രാഷ്ട്രീയം

ലൗ ജിഹാദിൽ ജോർജ്ജ് എം. തോമസിന് മാറ്റിപ്പറയേണ്ടിവരുമെന്ന് ഞാൻ പറഞ്ഞിരുന്നു; തീവ്രവർഗ്ഗീയ സംഘടനകളെ തള്ളിപ്പറയാൻ സിപിഎമ്മിനാകില്ല; കുരിശും കൊന്തയും നൽകി സ്വീകരിക്കുന്നതൊക്കെ വെറും കാപട്യം; സിപിഎമ്മിനെ വിമർശിച്ച് കെ സുരേന്ദ്രൻ

കോഴിക്കോട്: ലൗ ജിഹാദ് വിവാദത്തിൽ സിപിഎമ്മിനെ കുറ്റപ്പെടുത്തി ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. ലൗ ജിഹാദിൽ സിപിഎം നേതാവ് ജോർജ്ജ് എം. തോമസിന് മാറ്റിപ്പറയേണ്ടിവരുമെന്ന് ഇന്നലെ താൻ പറഞ്ഞിരുന്നതായി സുരേന്ദ്രൻ പറഞ്ഞു. ലഖ് ജിഹാദ് സംബന്ധിച്ച തന്റെ പരാമർശം അബദ്ധമായിരുന്നു എന്ന് സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറിയറ്റ് അംഗവും മുൻ എംഎ‍ൽഎയുമായ ജോർജ്ജ് എം. തോമസ് തിരുത്തി പറഞ്ഞതിന് പിന്നാലെയാണ് കെ. സുരേന്ദ്രന്റെ ഫേസ്‌ബുക്കിലൂടെയുള്ള പ്രതികരണം.

കെ. സുരേന്ദ്രന്റെ കുറിപ്പിൽ നിന്ന്: ഇന്നത് യാഥാർത്ഥ്യമായിരുക്കുന്നു. തീവ്രവർഗ്ഗീയ സംഘടനകളെ തള്ളിപ്പറയാൻ സി പി എമ്മിനാവില്ലെന്ന സത്യം മതേതരസമൂഹം അംഗീകരിച്ചേ മതിയാവൂ. കുരിശും കൊന്തയും നൽകി സ്വീകരിക്കുന്നതൊക്കെ വെറും കാപട്യം. തോമസ്സു മാഷല്ല ആരു വന്നാലും ക്രൈസ്തവസമൂഹം ഇപ്പോഴും സി. പി. എമ്മിന് രണ്ടാംതരം പൗരന്മാർ തന്നെ. പാലാ ബിഷപ്പിനെതിരെ ഏറ്റവും കൂടുതൽ വിഷം ചീറ്റിയതും സി. പി. എം ആയിരുന്നല്ലോ.

ലൗ ജിഹാദും നാർക്കോട്ടിക് ജിഹാദും യാഥാർത്ഥ്യം തന്നെ. ആരു വെള്ളപൂശിയാലും ഉള്ളതിനെ ഇല്ലാതാക്കാനാവില്ല. വി. ഡി സതീശനും കൂട്ടരും ഉടനെ ഇറങ്ങും ന്യായീകരണവുമായിട്ട്. പെൺകുട്ടികളെ പ്രണയം നടിച്ച് മതം മാറ്റി സിറിയയിലേക്കയക്കുന്നവർക്കെതിരെയുള്ള ക്രൈസ്തവ സമൂഹത്തിന്റെ ആശങ്ക പങ്കുവെക്കാൻ ഞങ്ങൾക്കേതായാലും മടിയില്ല.

അതേസമയം ലൗജിഹാദ് പരാമർശത്തിൽ മലക്കം മറിഞ്ഞ് തിരുവമ്പാടി മുൻഎംഎൽഎ ജോർജ്ജ് എം തോമസ്. ലൗജിഹാദ് ഉണ്ടെന്ന തരത്തിൽ കഴിഞ്ഞ ദിവസം പുറത്തുവന്ന തന്റെ അഭിമുഖം തെറ്റിദ്ധരിക്കാവുന്ന വിധത്തിലായിരുന്നുവെന്നും അങ്ങിനെ അത് അവതരിപ്പിക്കേണ്ടിയിരുന്നില്ലെന്നും സിപിഎം ജില്ലാ സെക്രട്ടറിയേറ്റംഗവുമായ ജോർജ് എം തോമസ് പറഞ്ഞു.

ലൗ ജിഹാദ് ഇല്ലെന്ന് സർക്കാറും സഖാവ് പിണറായി വിജയനും കേന്ദ്ര ഏജൻസികളും വ്യക്തമാക്കിയതാണ്. പിന്നെയെങ്ങിനെയാണ് അങ്ങിനെയൊന്നുണ്ടെന്ന് തനിക്ക് പറയാനാകുക എന്നും അദ്ദേഹം ചോദിച്ചു. കേരളത്തിൽ ലൗജിഹാദ് ഇല്ലെന്ന വസ്തുത നിലനിൽക്കെ അങ്ങിനെയൊന്നുണ്ടെന്ന് ഒരു പാർട്ടി നേതാവ് പറഞ്ഞുവെന്ന നിലയിൽ വാർത്തകൾ വന്നത് വലിയ വിമർശനത്തിനിടയാക്കിയെന്നും അദ്ദേഹം പറഞ്ഞു. താൻ പറഞ്ഞത് ശരിയായില്ലെന്ന് നിരവധിയാളുകളാണ് വിമർശനം ഉന്നയിച്ചത്. ആ വിമർശനങ്ങൾ ശരിയുമാണ്. കേരളത്തിൽ ലൗജിഹാദ് എന്നൊന്ന് ഇതുവരെ കണ്ടുപിടിക്കപ്പെട്ടിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

ലൗ ജിഹാദ് ആർ.എസ്.എസ് സൃഷ്ടിയാണെന്നാണ് താൻ പറഞ്ഞതെന്നും അദ്ദേഹം പറഞ്ഞു. ഡിവൈഎഫ്‌ഐ ഭാരവാഹി ഷെജിനും പങ്കാളി ജോയ്സനയും വിവാഹിതരായത് കോടഞ്ചേരിയിൽ വലിയ വിവാദങ്ങൾക്ക് കാരണമായിരുന്നു. കന്യാസ്ത്രീകളടക്കം പങ്കെടുത്ത പ്രതിഷേധ പരിപാടിയും നടന്നു. ഈ സാഹചര്യത്തിലാണ് മുൻ എംഎൽഎയും സിപിഎം നേതാവുമായ ജോർജ് എം തോമസ് വിവാദ പരാമർശങ്ങൾ നടത്തിയത്. ഷെജിന്റെ നടപടി സമുദായങ്ങൾ തമ്മിൽ കലാപമുണ്ടാക്കാൻ ഇടവരുത്തുന്നതാണെന്ന് അദ്ദേഹം പറഞ്ഞിരുന്നു. ലൗജിഹാദ് യാഥാർഥ്യമാണെന്ന് പാർട്ടി രേഖകളിലുണ്ടെന്നും അദ്ദേഹം പറഞ്ഞത് വലിയ വിവാദങ്ങൾക്കാണ് പിന്നീട് കാരണമായത്.

ജോർജ് എം തോമസിന്റെ ഈ പരാമർശങ്ങൾ തള്ളി ഡിവൈഎഫ്‌ഐയും സിപിഎം ജില്ലാ സെക്രട്ടറി പി മോഹനൻ മാസ്റ്ററും സ്പീക്കർ എം.ബി രാജഷും രംഗത്തെത്തിയിരുന്നു. ഇതോടെയാണ് ജോർജ്ജ് എം തോമസ് മലക്കം മറിഞ്ഞതും.

മറുനാടന്‍ മലയാളി ബ്യൂറോ

MNM Recommends


Most Read