വാർത്ത

നാളുകൾ നീണ്ട ഭീഷണി നടപ്പാക്കാൻ ട്രംപ് ;വ്യാപാര മേഖലയിൽ ഇന്ത്യയും യുഎസും തമ്മിലുള്ള ബന്ധമുലച്ച് ട്രംപിന്റെ പുത്തൻ 'കടുംപിടുത്തം'; ഇന്ത്യയ്ക്ക് നൽകിവന്ന മുൻഗണന അവസാനിപ്പിക്കാൻ തീരുമാനിച്ചത് ഇറക്കുമതി തീരുവ കുറയ്ക്കണമെന്ന നിർദ്ദേശം ഇന്ത്യ നടപ്പാക്കാത്തതിനാലെന്ന് സൂചന; ഇന്ത്യയ്‌ക്കൊപ്പം തുർക്കിയ്‌ക്കെതിരെയും നടപടി; പ്രഖ്യാപനം അറുപത് ദിവസത്തിനകം പ്രാബല്യത്തിൽ വരുമെന്നും യുഎസ് ട്രേഡ് തലവൻ

വാഷിങ്ടൺ: വ്യാപാര രംഗത്ത് ഇന്ത്യയുമായി നാളുകൾ നീണ്ടു നിന്നിരുന്ന ഭീഷണി ഔദ്യോഗികമായി നടപ്പിലാക്കി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. അമേരിക്കയുമായുള്ള വ്യാപാര രംഗത്ത് ഇന്ത്യയ്ക്ക് നൽകിയിരുന്ന മുൻഗണന അവസാനിപ്പിക്കാനാണ് ട്രംപ് ഇപ്പോൾ നിർദ്ദേശം നൽകിയിരിക്കുന്നത്. അമേരിക്കയിൽ നിന്നുള്ള ഉൽപന്നങ്ങൾക്ക് ഇറക്കുമതി തീരുവ കുറയ്ക്കണമെന്ന് അമേരിക്ക മുന്നോട്ട് വച്ച് നിർദ്ദേശം ഇന്ത്യ നടപ്പാക്കിയിരുന്നില്ലെന്നും ഇതിനാലാണ് ട്രംപിന്റെ നടപടിയെന്നുമാണ് ഇപ്പോൾ ലഭിക്കുന്ന സൂചന.

ഇതോടെ ഇന്ത്യയും അമേരിക്കയും തമ്മിലുള്ള വ്യാപാര യുദ്ധം കടുക്കുകയാണെന്ന സൂചനയാണ് ലഭിക്കുന്നത്. അമേരിക്കയും ഇന്ത്യയും തമ്മിൽ കഠിനമായ വ്യാപാര സംഘട്ടനങ്ങളാണ് നടന്നതെന്നും അതിന് ശേഷമാണ് ഈ നടപടികൾ കൈക്കൊള്ളുന്നതെന്നും ട്രംപ് വ്യക്തമാക്കി. മാത്രമല്ല അമേരിക്കയ്ക്ക് ഇന്ത്യൻ വിപണിയിൽ ന്യായമായും യുക്തി സഹജവുമായ അവസരങ്ങൾ ഉറപ്പാക്കാൻ ഇന്ത്യയ്ക്ക് കഴിഞ്ഞിട്ടില്ലെന്നുമാണ് ട്രംപ് അമേരിക്കൻ പ്രതിനിധി സബാ അധികൃതർക്ക് അയച്ച കത്തിൽ വ്യക്തമാക്കിയത്.

അമേരിക്ക ഇന്ത്യയ്ക്കുള്ള മുൻഗണന അവസാനിപ്പിച്ചെന്ന വാർത്ത അമേരിക്കൻ ട്രെഡ് തലവന്റെ ഓഫീസും സ്ഥിരീകരിച്ചിരുന്നു. ജനറലൈസ്ഡ് സിസ്റ്റം ഓഫ് പ്രിഫറൻസ് (ജിഎസ്‌പി) പദ്ധതിയിൽ നിന്ന് ഇന്ത്യയെ നീക്കം ചെയ്തതായി അവർ അറിയിച്ചു. അറുപത് ദിവസങ്ങൾക്ക് ശേഷമായിരിക്കും അമേരിക്കൻ പ്രസിഡന്റിന്റെ പ്രഖ്യാപനം പ്രാബല്യത്തിൽ വരികയെന്നാണ് റിപ്പോർട്ടുകൾ.

ജിഎസ്‌പി പരിപാടിയുടെ ഗുണഭോക്താവ് ഇന്ത്യയായിരുന്നു. അധികാരമേറ്റത് മുതൽ ഇന്ത്യക്കുള്ള ഈ പദവി  അവസാനിപ്പിക്കുമെന്ന് ട്രംപ് ഭീഷണി മുഴക്കിയിരുന്നു. ഇന്ത്യക്ക് പുറമെ തുർക്കിക്കുള്ള മുൻഗണനയും യുഎസ് അവസാനിപ്പിക്കാൻ തീരുമാനിച്ചിട്ടുണ്ട്. 2017-ൽ ഇന്ത്യയുമായുള്ള യുഎസിന്റെ ചരക്കു-സേവന വ്യാപാര കമ്മി 27.3 ബില്യൻ ഡോളറായിരുന്നു.

ട്രംപിനിപ്പോഴും സ്വന്തം കാര്യം സിന്ദാബാദ്

'അമേരിക്ക ഫസ്റ്റ്' എന്നതാണ് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ്് ട്രംപിന്റെ മുദ്രാവാക്യം. മറ്റുരാജ്യങ്ങൾക്ക് എന്തുസംഭവിച്ചാലും പ്രശ്നമില്ല, സ്വന്തം കാര്യം സിന്ദാബാദ് എന്ന നിലപാട്. തങ്ങൾ പറയുന്നത് മറ്റുള്ളവർ അച്ചട്ടായി അനുസരിച്ചുകൊള്ളുമെന്ന ട്രംപിന്റെ മാടമ്പിത്തരത്തിന് അതേ നാണയത്തിൽ തിരിച്ചടി നൽകി ഇന്ത്യ നട്ടെല്ലുയർത്തിയിരിക്കുകയാണ്. ആഭ്യന്തര വിപണി സംരക്ഷിക്കുന്നതിന് അലൂമിനിയം, ഉരുക്ക് ഉത്പന്നങ്ങൾക്ക് ഇറക്കുമതിത്തീരുവ കൂട്ടിയ അമേരിക്കയ്ക്ക് ഇന്ത്യ ശക്തമായ മറുപടി നൽകി.

അമേരിക്കയിൽനിന്ന് ഇറക്കുമതി ചെയ്യുന്ന 30 ഉത്പന്നങ്ങളുടെ തീരുവ 50 ശതമാനം വരെ ഉയർത്തിയാണ് ആഗോള വ്യാപരയുദ്ധത്തിൽ റഷ്യക്കും ചൈനയ്ക്കുമൊപ്പം ചേർന്ന് ഇന്ത്യയും അമേരിക്കയെ വെല്ലുവിളിച്ചത്. ഇറക്കുമതി തീരുവ ഉയർത്താൻ പോകുന്ന ഉത്പന്നങ്ങളുടെ പട്ടിക ലോക വ്യാപാര സംഘടനയ്ക്ക് ഇന്ത്യ കൈമാറുകയും ചെയ്തു. മെയ് മാസത്തിൽ 20 ഉത്പന്നങ്ങളുടെ പട്ടിക ഇന്ത്യ നൽകിയിരുന്നു. അത് പരിഷ്‌കരിച്ചാണ് 30 ഉത്പന്നങ്ങളാക്കി ഉയർത്തിയത്.

ഉരുക്ക്, അലൂമിനിയം ഉത്പന്നങ്ങളുടെ ഇറക്കുമതി തീരുവ അമേരിക്ക ഉയർത്തിയത് ഇന്ത്യയുടെ കയറ്റുമതിയെ ബാധിച്ചിരുന്നു. 1650 കോടിരൂപയോളമാണ് ഇതിലൂടെ ഇന്ത്യക്ക് ബാധ്യതവന്നത്. ഇളവ് അനുവദിക്കാൻ അമേരിക്ക തയ്യാറാകുമെന്നാണ് ഇന്ത്യ കരുതിയിരുന്നത്. എന്നാൽ, അതുണ്ടാകാതെ വന്നതോടെ, ഇന്ത്യയ്ക്കുണ്ടായ അതേ ബാധ്യതയ്ക്ക് അനുസൃതമായി തീരുവ വർധിപ്പിക്കാൻ ഇന്ത്യ തീരുമാനിക്കുകയായിരുന്നു. ഈ മാസം 21 മുതൽ പുതുക്കിയ വില നിലവിൽ വരും.

പതിനായിരം കോടിയിലേറെ രൂപയുടെ ഉരുക്ക്, അലൂമിനിയം ഉത്പന്നങ്ങളാണ് ഇന്ത്യ വർഷംതോറും അമേരിക്കയിലേക്ക് കയറ്റിയയകക്കുന്നത്. ഇറക്കുമതി തീരുവ കൂട്ടിയതോടെ, ഉരുക്ക് കയറ്റുമതിയിൽ 1350 കോടി രൂപയുടെയും അലൂമിനിയം കയറ്റുമതിയിൽ 300 കോടി രൂപയുടെയും അധിക ബാധ്യത ഇന്ത്യക്ക് നേരിടേണ്ടിവന്നു. ഇത് പരിഹരിക്കുന്നതിന് അതേ തുകയ്ക്കുള്ള നികുതി തീരുവ ഇറക്കുമതിയിലും ഏർപ്പെടുത്തുമെന്നാണ് ഇന്ത്യ പ്രഖ്യാപിച്ചിരിക്കുന്നത്. ബദാം, വാൽനട്ട്, ആപ്പിൾ, പയർ, കടല, കാപ്പി, ചോക്ക്ലേറ്റ്, സോയബീൻ, ചരക്കുവാഹനങ്ങൾ, 800 സി.സിയിൽ കൂടുതലുള്ള ആഡംബര ബൈക്കുകൾ എ്ന്നിവ ഇന്ത്യ നൽകിയ പട്ടികയിൽപ്പെടുന്നു. ബൈക്കിന് 50 ശതമാനം, ബദാമിനും വാൽനട്ടിനും 20 ശതമാനം, ആപ്പിളിന് 25 ശതമാനം എന്ന തോതിലാകും നികുതി ചുമത്തുക.

ചൈനയിൽനിന്നുള്ള കയറ്റുമതിയും അമേരിക്കയുടെ ആഭ്യന്തര വിപണിയിൽ പ്രശ്നങ്ങൾ തീർത്തിരുന്നു. ഇതിന് തടയിടാൻ 5000 കോടി ഡോളറിന്റെ ചൈനീസ് ഉത്പന്നങ്ങൾക്ക് 25 ശതമാനം നികുതിയേർപ്പെടുത്താനായിരുന്നു ട്രം്പ് ഭരണകൂടത്തിന്റെ തീരുമാനം. ഇതിന് പകരമായി അത്രതന്നെ തുകയ്ക്കുള്ള അമേരിക്കൻ ഉത്പന്നങ്ങൾക്ക് 25 ശതമാനം നികുതിയേർപ്പെടുത്താൻ ചൈനയും തീരുമാനിച്ചു. അമേരിക്കയിൽനിന്നുള്ള കാർഷികോത്പന്നങ്ങൾക്കും സമുദ്രോത്പന്നങ്ങൾക്കുമാണ് ചൈന നികുതി ചുമത്തിയത്.

ആഗോളവ്യാപാര യുദ്ധത്തിന് വഴിമരുന്നിട്ട് ട്രംപ് ഭരണകൂടത്തിന്റെ നടപടികളോട് റഷ്യയും സമാനമായ നിലപാടെടുത്തിരുന്നു. എന്നാൽ, യൂറോപ്പ് മാത്രമാണ് ഇക്കാര്യത്തിൽ അമേരിക്കയോട് മിതത്വം പാലിച്ചിട്ടുള്ളത്. കാനഡ, യൂറോപ്യൻ യൂണിയൻ രാജ്യങ്ങൾ, മെക്സിക്കോ എന്നിവിടങ്ങളിൽനിന്നുള്ള ഇറക്കുമതിക്കും തീരുവയേർപ്പെടുത്തുമെന്ന് ട്രംപ് കഴിഞ്ഞദിവസം ജി7 ഉച്ചകോടിയിൽ വ്യക്തമാക്കിയിരുന്നു. ഇത് കടുത്ത വിമർശനത്തിന് ഇടവരുത്തുകയും ചെയ്തു.

മറുനാടന്‍ ഡെസ്‌ക്‌

MNM Recommends


Most Read