വാർത്ത

ബ്രിട്ടനിൽ രോഗവും മരണവും പടരുന്നത് കാട്ടുതീ പോലെ; ഇന്നലെ മാത്രം 113 പേർ മരിച്ചപ്പോൾ ആകെ മരണം 578 ആയി; ഇന്നലെ മാത്രം 2100 പേർക്ക് രോഗം സ്ഥിരീകരിച്ചപ്പോൾ കൊറോണാ ബാധിതരുടെ എണ്ണം 12,000 ആയി ഉയർന്നു;ഇറ്റലിക്കും, സ്‌പെയിനിനും അമേരിക്കക്കും പിന്നാലെ കോവിഡ്19 ഏറ്റവും ശക്തമായി പടർന്നത് ബ്രിട്ടനിൽ

ലണ്ടൻ: ഇതുവരെയുള്ള ബ്രിട്ടന്റെ ചരിത്രത്തിൽ ഏറ്റവും ഇരുണ്ട ദിവസമായിരുന്നു ഇന്നലെ. ലോകത്തെയാകമാനം ആക്രമിച്ചു കീഴടക്കിക്കൊണ്ട് മുന്നേറുന്ന കൊറോണയുടെ പിടിയിൽ ജീവൻ നഷ്ടപ്പെട്ടവരുടെ എണ്ണം ഇന്നലെ മാത്രം 113. ഇതോടെ മരണത്തിനു കീഴടങ്ങിയ ബ്രിട്ടീഷ് പൗരന്മാരുടെ എണ്ണം 2100 ആയി ഉയർന്നു. രോഗത്തെ ചെറുക്കാൻ സ്വീകരിച്ച നടപടികളൊന്നും ഫലപ്രദമല്ലെന്ന് തെളിയിച്ചുകൊണ്ട് രോഗബാധിതരുടെ എണ്ണം വീണ്ടും ഉയരുകയാണ്. ഏതാണ്ട് 12,000 ത്തിന്റെ അടുത്തെത്തി നിൽക്കുന്നു രോഗം സ്ഥിരീകരിക്കപ്പെട്ടവരുടെ എണ്ണം.

തൊട്ടു മുൻപത്തെ ദിവസം മരണസംഖ്യ 43 ആയിരുന്നു.പ്രധാനമന്ത്രി ബോറിസ് ജോൺസൺ എടുത്ത കർശന നടപടികൾ ഫലം കണ്ടു തുടങ്ങി എന്നതിന്റെ സൂചനയായി ഇതിനെ കണ്ട് ജനങ്ങൾ ആശ്വസിക്കാൻ തുടങ്ങുമ്പോഴാണ് ഇന്നലെ ഒരൊറ്റ ദിവസത്തിൽ 113 മരണങ്ങൾ രേഖപ്പെടുത്തിയത്. എന്നാൽ ഉദ്യോഗസ്ഥർ മരണസംഖ്യ കണക്കാക്കുന്ന കാലയളവിൽ മാറ്റിയ വ്യത്യാസമാണ് ഈ കുതിച്ചു കയറ്റത്തിന് കാരണമെന്നാണ് ഇപ്പോൾ വിശദമാക്കുന്നത്. ഇന്നലെ 24 മണിക്കൂർ കാലയളവിലെ മരണം കണക്കാക്കിയപ്പോൾ, തൊട്ട്മുൻപത്തെ ദിവസം കണക്കിലെടുത്തത് വെറും 8 മണീക്കൂർ സമയത്തെ മരണങ്ങൾ ആയിരുന്നത്രെ. അതായത്, ഈ 24 മണിക്കൂറിനുള്ളിൽ സംഭവിച്ച മരണങ്ങൾ മാത്രമായിരിക്കില്ലത്, മരണകാരണം സ്ഥിരീകരിച്ചുകൊണ്ട് ഇക്കാലയളവിൽ പോസ്റ്റുമോർട്ടം റിപ്പോർട്ടുകൾ വരുന്ന മരണങ്ങളും ഇതിൽ ചേർക്കപ്പെടും, യഥാർത്ഥത്തിൽ മരണം സംഭവിച്ചത് ഒന്നോ രണ്ടോ ദിവസം മുൻപാണെങ്കിലും.

സർക്കാർ ശാസ്ത്രജ്ഞർ തന്നെ സമ്മതിക്കുന്നത് ഓരോ മരണത്തിനും ആനുപാതികമായി 1000 രോഗികളെങ്കിലും ഉണ്ടാകുമെന്നാണ്. അങ്ങിനെയാണെങ്കിൽ യഥാർത്ഥത്തിലെ രോഗബാധിതരുടെ എണ്ണം ഇപ്പോൾ തന്നെ 600,000 ആകാനാണ് സാധ്യത. ആശുപത്രികളിൽ വരുന്നവരെ മാത്രം പരിശോധനക്ക് വിധേയരാക്കിയാൽ മതി എന്ന നമ്പർ 10 ഡൗണിങ് സ്ട്രീറ്റിന്റെ തീരുമാനം വളരെയധികം വിമർശനങ്ങൾ ഏറ്റുവാങ്ങിയിരുന്നു. ഇത് രോഗബാധിതരുടെ യഥാർത്ഥ എണ്ണം കണ്ടുപിടിക്കാൻ സഹായിക്കുകയില്ല എന്നായിരുന്നു വിമർശകരുടെ വാദം.അത് വളരെ ശരിയാണ് താനും. ഇങ്ങനെ നോക്കിയാൽ തന്നെ യഥാർത്ഥ രോഗികളുടെ എണ്ണം സർക്കാർ കണക്കുകളുടെ പതിന്മടങ്ങായിരിക്കുമെന്നതിൽ സംശയമൊന്നുമില്ല.

സ്വയം തൊഴിൽ സംരംഭകർക്കും തൊഴിലാളികൾക്കും പ്രതിമാസം 2500 പൗണ്ട് ക്യാഷ് പേയ്മെന്റ് നൽകുന്ന പദ്ധതി ചാൻസലർ റിഷി സുനാക് പ്രഖ്യാപിക്കുന്നതിനിടയിലാണ് എറ്റവും ഒടുവിലത്തെ സ്ഥിതിവിവരക്കണക്കുകൾ പുറത്ത് വന്നത്. കഴിഞ്ഞയാഴ്‌ച്ച ജീവനക്കാർക്ക് വലിയൊരു സമാശ്വാസ പാക്കേജ് പ്രഖ്യാപിച്ചതിനു ശേഷമാണ് ഇന്ന് ടാക്‌സി ഡ്രൈവർമാർ, സംഗീതജ്ഞർ, ജിഗ് എക്കോണമി വർക്കേഴ്‌സ്, ഫ്രീലാൻസേഴ്സ് തുടങ്ങിയവർക്കായുള്ള പാക്കേജ് പ്രഖ്യാപിച്ചത്. ജോലിസ്ഥിരതയില്ലാത്ത ഇക്കൂട്ടർ, തൊഴിലിനെക്കുറിച്ചും വരുമാനത്തെക്കുറിച്ചും ആശങ്കപ്പെടുകയാണെന്നറിയാം എന്നു പറഞ്ഞുകൊണ്ടാണ് സർക്കാർ അവരുടെ കാര്യവും നോക്കുമെന്ന് ചൻസലർ പറഞ്ഞത്.

മരണനിരക്ക് വർദ്ധിച്ചതോടെ കൂടുതൽ കർശനമായി ലോക്ക്ഡൗൺ നടപ്പാക്കാനുറച്ച് പൊലീസ് രംഗത്തിറങ്ങി.പലയിടത്തും ബാരിക്കേഡുകൾ വച്ച് ഗതാഗതം തടസ്സപ്പെടുത്തുകയും കാറുകൾ തടഞ്ഞു നിർത്തി യത്രക്കാരുടെ വിവരങ്ങളും യാത്രോദ്ദേശവും ചോദിച്ചറിയുവാനും ആരംഭിച്ചിട്ടുണ്ട്. വളർത്തുനായ്ക്കളുമായി നടക്കാനിറങ്ങുന്നവരെ നിരീക്ഷിക്കാൻ ഡ്രോണുകൾ വരെ ഉപയോഗിക്കുന്നു. പൊലീസിന്റെ ഇത്തരത്തിലുള്ള നടപടികൾക്കെതിരെ ചില കോണുകളിൽ നിന്നും, പ്രത്യേകിച്ചും ചില സിവിൽ ലിബർട്ടീസ് ഗ്രൂപ്പുകൾ വിമർശനങ്ങളും ഉയരുന്നുണ്ട്.

ഡെർബിഷെയർ പൊലീസ്, അൺമാൻഡ് എയർക്രാഫ്റ്റ് വരെ യാത്ര ചെയ്യുന്നവരെ നിരീക്ഷിക്കാൻ ഉപയോഗിക്കുമ്പോൾ, ടൈൻസൈഡ് നോർത്തമ്പ്‌റിയ പൊലീസ്, രണ്ടു പേരിലധികം കൂട്ടം കൂടുന്നതിൽ വിലക്കുള്ളതുകൊണ്ട് ഒരു ഫുട്‌ബോൾ മാച്ച് തടയുകയുണ്ടായി. നോർത്ത് യോർക്ക്ഷയർ പൊലീസും പുതിയ ചെക്ക്‌പോസ്റ്റുകൾ ഉണ്ടാക്കുമെന്നും വാഹനങ്ങൾ തടഞ്ഞ് യാത്രോദ്ദേശം ചോദിച്ചറിയും എന്ന് അറിയിച്ചിട്ടുണ്ട്. അനാവശ്യ യാത്രകൾ ഒഴിവാക്കുക എന്ന ഉദ്ദേശത്തോടുകൂടിയാണ് ഈ നടപടികൾ. ആളുകൾ സർക്കാർ നിർദ്ദേശങ്ങൾ കൃത്യമായി പാലിക്കുന്നു എന്ന് ഉറപ്പാക്കുന്നതിന്റെ പൂർണ്ണ ഉത്തരവാദിത്തം പൊലീസിന് നൽകിയിരിക്കുകയാണ്. നിർദ്ദേശങ്ങൾ ലംഘിച്ച് പുറത്തിറങ്ങുന്നവർക്ക് 60 പൗണ്ട് പിഴ ഉൾപ്പടെ കഠിനമായ പല ശിക്ഷകളും ഉണ്ടായേക്കുമെന്നാണ് അറിയുന്നത്. ഇതിനിടയിൽ സ്വാൻസീയിൽ ട്രെയിനുകളും തടഞ്ഞ്, യാത്രക്കാരുടെ യാത്ര അത്യാവശ്യത്തിനാണോ എന്ന് ചോദിച്ചറിയുവാനും തുടങ്ങിയിട്ടുണ്ട്.

ഇന്നലെ പ്രഖ്യാപിച്ച സ്വയം തൊഴിൽ കണ്ടെത്തിയവർക്കുള്ള സഹായത്തിനെ കുറിച്ച് ഇതിനിടയിൽ ചില വിമർശനങ്ങളു ഉയർന്നിട്ടുണ്ട്. കഴിഞ്ഞ മൂന്നു വർഷങ്ങളിലെ ലാഭം കണക്കാക്കി ശരാശരി മാസ ലാഭത്തിന്റെ 80% ആണ് പ്രതിമാസ സഹായമായി പ്രഖ്യാപിച്ചിട്ടുള്ളത്. എന്നാൽ ഇതിന് 2500 പൗണ്ടിന്റെ പരിധി കല്പിച്ചിട്ടുമുണ്ട്. ഏകദേശം 200,000 ത്തോളം വരുന്ന 50,000 പൗണ്ടിൽ അധികം വാർഷിക ലാഭം നേടുന്നവർക്ക് ഇതിന് അർഹതയുണ്ടാകില്ല. ടാക്‌സ് റെക്കോർഡുകൾ പ്രകാരം ഏകദേശം 3.8 മില്ല്യൺ ആളുകൾക്ക് ഈ പദ്ധതിയുടെ പ്രയോജനം ലഭിക്കുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

അതേസമയം സ്‌കോട്ട്ലാന്റ് പൊലീസിന്, ലോക്ക്ഡൗൺ നിർദ്ദേശങ്ങൾ അനുസരിക്കാത്തവർക്കെതിരെ കൂടുതൽ കർശന നടപടികളെടുക്കാൻ അധികാരം നൽകിയതായി സർക്കാർ വൃത്തങ്ങൾ അറിയിച്ചു.

മറുനാടന്‍ മലയാളി ബ്യൂറോ

MNM Recommends


Most Read