വാർത്ത

മരിച്ച് പത്ത് ദിവസം ആയപ്പോഴേക്കും ജയലളിത ദൈവമായി കഴിഞ്ഞു; തഞ്ചാവൂരിൽ കസേരയിൽ ഇരിക്കുന്ന ജയലളിതയെ പ്രതിഷ്ഠയാക്കി ക്ഷേത്രം പണി നടക്കുന്നു; രണ്ട് മാസത്തിനകം വിശ്വാസികൾക്ക് പ്രാർത്ഥിക്കാൻ എത്താം

ചെന്നൈ: തമിഴ്‌നാട് മുൻ മുഖ്യമന്ത്രി ജെ. ജയലളിതയ്ക്കായുള്ള ക്ഷേത്രത്തിന്റെ പ്രാഥമിക നിർമ്മാണം പത്തു ദിവസം കൊണ്ട് പൂർത്തിയായി. ദൈവ തുല്യമായ സേവനങ്ങൾ നാടിനു വേണ്ടി ചെയ്ത 'തലൈവി'യ്ക്കായി തഞ്ചാവൂരിലാണ് ക്ഷേത്രം നിർമ്മിച്ചിരിക്കുന്നത്. ജയലളിതയുടെ പിറന്നാൾ ദിവസമായ ഫെബ്രുവരി 24 ന് ജയലളിതയ്ക്കുള്ള സ്മാരകം സ്ഥാപിക്കുമെന്നും അറിയിച്ചിട്ടുണ്ട്. എഐഎഡിഎംകെ നേതാവ് എം സ്വാമിനാഥനാണ് ക്ഷേത്രത്തിന്റെ നിർമ്മാണ പ്രവർത്തികൾക്ക് നേതൃത്വം വഹിക്കുന്നത്.

ജയലളിതയുടെ പ്രതിമയ്ക്ക് ഓർഡർ നൽകിയിട്ടുണ്ടെന്നും ജയലളിതയുടെ പിറന്നാൾ ദിനമായ ഫെബ്രുവരി 24-ന് പ്രതിമ ക്ഷേത്രാങ്കണത്തിൽ സ്ഥാപിക്കുമെന്നും സ്വാമിനാഥൻ പറഞ്ഞു. ജയലളിത തന്റെ കസേരയിൽ ഇരിക്കുന്ന രീതിയിലുള്ളതാകും ക്ഷേത്രത്തിലെ പ്രതിഷ്ഠ. ഈ മാതൃകയിലെ ചിത്രമാണ് ഇപ്പോൾ ക്ഷേത്രത്തിൽ വച്ചിട്ടുള്ളത്. എം.ജി.ആറിന്റെ ചിത്രവും ഒപ്പമുണ്ട്. ജയയുടെ കുട്ടിക്കാലം മുതലുള്ള ഓർമ്മ ചിത്രങ്ങളും ജീവിതത്തിന്റെ വിവിധ കാലഘട്ടങ്ങളും അമ്മ ഭക്തർക്കായി ക്ഷേത്രത്തിന്റെ ചുമരുകളിൽ പതിപ്പിച്ചിട്ടുണ്ട്. ഒരു കെടാവിളക്കും ക്ഷേത്രത്തിൽ സ്ഥാപിച്ചിട്ടുണ്ട്. അങ്ങനെ മരിച്ച് ദിവസങ്ങൾക്കുള്ളിൽ തന്നെ ജയലളിത ദൈവമാവുകയാണ്.

ജനനന്മയ്ക്കും നാടിനുമായി സ്വയം സമർപ്പിച്ച തലൈവിക്കുള്ള ക്ഷേത്രം ഡിസംബർ ഏഴിനാണ് നിർമ്മിച്ച് തുടങ്ങിയതെന്നും പണി പൂർത്തിയായ ക്ഷേത്രം ഉദ്ഘാടനം ചെയ്യാൻ എഐഎഡിഎംകെയുടെ തഞ്ചാവൂർ സെക്രട്ടറിയെ കാത്തിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ജയയുടെ ജനന-മരണ ദിവസങ്ങളിൽ സൗജന്യ ആരോഗ്യ പരിശോധന നടത്താൻ പദ്ധതിയുണ്ടെന്നും സ്വാമിനാഥൻ പറഞ്ഞു. തഞ്ചാവൂരിൽ എ.ഐ.എ.ഡി.എം.കെ. കൗൺസിലറാണ് സ്വാമിനാഥൻ. രണ്ടുലക്ഷം രൂപ ചെലവിട്ട് ഒരാഴ്ച കൊണ്ടാണ് ക്ഷേത്രം പൂർത്തിയാക്കിയതെന്ന് സ്വാമിനാഥൻ പറഞ്ഞു.

സമാനമായ ക്ഷേത്രങ്ങൾ ഇനിയും തമിഴ്‌നാട്ടിൽ ഉയരും. തേനി ജില്ലയിലെ ഒരു പൊലീസ് ഉദ്യോഗസ്ഥനായ ആർ. വേൽമുരുഗനനും ജയലളിതയ്ക്ക് വേണ്ടി ക്ഷേത്രം നിർമ്മിക്കുന്നുണ്ട്. ഇതിനായി ഇയാൾ ജോലിയിൽ നിന്ന് രാജിവച്ചു. തേനിയിലെ ഒഡപ്പട്ടി പൊലീസ് സ്റ്റേഷനിൽ ഉദ്യോഗസ്ഥനായിരുന്നു വേൽമുരുഗൻ. തേനി ജില്ലാ പൊലീസ് മേധാവിക്ക് വേൽമുരുഗൻ രാജി സമർപ്പിച്ചിരുന്നു. ജയലളിതയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചപ്പോൾ അവരുടെ ആരോഗ്യത്തിന് വേണ്ടി പ്രാർത്ഥിക്കുന്നതിന് വേൽമുരുഗൻ കാശിക്ക് പോയിരുന്നു. കാശിയിൽ പോയി പ്രാർത്ഥിച്ചുവെങ്കിലും തന്റെ പ്രാർത്ഥന ദൈവം കേട്ടില്ലെന്ന് വേൽമുരുഗൻ ദുഃഖിതനായി പറഞ്ഞു. ജയയുടെ മരണ വാർത്ത അറിഞ്ഞ ഉടൻ ചെന്നൈയിലും ഇയാൾ എത്തിയിരുന്നു.

വേൽമുരുകന്റെ പിതാവ് രാമയ്യയും പൊലീസിലായിരുന്നു. എം.ജി.ആറിന്റെ രാമാവരത്തെ വസതിയുടെ സുരക്ഷാ ചുമതല രാമയ്യക്കായിരുന്നു. പിതാവിന്റെ പാത പിന്തുടർന്ന് വേൽമുരുഗകനും പൊലീസിൽ ചേർന്നു. 1999 മുതൽ 2002 വരെ ജയലളിതയുടെ വസതിയുടെ സുരക്ഷാ ചുമതലക്കാരനായിരുന്നു വേൽമുരുഗൻ. ജയയുമായുള്ള ഈ സ്നേഹബന്ധമാണ് ജോലി ഉപേക്ഷിച്ച് ക്ഷേത്രം നിർമ്മിക്കാൻ തീരുമാനിച്ചതെന്ന് വേൽമുരുഗൻ പറഞ്ഞു.

എ.ഐ.എ.ഡി.എം.കെയ്ക്ക് ഇനി എന്ത് സംഭവിക്കുമെന്നത് എന്നെ ആശങ്കപ്പെടുത്തുന്നില്ല. എനിക്ക് അമ്മയാണ് എല്ലാം-വേൽമുരുഗൻ പറയുന്നത് ഇങ്ങനെയാണ്.

മറുനാടൻ മലയാളി റിപ്പോർട്ടർ editor@marunadanmalayalee.com

MNM Recommends


Most Read