വാർത്ത

ലൈംഗികാരോപണം ഒത്തുതീർക്കാൻ നീലച്ചിത്ര നായികയുമായി പണമിടപാട്: കേസിൽ തന്നെ ചൊവ്വാഴ്ച അറസ്റ്റ് ചെയ്തേക്കുമെന്ന് ഡൊണാൾഡ് ട്രംപ്; അണികളോട് പ്രതിഷേധിക്കാൻ ആഹ്വാനം നൽകി മുൻ അമേരിക്കൻ പ്രസിഡന്റ്

വാഷിങ്ടൺ ഡി.സി: ലൈംഗിക ആരോപണക്കേസ് ഒത്തുതീർപ്പാക്കാൻ പോൺ താരത്തിന് പണം നൽകിയെന്ന കേസിൽ തന്നെ അറസ്റ്റു ചെയ്യാൻ സാധ്യതയുണ്ടെന്ന് യു.എസ്. മുൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. തന്നെ പിന്തുണക്കുന്നവരോട് ഇതിനെതിരെ പോരാടണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു. ചൊവ്വാഴ്ച അറസ്റ്റുണ്ടായേക്കുമെന്നും ട്രംപ് തന്റെ സാമൂഹികമാധ്യമ പ്ലാറ്റ്ഫോമായ ട്രൂത്ത് സോഷ്യലിലൂടെ വ്യക്തമാക്കി.

രാജ്യത്തെ തിരിച്ചുപിടിക്കാൻ പ്രതിഷേധിക്കൂവെന്നാണ് അണികളെ ആഹ്വാനം ചെയ്തത്. സ്വന്തം സമൂഹമാധ്യമ പ്ലാറ്റ്‌ഫോമായ ട്രൂത്ത് സോഷ്യലിലൂടെയാണ് ട്രംപിന്റെ ആഹ്വാനം. മാൻഹട്ടൻ ഡിസ്ട്രിക്ട് അറ്റോർണി നടത്തുന്ന അന്വേഷണവുമായി ബന്ധപ്പെട്ടാണ് തന്നെ അറസ്റ്റ് ചെയ്യാനൊരുങ്ങുന്നതെന്ന് ട്രംപ് പറയുന്നു. ചോർന്നുകിട്ടിയതാണ് ഈ വിവരം. തനിക്കെതിരെ ഒരു കുറ്റവും തെളിയിക്കാൻ സാധിച്ചിട്ടില്ല. രാഷ്ട്രീയ പകപോക്കലാണ് നടക്കുന്നതെന്നും ട്രംപ് അവകാശപ്പെട്ടിരുന്നു.



നീലച്ചിത്ര നടി സ്റ്റോമി ഡാനിയലിന് 1,30,000 ഡോളർ (ഏകദേശം 1.07 കോടി രൂപ) നൽകിയ സംഭവത്തിൽ ട്രംപിനെതിരെ മാൻഹട്ടൻ ഡിസ്ട്രിക്ട് അറ്റോർണി അന്വേഷണം നടക്കുന്നുണ്ട്. ട്രംപ് സ്റ്റോമി ഡാനിയലുമായി ബന്ധം പുലർത്തിയിരുന്നതായും 2016ലെ തെരഞ്ഞെടുപ്പുസമയത്ത് ഇവർ ഇക്കാര്യം പുറത്തുപറയാതിരിക്കാൻ പ്രചാരണഫണ്ടിൽ നിന്ന് പണംനൽകി വായടപ്പിച്ചതായുമാണ് ആരോപണം. ഇക്കാര്യത്തിൽ, പണം നൽകിയിരുന്നുവെന്ന് പിന്നീട് സമ്മതിച്ച ട്രംപ് അത് പ്രചാരണഫണ്ടിൽ നിന്നല്ലെന്നാണ് അവകാശപ്പെട്ടത്.

മെലാനിയയുമായുള്ള വിവാഹം കഴിഞ്ഞ് ഒരു വർഷം പിന്നിട്ടപ്പോഴാണ് ട്രംപ് സ്റ്റോമി ഡാനിയേലിനെ കാണുന്നത്. 2006ൽ ഒരു ഗോൾഫ് മൽസരത്തിനിടെയായിരുന്നു ഇത്. തുടർന്ന് 2016ൽ തെരഞ്ഞെടുപ്പ് അടുത്തപ്പോൾ ട്രംപുമായുള്ള ബന്ധത്തെക്കുറിച്ച് 'എ.ബി.സി ന്യൂസി'നോടു സംസാരിക്കാൻ സ്റ്റോമി ഡാനിയേൽ തയാറായി. ഇതിനു പിന്നാലെയാണ് തെരഞ്ഞെടുപ്പിന് ഒരു മാസം മാത്രം ശേഷിക്കെ പണം നൽകി സംഭവം ഒത്തുതീർപ്പാക്കിയത്. ട്രംപിന്റെ അഭിഭാഷകൻ മിഷേൽ കോഹെൻ ആണ് സ്റ്റെഫാനിയുടെ അഭിഭാഷകൻ കെയ്ത് ഡേവിഡ്‌സൺ വഴി പണം കൈമാറിയത്.

സ്റ്റോമിയുമായി എന്തെങ്കിലും തരത്തിലുള്ള ബന്ധമുള്ളതായി ട്രംപ് നിഷേധിച്ചിട്ടുണ്ടെങ്കിലും. തിരഞ്ഞെടുപ്പിന് മുൻപ് തന്റെ പ്രതിഛായയ്ക്ക് മങ്ങലേൽപ്പിക്കാവുന്ന തരത്തിലുള്ള പ്രസ്താവനകൾ നടത്തുന്നതിൽ നിന്നും മൗനം പാലിക്കാനായി ട്രംപ് പണം കൈമാറിയെന്നാണ് നിലനിൽക്കുന്ന ആരോപണം. കേസിൽ അറസ്റ്റ് ചെയ്യപ്പെടുകയാണെങ്കിൽ അമേരിക്കയുടെ ചരിത്രത്തിൽ തന്നെ ആദ്യമായി കുറ്റം ചാർത്തപ്പെടുന്ന മുൻ പ്രസിഡന്റായി 76-കാരനായ ട്രംപ് മാറും. മാൻഹാട്ടൻ ജൂറി കുറ്റം ചുമത്തിയാൽ അദ്ദേഹം കീഴടങ്ങി നിയമനടപടികളുമായി സഹകരിക്കുമെന്നാണ് ട്രംപിന്റെ അഭിഭാഷകർ കഴിഞ്ഞ ദിവസം വാർത്താ മാധ്യമത്തെ അറിയിച്ചത്.

മറുനാടന്‍ മലയാളി ബ്യൂറോ

MNM Recommends


Most Read