രാഷ്ട്രീയം

അവസാന പ്രതീക്ഷയായ കേരളത്തിലെ നാണംകെട്ട തോൽവിക്ക് പിന്നിൽ അയ്യപ്പകോപമോ എന്ന് പരിശോധിക്കാനൊരുങ്ങി സിപിഎം; പാർട്ടി ശക്തികേന്ദ്രങ്ങളിലെ വോട്ട് ചോർച്ച അപകടകരമായ സ്ഥിതിയുണ്ടാക്കുമെന്നും വിലയിരുത്തൽ; പാലക്കാടും ആറ്റിങ്ങലും പോയത് എങ്ങനെയെന്ന് പരസ്പരം നോക്കി നേതാക്കൾ; കേന്ദ്രത്തിലെ കോൺഗ്രസിനോടുള്ള മൃദു സമീപനവും യെച്ചൂരി രാഹുൽ സൗഹൃദവും തിരിച്ചടിയായെന്ന് വാദിച്ച് സംസ്ഥാന ഘടകം; സിപിഎം പിബിയിലെ ചർച്ചാ വിഷയങ്ങൾ ഇങ്ങനെ

ഡൽഹി: ലോക്‌സഭ തെരഞ്ഞെടുപ്പിൽ ഇടത്പക്ഷത്തിന്റെ ഏക പ്രതീക്ഷയായ കേരളത്തിൽ പോലും പാർട്ടി ഒരു സീറ്റിൽ ഒതുങ്ങിയതിന്റെ നടുക്കത്തിലാണ് സിപിഎം സംസ്ഥാന ദേശീയ നേതൃത്വങ്ങൾ എല്ലാം തന്നെ. പ്രവർത്തകരും അണികളും അനുഭാവികളും എന്തിന് നിഷ്പക്ഷരായ വോട്ടർമാർ പോലും ഇടത്പക്ഷം നിലനിൽക്കണം എന്ന് ആഗ്രഹിക്കുന്നു. എന്നാൽ ആ ആഗ്രഹം അത്ര എളുപ്പം നടക്കില്ല. കാരണം ശക്തി കേന്ദ്രങ്ങളിൽ പോലും പാർട്ടിക്ക് വോട്ട് ചോർച്ചയുണ്ടായത് പൊളിറ്റ് ബ്യൂറോയെപ്പോലും ഞെട്ടിക്കുന്നുണ്ട്. ശബരിമലയാണോ പാർട്ടിക്ക് തിരിച്ചടിയായത് എന്നും പരിശോധിക്കനുള്ള തയ്യാറെടുപ്പിലാണ് പാർട്ടി.

കേരളത്തിലെ തോൽവി ഗൗരവമായിട്ട് തന്നെയാണ് പാർട്ടി കാണുന്നത്. വിശദമായ അന്വേഷണവും ഉണ്ടാകും. വിവിധ കമ്മിറ്റികൾ കൂടി തോൽവിയുടെ കാര്യങ്ങൾ വിശദമായി തന്നെ പഠിക്കുമെന്ന നിലപാടിലാണ് പാർട്ടി. ഇത്തരം കാര്യങ്ങളൊക്കെ വിശദമായി പരിശോധിക്കും. താഴെ തട്ടിൽ നിന്നുള്ള പരിശോധനകൾ നടത്തും- പിബി യോഗത്തിന് ശേഷം യെച്ചൂരി വ്യക്തമാക്കി. വിശ്വാസി സമൂഹവും മത ന്യൂനപക്ഷങ്ങളും പാർട്ടിക്ക് എതിരാകുന്നത് തിരിച്ചറിയാൻ കേരള ഘടകത്തിന് സാധിച്ചില്ലെന്ന വിമർശനം പോളിറ്റ് ബ്യൂറോയിൽ ഉയർന്നു. ദേശീയ തലത്തിൽ മതേതര സർക്കാരുണ്ടാക്കാൻ കോൺഗ്രസിന് മാത്രമെ സാധിക്കൂ എന്ന ചിന്തയും ഇതിൽ പാർട്ടി ദേശീയ നേതൃത്വം എടുത്ത മൃദുനിലപാടും തിരിച്ചടിക്ക് കാരണമായെന്നാണ് കേരള ഘടകം മറുപടി നൽകിയത്.

അതായത് സീതാറാം യെച്ചൂരി രാഹുൽ ഗാന്ധി സൗഹൃദം തന്നെയാണ് സംസ്ഥാന ഘടകം ഉയർത്തുന്ന വാദം. രാഹുൽ കേരളത്തിൽ തന്നെ മത്സരിക്കാൻ എത്തുകയും ചെയ്തതോടെ ബിജെപി ഇത് ഉയർത്തിക്കാണിക്കുകയും ചെയ്തു. മറ്റ് സംസ്ഥാനങ്ങളിൽ എതിരാളികളായിട്ടല്ല മറിച്ച സഖ്യ സുഹൃത്തുക്കളായി മത്സരിക്കുന്ന കോൺഗ്രസും സിപിഎമ്മും കേരളത്തിൽ മലയാളികളെ പൊട്ടന്മാരാക്കുന്ന എന്ന വാദം ഉയർന്നു. കേരളത്തിലെ സംസ്ഥാന സമിതി യോഗത്തിന് ശേഷം പിബി അംഗങ്ങൾ ബംഗാളിലെയും തൃപുരയിലെയും യോഗങ്ങളിലും പങ്കെടുക്കും. സംസ്ഥാന സമിതികൾ തയ്യാറാക്കുന്ന റിപ്പോർട്ട് ജൂൺ 7 മുതൽ 9 വരെ ചേരുന്ന കേന്ദ്ര കമ്മിറ്റിയും ചർച്ച ചെയ്യും. തെരഞ്ഞെടുപ്പ് പരാജയം വിലയിരുത്താൻ സിപിഐ നേതൃയോഗങ്ങളും ഡൽഹിയിൽ ചേർന്നു.

പ്രധാനമന്ത്രി സ്ഥാനാർത്ഥിയായ രാഹുൽ ഗാന്ധി കേരളത്തിൽ മത്സരിക്കുകയും വയനാടിനെ ഉപേക്ഷിക്കുകയില്ല എന്ന പ്രസ്താവനകളും കൂടി വന്നപ്പോൾ കേന്ദ്രത്തിൽ സിപിഎം എംപി പോയിട്ട് ഒരു കാര്യവും ഇല്ല എന്ന പ്രചാരണങ്ങളും വിജയിച്ചു.ശബരിമല കേരളത്തിലെ പരാജയകാരണമായോ എന്നതടക്കമുള്ള വിഷയങ്ങൾ വിശദമായി പരിശോധിക്കുമെന്ന് രണ്ട് ദിവസത്തെ പോളിറ്റ് ബ്യൂറോ യോഗത്തിന് ശേഷം ജന.സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞു. തെരഞ്ഞെടുപ്പ് ഫലത്തിൽ നിന്ന് പാഠം ഉൾക്കൊണ്ട് ആത്മപരിശോധന നടത്തി മുന്നോട്ടുപോകും. ജനകീയ സമരങ്ങളിലൂടെ സിപിഎം കരുത്തു വർദ്ധിപ്പിക്കും. കേരളത്തിൽ ഒരു സീറ്റ് മാത്രം കിട്ടിയപ്പോൾ പശ്ചിമബംഗാളിൽ 15 ശതമാനത്തിലധികം പാർട്ടി വോട്ടുകൾ ബിജെപിയിലേക്ക് പോയി.

ബംഗാളിൽ പാർട്ടിക്ക് ഉണ്ടായിരുന്ന വോട്ട് വിഹിതം വൻ തോതിൽ കുറഞ്ഞതിനെക്കാൾ വലിയ ഭയം ഉയർത്തുന്നത് സംസ്ഥാനത്ത് ബിജെപി 40 ശതമാനം വോട്ടുകളിലേക്ക് ഉയർന്നു എന്നതാണ്. സിപിഎം ശക്തികേന്ദ്രങ്ങളിലുണ്ടായ വോട്ടുചോർച്ച വിശദമായി പരിശോധിക്കാൻ പോളിറ്റ് ബ്യൂറോ തീരുമാനിച്ചു. ദേശീയ തലത്തിൽ പാർട്ടി നേതൃത്വം കോൺഗ്രസിനോട് സ്വീകരിച്ച മൃദുസമീപനം തിരിച്ചടിക്ക് കാരണമായെന്ന് കേരള ഘടകത്തിന്റെ ആരോപണം കേന്ദ്ര കമ്മിറ്റി പരിശോധിക്കുമെന്ന് സിപിഎം ജന.സെക്രട്ടറി സീതാറാം യെച്ചൂരി വ്യക്തമാക്കി. ശബരിമല പരാജയകാരണമായോ എന്നും പരിശോധിക്കും.

രാജ്യത്ത് ഒറ്റയ്ക്ക് മത്സരിച്ച് പാർട്ടിക്ക് ലഭിച്ചത് ഒരു സീറ്റ് മാത്രമാണ്. എഎം ആരിഫ് എന്ന ജനകീയനായ സ്ഥാനാർത്ഥിയെ ഇറക്കിയിട്ടും താരതമേന്യ ദുർബലയായ ഷാനിമോൾ ഉസ്മാനോട് വിജയിച്ചത് വെറും പതിനായിരം വോട്ടുകൾക്കാണ്. ജനകീയനും മാന്യരിൽ മാന്യനുമായ സതീഷ് ചന്ദ്രനെ പരീക്ഷിച്ചിട്ടും കാസർഗോഡ് കൈവിട്ടതിന് പിന്നിലെ കാരണം പെരിയയിലെ ഇരട്ടക്കൊല തന്നെ. സംസഥാനത്തെ തന്നെ ഏറ്റവും മികച്ച എംപിമാരായ എംബി രാജേഷും എ സമ്പത്തും തോറ്റതും പിബിയിൽ ചർച്ചയായി.

മറുനാടന്‍ മലയാളി ബ്യൂറോ

MNM Recommends


Most Read