രാഷ്ട്രീയം

ഗുജറാത്തിൽ ബിജെപി അധികാരം നിലനിർത്തും; 135 മുതൽ 143 സീറ്റുകൾ വരെ നേടുമെന്ന് പ്രവചിച്ച് എബിപി-സി വോട്ടർ സർവേ; കോൺഗ്രസിന് വൻ തകർച്ച നേരിടും; ആംആദ്മി പാർട്ടി രണ്ട് സീറ്റ് വരെ നേടും; ഹിമാചലിലും ബിജെപിയെന്ന് അഭിപ്രായ സർവേ ഫലം

അഹമ്മദാബാദ്: നിയമസഭാ തിരഞ്ഞെടുപ്പിൽ ഗുജറാത്തിൽ ബിജെപി അധികാരം നിലനിർത്തുമെന്ന് അഭിപ്രായ സർവെ. സംസ്ഥാനത്ത് ഏഴാം തവണയും അധികാരത്തിലെത്തുമെന്നാണ് എബിപി - സിവോട്ടർ സർവെ പ്രവചിക്കുന്നത്. ഗുജറാത്തിന് പുറമെ ഹിമാചൽപ്രദേശിലും മികച്ച വിജയം ബിജെപി ആവർത്തിക്കുമെന്നാണ് സർവേ ഫലം വ്യക്തമാകുന്നത്. ഗുജറാത്തിൽ കോൺഗ്രസിന് വൻ തകർച്ച നേരിടുമെന്നും സർവെയിൽ പറയുന്നു.

1995 മുതൽ ഗുജറാത്തിൽ അധികാരത്തിൽ തുടരുന്ന ബിജെപി 2023ലെ തിരഞ്ഞെടുപ്പിൽ ആകെയുള്ള 182 സീറ്റിൽ 135 മുതൽ 143 സീറ്റുകളിൽ വരെ സ്വന്തമാക്കുമെന്നാണ് പ്രവചിക്കുന്നത്. 2017ൽ 99 സീറ്റുകളിലായിരുന്നു ബിജെപി നേടിയത്, 77 സീറ്റുകളായിരുന്നു കോൺഗ്രസിന്. കോൺഗ്രസിന് ഇത്തവണ 36 - 44 സീറ്റുകളായി ചുരുങ്ങുമെന്ന് സർവെയിൽ ചൂണ്ടിക്കാട്ടുന്നു. പഞ്ചാബിലെ അട്ടിമറി ജയത്തിന് ശേഷം ഗുജറാത്തിലും ശക്തമായി പ്രവർത്തിക്കുന്ന ആംആദ്മി പാർട്ടി 0 - 2 സീറ്റുകൾ വരെ നേടും. 17.4 ശതമാനം വോട്ട് വിഹിതം സ്വന്തമാക്കുമെന്ന് സർവെയിൽ പറയുന്നു.

ബിജെപി വീണ്ടും അധികാരത്തിൽ എത്തുമെങ്കിലും വോട്ട് ശതമാനത്തിൽ കുറവ് ഉണ്ടാകുമെന്ന് സർവെയിൽ പറയുന്നു. 46.8 ശതമാനം വോട്ടുകളായിരിക്കും ബിജെപി സ്വന്തമാക്കുക. എന്നാൽ ഇത് 2017നേക്കാൾ കുറവാണ്. 2017ൽ 49.1 ശതമാനമായിരുന്നു ബിജെപിയുടെ വോട്ട് ശതമാനം. കോൺഗ്രസിന് 32.3 ശതമാനമായിരിക്കും വോട്ട് ഷെയർ. 2017ൽ 44.4 ശതമാനമായിരുന്നു. എഎപി വോട്ട് വിഹിതത്തിൽ നേട്ടമുണ്ടാക്കുമെന്ന് സർവെ വ്യക്തമാക്കുന്നു.

ഹിമാചൽപ്രദേശിലും ബിജെപി തന്നെ അധികാരത്തിലെത്തുമെന്ന് സർവെയിൽ ചൂണ്ടിക്കാട്ടുന്നു. അധികാരത്തിലെത്തുമെങ്കിലും വോട്ട് വിഹിതം കുറയുമെന്ന് സർവെയിൽ പറയുന്നു. 48.8 ശതമാനത്തിൽ നിന്ന് 45.2 ശതമാനത്തിലേക്ക് വോട്ട് വിഹിതം കുറയും. 37 - 48 സീറ്റുകൾ വരെ ബിജെപിക്ക് ലഭിക്കും. കോൺഗ്രസിന് 21 - 29 സീറ്റുകൾ വരെയാണ് സർവെയിൽ പ്രവചിക്കുന്നത്. 41.7 ശതമാനത്തിൽ നിന്ന് 33.9 ശതമാനത്തിലേക്ക് വോട്ട് വിഹിതം കുറയുമെന്നും സർവെ. ആംആദ്മി പാർട്ടി ശക്തമായ പ്രചാരണ ക്യാമ്പയിനുകൾ നടത്തുന്നുണ്ടെങ്കിലും കാര്യമായ ചലനങ്ങൾ ഹിമാചൽ പ്രദേശിൽ ഉണ്ടാക്കാനിടയില്ല. 0 - 1 സീറ്റാണ് പ്രവചനം.

മറുനാടന്‍ മലയാളി ബ്യൂറോ

MNM Recommends


Most Read