുന്നത്. സോഷ്യൽ മീഡിയയിൽ തന്നെ അപകീർത്തിപ്പെടുത്താൻ ശക്തമായ ശ്രമങ്ങൾ നടക്കുന്നുണ്ട്. അത് അഞ്ചോ ആറോ കൂലി എഴുത്തുകാർ ചേർന്ന് നടത്തുന്നതാണ്. ജില്ലയിലെ മുതിർന്ന നേതാക്കൾ അവസരമില്ലാതെ നിരാശരായിരിക്കുന്ന സാഹചര്യമാണുള്ളത്. ജില്ലയിലെ കോൺഗ്രസ് നേതാക്കളിൽ ചിലർക്ക് ഒരുമിച്ച് ഒരു കാറിൽ സഞ്ചരിക്കുവാനോ സംഘടനാ പ്രവർത്തനം നടത്താനോ കഴിയാത്തവണ്ണം മാനസികമായി അടുപ്പമില്ലാതായി. മലപ്പുറം കഴിഞ്ഞാൽ യുഡിഎഫിന്റെ ശക്തമായ കോട്ടയായിരുന്ന പത്തനംതിട്ടയിലെ എല്ലാ മണ്ഡലങ്ങളും നഷ്ടമായ അവസ്ഥയാണ് നിലവിലുള്ളതെന്നും ബാബു ജോർജ് കുറ്റപ്പെടുത്തി.

കോന്നി ഉപതെരഞ്ഞെടുപ്പ് തോൽവിക്ക് ശേഷം രൂക്ഷമായ സൈബർ ആക്രമണമാണ് ബാബു ജോർജിനെതിരേ നടക്കുന്നത്. ഡിസിസി പ്രസിഡന്റ് എന്തു തൊട്ടാലും വിവാദമാകുന്ന അവസ്ഥയാണ് ഉള്ളത്. ഏറ്റവും ഒടുവിലായി എഐസിസി ജനറൽ സെക്രട്ടറി ഉമ്മൻ ചാണ്ടി ഡിസിസി ഓഫീസ് സന്ദർശിച്ചതും വിവാദമായി. ഒരു വിവാഹ ചടങ്ങിൽ പങ്കെടുത്തു മടങ്ങിയതായിരുന്നു ഉമ്മൻ ചാണ്ടി. അതിനിടെ ഡി.സി.സി ഓഫീസിലും കയറി. 18 ന് താൻ നടത്താൻ പോകുന്ന പദയാത്രയെപ്പറ്റി ചർച്ച ചെയ്യാനാണ് ഉമ്മൻ ചാണ്ടി വന്നതെന്ന് ഡിസിസി പ്രസിഡന്റ് ചിത്രം സഹിതം ഫേസ് ബുക്കിൽ പോസ്റ്റ് ചെയ്തു.

മറ്റു നേതാക്കളോ ഡിസിസി ഭാരവാഹികളോ അറിയാതെ എന്തു ചർച്ചയാണ് അവിടെ നടന്നത് എന്ന ചോദ്യവുമായി ഐ പക്ഷം രംഗത്തു വന്നു. എ ഗ്രൂപ്പിന്റെ യോഗമാണ് അവിടെ നടന്നതെന്നും ഇങ്ങനെയാണ് പോക്കെങ്കിൽ തങ്ങൾ ഡിസിസി നേതൃത്വവുമായി സഹകരിക്കില്ലെന്നും ഇതര ഗ്രൂപ്പുകാർ ആരോപിച്ചു. ഇതെല്ലാം മാധ്യമങ്ങളിൽ വാർത്തയായതാണ് ഡിസിസി പ്രസിഡന്റിനെ ചൊടിപ്പിച്ചത്.

 

ശ്രീലാല്‍ വാസുദേവന്‍ മറുനാടന്‍ മലയാളി പത്തനംതിട്ട ന്യൂസ് കോണ്‍ട്രിബ്യൂട്ടര്‍
sreelal@marunadanmalayali.com

MNM Recommends


Most Read