രാഷ്ട്രീയം

പിതാവിന്റെ വാക്ക് പാലിച്ച് ഉദ്ധവ് താക്കറെ; രാമക്ഷേത്ര നിർമ്മാണത്തിന് ശിവസേന സംഭാവനയായി നൽകിയത് ഒരു കോടി രൂപ; അയോധ്യക്ഷേത്ര പ്രസ്ഥാനത്തിൽ ആയിരക്കണക്കിന് ശിവ സൈനികർ പങ്കെടുത്തിരുന്നതായും മഹാരാഷ്ട്ര മുഖ്യമന്ത്രിയുടെ വെളിപ്പെടുത്തൽ

മുംബൈ: അയോധ്യയിൽ രാമക്ഷേത്രം നിർമ്മിക്കുന്നതിനായി ശിവസേന സംഭാവനയായി നൽകിയത് ഒരു കോടി രൂപ. മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെയുടെ ഓഫീസാണ് ഇക്കാര്യം അറിയിച്ചത്. ഉദ്ധവ് താക്കറെയുടെ പിതാവിന്റെ ആഹ്വാനത്തെ തുടർന്ന് ആയിരക്കണക്കിന് ശിവ സൈനികർ അയോധ്യക്ഷേത്ര പ്രസ്ഥാനത്തിൽ പങ്കെടുത്തുവെന്നും താനും രാമന്റെ ഭക്തനാണെന്നും രാം ജന്മഭൂമി ന്യാസിന് എഴുതിയ കത്തിൽ ഉദ്ധവ് പറയുന്നു. ശിവസേനയുടെ സ്ഥാപകനും തന്റെ പിതാവുമായ ബാൽ താക്കറെ ക്ഷേത്ര നിർമ്മാണത്തിനായി ഒരു കോടി രൂപ സംഭാവന നൽകുമെന്ന് വാക്കു നൽകിയിട്ടുള്ളതാണെന്നും പണം ജൂലായ് 27-ന് തന്നെ കൈമാറിയതായും ട്വീറ്റിൽ പറയുന്നുണ്ട്.

പണം ലഭിച്ച കാര്യം രാമക്ഷേത്ര ട്രസ്റ്റ് സെക്രട്ടറി ചമ്പത് റായ് അറിയിച്ചതായി ശിവസേന എംപി. അനിൽ ദേശായി പറഞ്ഞു. ശിവസേന ക്ഷേത്ര നിർമ്മാണത്തിനായി പണമൊന്നും സംഭാവന ചെയ്തിട്ടില്ലെന്ന മഹാന്ത് നൃത്യ ഗോപാൽ ദാസ മാധ്യമപ്രവർത്തകരോട് പറഞ്ഞിരുന്നു. ഇതിന്റെ പശ്ചാത്തലത്തിൽ ഇക്കാര്യത്തിൽ വ്യക്തത നൽകുകയായിരുന്നു അനിൽ ദേശായി.

മഹാരാഷ്ട്ര സർക്കാർ നൂറു ദിവസം പിന്നിട്ടതിന്റെ ഭാഗമായി മാർച്ചിൽ ഉദ്ധവ് താക്കറെ അയോധ്യ സന്ദർശിച്ചിരുന്നു. ക്ഷേത്ര നിർമ്മാണത്തിനായി ഒരു കോടി രൂപ നൽകുമെന്ന് അവിടെവെച്ച് ഉദ്ധവ് പ്രഖ്യാപിച്ചിരുന്നു. ബിജെപിയുമായുള്ള സഖ്യം ഉപേക്ഷിച്ചെങ്കിലും ഹിന്ദുത്വയോട് തങ്ങളെന്നും പ്രതിജ്ഞാബദ്ധരായിരിക്കുമെന്നും താക്കറേ വ്യക്തമാക്കി. ഓഗസ്റ്റ് അഞ്ചിന് നടക്കുന്ന രാമക്ഷേത്ര ഭൂമിപൂജയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉൾപ്പടെ നിരവധി പ്രമുഖർ പങ്കെടുക്കും.

ഹാരാഷ്ട്രയിലെ സഖ്യ സർക്കാരിന്റെ നൂറാം ദിനത്തിൽ അയോധ്യ സന്ദർശിച്ച ശേഷവും ഉദ്ധവ് താക്കറെ അയോധ്യയിൽ രാമക്ഷേത്ര നിർമ്മാണത്തിന് ഒരു കോടി രൂപ സംഭാവന നൽകുമെന്ന് അറിയിച്ചിരുന്നു. ശിവസേന അധ്യക്ഷൻ മകനും മന്ത്രിയുമായ ആദിത്യക്കൊപ്പമാണ് അന്ന്അദ്ദേഹം അയോധ്യയിലെത്തിയത്. മഹാരാഷ്ട്രയിൽ ബിജെപി യുമായി തെറ്റിപ്പിരിഞ്ഞെങ്കിലും ഹിന്ദുത്വ അജണ്ടയിൽ കാര്യമായ മാറ്റമൊന്നും ഇല്ലെന്ന് തെളിയിക്കുക കൂടിയായിരുന്നു ഉദ്ദവ് താക്കറെ.

എൻ.സി.പിയും കോൺഗ്രസുമായും അധികാരം പങ്കിടുന്ന സഖ്യസർക്കാരാണെങ്കിലും ഹിന്ദുത്വ നിലപാടിൽ ഒരു മാറ്റവുമില്ലെന്നും ഉദ്ദവ് പറഞ്ഞു. അധികാരത്തിലെത്തിയ ശേഷം ആദ്യമായാണ് താക്കറെ അയോധ്യ സന്ദർശിക്കാനെത്തിയത്. ക്ഷേത്ര സന്ദർശനത്തിൽ ആരതി ഉഴിയാൻ തീരുമാനിച്ചെങ്കിലും കൊറോണ വൈറസിന്റെ പശ്ചാത്തലത്തിൽ തീരുമാനം മാറ്റുകയായിരുന്നു. രാമക്ഷേത്ര നിർമ്മാണം വേഗത്തിലാക്കാനും താക്കറെ ആവശ്യപ്പെട്ടിരുന്നു.

കോൺഗ്രസുമായും എൻ.സി.പി.യുമായും ചേർന്ന് സഖ്യമുണ്ടാക്കി അധികാരത്തിൽവന്ന പശ്ചാത്തലത്തിൽ ശിവസേന മതനിരപേക്ഷനിലപാടിലേക്ക് മാറി എന്ന വിലയിരുത്തലുകൾക്കിടയിലാണ് ഹിന്ദുത്വ നിലപാട് വ്യക്തമാക്കി ഉദ്ധവ് താക്കറെ രംഗത്തെത്തിയത്. ബിജെപിക്കെതിരെ ഒളിഞ്ഞും തെളിഞ്ഞും വിമർശനങ്ങളുമായാണ് താക്കറെയുടെ പ്രസ്താവന. ഹിന്ദുത്വ നിലപാടിന്റെ കാര്യത്തിൽ ശിവസേന വിട്ടുവീഴ്ച ചെയ്യില്ലെന്ന് വ്യക്തമാക്കിയ താക്കറെ, ബിജെപിയുമായിട്ടാണ് വഴി പിരിഞ്ഞത് അല്ലാതെ ഹിന്ദുത്വവുമായിട്ടല്ലെന്നും പറഞ്ഞു. ഹിന്ദുത്വം എന്നാൽ ബിജെപി എന്നല്ലെന്നും അത് തികച്ചും വ്യത്യസ്തമായ ഒന്നാണെന്നും ഒരിക്കലും അതിൽ നിന്ന് പിരിഞ്ഞുപോന്നിട്ടില്ലെന്നും താക്കറെ വ്യക്തമാക്കിയിരുന്നു.

 

മറുനാടന്‍ ഡെസ്‌ക്‌

MNM Recommends


Most Read