വാർത്ത

ഓപ്പൺ സർവകലാശാല സാധാരണ സർവകലാശാല പോലെ തന്നെ; മറ്റെന്തെങ്കിലും പ്രത്യേകത കണക്കിലെടുത്തല്ല ഇവിടെ നിയമനം നടത്തുക; ആർക്കെങ്കിലും തെറ്റിദ്ധാരണ ഉണ്ടായെങ്കിൽ അത് നിർഭാഗ്യകരം: ശ്രീനാരായണ ഗുരു ഓപ്പൺ സർവകലാശാല വൈസ് ചാൻസലർ വിവാദത്തിൽ വെള്ളാപ്പള്ളിയെ പരോക്ഷമായി പരിഹസിച്ച് പിണറായി വിജയൻ

 തിരുവനന്തപുരം: ശ്രീനാരായണ ഗുരു ഓപ്പൺ സർവകലാശാല വിവാദത്തിൽ മറുപടിയുമായി മുഖ്യമന്ത്രി. വെള്ളാപ്പള്ളി നടേശനെ പരോക്ഷമായി പരിഹസിക്കുകയും ചെയ്തു. 'ഓപ്പൺ സർവകലാശാല സാധാരണ സർവകലാശാല പോലെ തന്നെ. മറ്റെന്തെങ്കിലും പ്രത്യേകത കണക്കിലെടുത്തല്ല ഇവിടെ നിയമനം നടത്തുക'-മുഖ്യമന്ത്രി പറഞ്ഞു. ആർക്കെങ്കിലും തെറ്റിദ്ധാരണ ഉണ്ടായെങ്കിൽ അത് നിർഭാഗ്യകരമാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

ശ്രീനാരായണ ഗുരു ഓപ്പൺ സർവകലാശാല വൈസ് ചാൻസലറായി ശ്രീനാരായണീയനെ നിയമിച്ചില്ലെന്ന് എസ്എൻഡിപി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ന്യൂനപക്ഷ വിഭാഗത്തിൽപ്പെട്ട ആളെ വിസിയായി നിയമിച്ചെന്ന വെള്ളാപ്പള്ളി വിമർശനത്തിന് കേരളത്തിലെ എല്ലാ സർവകലാശാലകളിലേയും വിസിമാരുടെ പേര് വായിച്ചായിരുന്നുയുടെ പ്രതിരോധം.

എല്ലാ സർവകലാശാലകളിലേയും പോലെ ഇവിടെയും വിസി നിയമനം നടത്തിയത് അക്കാദമികവും ഭരണ മികവും കണക്കിലെടുത്താണ്. ഓപ്പൺ സർവകലാശാലയ്ക്ക് ഗുരുവിന്റെ പേര് നൽകിയത് അദ്ദേഹത്തെ സർക്കാർ തലത്തിൽ ആദരിക്കണം എന്ന തീരുമാനത്തിന്റെ ഭാഗമായാണ്.

ഒരു വിഭാഗം ആളുകൾക്ക് വിദ്യാഭ്യാസം നിഷേധിക്കപ്പെട്ട കാലത്ത് എല്ലാവർക്കും വിദ്യാഭ്യാസം എന്ന ചിന്തയോടെ പ്രവർത്തിച്ച നവോത്ഥാന നായകനാണ് ഗുരു. ആ നിലയ്ക്ക് ആദരിക്കണമെന്ന സർക്കാർ തീരുമാനത്തിന്റെ ഭാഗമായാണ് ഓപ്പൺ സർവകലാശാലയ്ക്കു അദ്ദേഹത്തിന്റെ പേര് നൽകിയത്. നല്ലതിന്റെ കൂടെ നിൽക്കാനാണ് വെള്ളാപ്പള്ളിയെ പോലെയുള്ളവർ ശ്രദ്ധിക്കേണ്ടത്. മറ്റെന്തിങ്കിലും തരത്തിൽ അതിനെ വിലകുറച്ച് കാണാൻ ശ്രമിക്കരുതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

സർക്കാർ ശ്രീനാരായണീയ സമൂഹത്തിന്റെ കണ്ണിൽ കുത്തിയെന്നും മന്ത്രി കെ.ടി ജലീൽ നിർബന്ധിച്ചാണ് പ്രവാസിയെ വിസി ആക്കിയതെന്നുമായിരുന്നു വെള്ളാപ്പള്ളി നടേശന്റെ വിമർശനം. ന്യൂനപക്ഷങ്ങളും സംഘടിത ശക്തികളും ഇരിക്കാൻ പറയുമ്പോൾ കിടക്കുന്ന സംസ്‌കാരമാണ് ഇടതുപക്ഷത്തിന്റേത്. സർവകലാശാല ഉദ്ഘാടനം രാഷ്ട്രീയ മാമാങ്കം ആക്കിമാറ്റിയ സർക്കാർ ഉദ്ഘാടനത്തിന് എസ്എൻഡിപി ഭാരവാഹികളെ ക്ഷണിച്ചില്ലെന്നും വെള്ളാപ്പള്ളി കുറ്റപ്പെടുത്തിയിരുന്നു.

മറുനാടന്‍ മലയാളി ബ്യൂറോ

MNM Recommends


Most Read