വാർത്ത

ഓസ്‌ട്രേലിയയിലെ ഒറ്റപ്പെട്ട ദ്വീപിൽ ട്രക്കിങ്ങിനുപോയ 19-കാരനായ ദമ്പതിമാരും മൂന്ന് വയസ്സുള്ള കുഞ്ഞും 12-കാരനായ സുഹൃത്തും പട്ടിണികിടന്ന് മരിച്ചു; കാർ കേടായതോടെ പുറത്തുകടക്കാനാവാതെ ദാരുണമായി കൊല്ലപ്പെട്ടു

മെൽബൺ: ഓസ്‌ട്രേലിയയിലെ നോർത്തേൺ ടെറിട്ടറിയിലുള്ള ഔട്ട്ബാക്കിൽ ട്രക്കിങ്ങിനുപോയ കൗമാരക്കാരായ ദമ്പതിമാർക്കും അവരുടെ മൂന്നുവയസ്സുള്ള കുഞ്ഞിനും 12-കാരനായ സുഹൃത്തിനും ദാരുണാന്ത്യം. ബുധനാഴ്ചയാണ് ദമ്പതിമാരുടെയും മൂന്നുവയസ്സുള്ള കുഞ്ഞിന്റെയും മൃതദേഹം കണ്ടെത്തിയത്. തകർന്ന നിലയിൽ കണ്ട ഇവരുടെ കാറിൽനിന്ന് നാലര കിലോമീറ്റർ അകലെയാണ് മൂന്ന് മൃതദേഹങ്ങൾ കണ്ടത്. ഇവർക്കൊപ്പം യാത്രചെയ്ത 12-കാരന്റെ മൃതദേഹം പിറ്റേന്ന് നൂറുമീറ്ററോളം അകലെനിന്നും കണ്ടെത്തി.

കൊടുംകാട്ടിൽ യാത്ര ചെയ്യവെ കാർ ബ്രേക്ക് ഡൗണായതോടെയാണ് ഇവർ പെട്ടുപോയത്. അഞ്ചുദിവസത്തോളം കാട്ടിൽപ്പെട്ടുപോയ ഇവർ പട്ടിണി കിടന്നാണ് മരിച്ചതെന്നാണ് കരുതുന്നത്. കൂടുതൽ യാത്രക്കാർ ദുരന്തത്തിൽ പെട്ടിട്ടുണ്ടോ എന്ന് പൊലീസ് അന്വേഷിച്ചുവരികയാണ്. ആലീസ് സ്പ്രിങ്‌സിന് 500 കിലോമീറ്റർ അകലെയുള്ള വാറ വാറയിലേക്ക് പോവുകയായിരുന്നു സംഘത്തിന്റെ ലക്ഷ്യമെന്ന് പൊലീസ് കണ്ടെത്തി. അഞ്ചുമണിക്കൂർ നീണ്ട യാത്രയ്ക്കിടെ ഇവരുടെ കാർ ബ്രേക്ക് ഡൗണാവുകയായിരുന്നു.

കൈയിലുണ്ടായിരുന്ന ഭക്ഷണവും വെള്ളവും തീർന്നതോടെ ഇവർ കാറിൽനിന്ന് ശ്രമപ്പെട്് പുറത്തുവന്ന് സഹായം തേടിയെങ്കിലും ലഭിച്ചില്ലെന്ന് കരുതുന്നു. ഇവരുടെ മൃതദേഹങ്ങൾ കണ്ടെത്തിയതിന് 18 കിലോമീറ്റർ അകലെമാത്രമാണ് ജനവാസമുണ്ടായിരുന്നത്. അവിടേക്കെത്താനായിരുന്നു ദമ്പതിമാർ ശ്രമിച്ചതെന്ന് കരുതുന്നു. ബുധനാഴ്ച ഉച്ചയ്ക്ക് പന്ത്രണ്ടരയോടെ മൃതദേഹങ്ങൾ കണ്ടതായി പ്രദേശത്തെ ഒരു ഹെൽത്ത്‌സെന്ററിൽ ഒരാൾ വിവരമറിയിക്കുകയായിരുന്നു. തുടർന്നു നടത്തിയ തിരച്ചിലിലാണ് പൊലീസ് മൂന്നുപേരുടെ മൃദേഹം കണ്ടെത്തിയത്. നാലാമത്തെയാളുടേത് പിറ്റേന്നും കിട്ടി.

കടുത്ത ചൂടിൽ തളർന്ന ഇവർക്ക് പട്ടിണികിടന്നാണ് മരിച്ചതെന്നാണ് കരുതുന്നത്. 40 ഡിഗ്രിവരെയായിരുന്നു മേഖലയിലെ താപനില. ഇവരുടെ കാർ എങ്ങനെയാണ് തകർന്നതെന്നത് വ്യക്തമല്ല. പ്രദേശത്ത് മൊബൈൽ ഫോണിന് റെയ്ഞ്ചുമുണ്ടായിരുന്നില്ല. കാറിൽ മറ്റ് യാത്രക്കാരുണ്ടായിരുന്നതായി സൂചനയില്ലെങ്കിലും തിരച്ചിൽ അവസാനിപ്പിച്ചിട്ടില്ലെന്ന് സതേൺ ഡെസർട്ട് ഡിവിഷൻ സൂപ്രണ്ട് ജോഡി നോബ്‌സ് പറഞ്ഞു. അപകടത്തെത്തുടർന്നാണ് ദുരന്തമുണ്ടായതെന്നാണ് ആദ്യം കരുതിയത്. പിന്നീടാണ് പട്ടിണിയും ചൂടുമാണ് നാലുപേരുടെയും ജീവനെടുത്തതെന്ന് പൊലീസിന് വ്യക്തമായത്. 

മറുനാടൻ മലയാളി റിപ്പോർട്ടർ editor@marunadanmalayalee.com

MNM Recommends


Most Read