വാർത്ത

അറുബാ ഹത്തുരബ കംബറ, സ്‌റ്റേജിലേക്ക് കൊണ്ടു വന്നാട്ടെ.... ബാംബറബ, ഷുക്കാറബ, കബാറ... അമ്മ എത്തിയത് ശവവുമായി... തിരിച്ചു പോയത് ജീവനുള്ള കുഞ്ഞുമായി; രോഗശാന്തി ശുശ്രൂഷയിലെ ഉയിർത്തെഴുന്നേൽപ്പ് വീഡിയോ കാണാം

കോട്ടയം: രോഗശാന്തി ശുശ്രൂഷകൾ പലതും മലയാളി കണ്ടിട്ടുണ്ട്. അതിനെ എല്ലാം കടത്തി വടുന്നതാണ് ബ്രദർ അനി ജോർജിന്റെ അൽഭുത പ്രവർത്തി. മരിച്ച കുട്ടിയെ പോലും ഉയർത്തെഴുന്നേൽപ്പിക്കുന്ന അൽഭുത രോഗശാന്തിയാണ് ഇത്. പ്രാർത്ഥനയിലൂടെ രോഗം മാറുമെന്ന് വിശ്വസിപ്പിക്കുക, ദൈവത്തെ പ്രീതിപ്പെടുത്തി ധനം ആർജ്ജിക്കാമെന്ന് വിശ്വസിപ്പിക്കുക, പിശാചുബാധ ആരോപിച്ച് പീഡിപ്പിക്കുക, പിശാചു ബാധ ഒഴിപ്പിക്കൽ, പുനർ ജന്മമാണെന്ന് അവകാശപ്പെടുക തുടങ്ങിയ അവകാശവാദത്തിന് അപ്പുറത്തേക്ക് രോഗ ശാന്തി പ്രാർത്ഥന മാറുന്നു.

യുടൂബിലെ അനി ജോർജിന്റെ രോഗ ശാന്തി വിഡിയോ ആണ് ഏവരേയും അൽഭുതപ്പെടുത്തുന്നത്. രോഗ ശാന്തി പ്രാർത്ഥനയ്ക്ക് എത്തിയ അമ്മയുടെ കൈയിലിരുന്ന് കുട്ടി മരിക്കുന്നു. പകച്ചു പോയ അമ്മ വേദനയുമായി കുട്ടിയെ എടുത്ത് രോഗശാന്തി ശുശ്രൂഷയുടെ മുഖ്യ വേദിയിൽ എത്തുന്നു. പിന്നെയെല്ലാം നിമിഷ നേരം കൊണ്ട് അനി ജോർജ് ശരിയാക്കുന്നു. യേശു നിന്റെ കാര്യത്തിൽ ഇടപെടാൻ പോകുന്നു; അറുബാ ഹത്തുരബ കംബറ, സ്‌റ്റേജിലേക്ക് കൊണ്ടു വന്നാട്ടെ.... ബാംബറബ, ഷുക്കാറബ, കബാറ....യേശുവിന്റെ നാമത്തിൽ.... മരിച്ചെന്നാണ് കുഞ്ഞിന്റെ അമ്മ പറയുന്നത്...... ലാസറിനെ ഉയർത്തെഴുന്നേൽപ്പിച്ച യേശു ഇവനേയും ഉയർത്തെഴുന്നേൽപ്പിക്കുമെന്ന് പറഞ്ഞ് കുട്ടിയെ തോളിലെടുക്കുന്നു.

പന്നെ രോഗശാന്തി പ്രാർത്ഥന. എല്ലാവരോടും എഴുന്നേറ്റു നിന്ന് ഹല്ലേലൂയാ പാടാൻ പറയുന്നു. തുടർന്ന് കുട്ടിയെ തോളിലെടുത്തു. മുഖത്ത് തടവി... അപ്പോൾ കണ്ണുറന്നു. പിന്നെ നിലത്തു നിറുത്തി ചില പ്രാർത്ഥനകൾ... ഹൃദയത്തിൽ വിരലുകൊണ്ട് അമർത്തി..... ഹൃദയപ്രവർത്തനവും സാധാരണ ഗതിയിലാക്കി. പിന്നെ കുട്ടിയെ ഉയർത്തി കൈപൊക്കി കാട്ടി. ഹല്ലേലൂയാ പറയാൻ കുട്ടിയോട് ആവശ്യപ്പെടുന്നു. ഇതോടെ മരിച്ച കുട്ടി ജീവിച്ചെന്ന പ്രഖ്യാപനവും. അങ്ങനെ എല്ലാവരേയും അൽഭുതപ്പെടുത്തി മരിച്ച കുട്ടിയെ ഉയർത്തെഴുന്നേൽപ്പിക്കുന്നു. വിശ്വാസികൾ ആനന്ദ നൃത്വത്തിൽ. പിന്നെ സ്തുതി ഗീതങ്ങളും.

അടുത്ത ദിവസവും ഈ കുട്ടിയേയും അമ്മയേയും രോഗശാന്തി പ്രാർത്ഥനാ സ്ഥലത്ത് എത്തിയിട്ടുണ്ട്. അവരിൽ നിന്ന് കാര്യങ്ങൾ ചോദിച്ച് ജീവൻ തിരിച്ചു കൊടുത്ത കഥ വീണ്ടും അവതരിപ്പിക്കുന്നു. അമ്മയെ കൊണ്ട് തന്നെ അവിശ്വസനീയമായ കാര്യങ്ങൾ പറയിക്കുന്നു. കണ്ണ് എല്ലാം മിഴഞ്ഞ് പോയി, പെട്ടെന്ന് മുഖമെല്ലാം കോടി, അനക്കമല്ലാതെ ഇരുന്നു. കണ്ടപ്പോഴെ കുഞ്ഞിന്റെ ജീവൻ പോയെന്ന് മനസ്സിലായി. ഈ അമ്മയുടെ വാക്കുകൾ പ്രാർത്ഥനയുടെ മഹത്വത്തെ ഉയർത്തിക്കാൻ ബ്രദർ ആനി ജോർജ് ഉപയോഗിക്കുന്നു. ഇത് കടംങ്കഥയല്ല.... ഈ പന്തലിൽ ഇരുന്ന് മരിച്ചു... ഇപ്പോൾ യേശു നമ്മുടെ നടുവിൽ നിറുത്തിയിരിക്കുന്നു..... മരിച്ചെന്ന് പറഞ്ഞവൻ സംസാരിക്കുന്നു...ഒരു അമ്മ എവിടെ എത്തിയത് ശവവുമായി.... തിരിച്ചു പോയത് ജീവനുള്ള കുഞ്ഞുമായി-ആനി ജോർജ് വിശദീകരിക്കുന്നു.

ഇത്തരം രോഗ ശാന്തി ശുശ്രൂഷകളെ കുറിച്ച് നിരവധി പരാതികൾ പൊലീസിന് ലഭിച്ചിട്ടുണ്ട്. അതിന്റെ അടിസ്ഥാനത്തിൽ ഇതൊക്കെ നിയന്ത്രിക്കാൻ നിയമനിർമ്മാണത്തിനുള്ള തയ്യാറെടുപ്പിലാണ് സംസ്ഥാന സർക്കാർ. ഇത്തരം രോഗശാന്തി ശുദ്ധ തട്ടിപ്പെന്ന് കണ്ടെത്താൻ റോക്കറ്റ് ടെക്‌നോളജി പഠിക്കേണ്ട കാര്യമില്ല, സാമാന്യ ബുദ്ധി മാത്രം മതിയെന്നാണ് ആരോഗ്യ രംഗത്തെ പ്രമുഖരുടെ നിലപാട്. തട്ടിപ്പുകളുടെ കള്ളത്തരം പുറത്താകാതിരിക്കാൻ ആരേയും ഫോട്ടോ എടുക്കാനും അനുവദിക്കില്ല. ഗുണ്ടകളുടെ സജീവസാന്നിധ്യത്തിലാകും ശുശ്രൂഷകൾ നടക്കുക. തട്ടിപ്പ് വിഡിയോകൾ യൂടൂബിലൂടെ പ്രചരിപ്പിച്ച് പാവം വിശ്വാസികളെ തങ്ങളിലേക്ക് അടുപ്പിക്കുകയും ചെയ്യും.

'തട്ടിപ്പ് പുറത്താകുമോ എന്ന ഭയമാണ് ഫോട്ടോ അനുവദിക്കാത്തതെന്നും, ആളുകളെ ബോധശൂന്യരാക്കാൻ ഹിപ്‌നോട്ടിസം കൂടാതെ മൈക്രോഫോണിലെ രഹസ്യ അറയിലും ഫുൾകൈ ഷർട്ടിനുള്ളിലും ഒളിപ്പിച്ച രാസവസ്തു പ്രയോഗിക്കുന്നതായി സംശയമുണ്ടെന്നും, മാരക രോഗങ്ങൾ ഭേദമായി എന്ന് സാക്ഷ്യം പറയാൻ അനേകം മികച്ച 'അഭിനേതാക്കൾ' സംഘത്തിലുണ്ടാകുമെന്നുമാണ്് വിവരമെന്നും, നിയന്ത്രിത സാഹചര്യത്തിൽ മെഡിക്കൽ ബോർഡിന് മുമ്പാകെ ക്യാൻസറെന്നല്ല ഒരു ജലദോഷം പോലും യേശുക്രിസ്തുവിന്റെ നാമത്തിൽ സൗഖ്യമാക്കാനുള്ള ശേഷി ആർക്കുമില്ലെന്നും'ന്നും വിദഗ്ദ്ധർ തന്നെ പറയുന്നു.

ആത്മീയതയുടെ പേരിൽ തട്ടിപ്പ് നടത്തുന്നവരുടെ കാലം അവസാനിക്കുന്നു. 'ധന ആകർഷക യന്ത്ര' ഉൽപ്പാദകർ, മാന്ത്രിക ഏലസ്, ചാത്തൻ സേവ ,ചുടല, വെള്ളി മൂങ്ങ, ഇരുതല മൂരി, ഇറിഡിയം, സ്വർണ്ണച്ചേന തുടങ്ങി മുഴുവൻ ആത്മീയ തട്ടിപ്പ് സംഘങ്ങൾക്കും തടയിടാനുള്ള നിയമം അണിയറയിൽ ഒരുങ്ങുകയാണ്. ഇതോടെ ആത്മീയ തട്ടിപ്പ് കുറ്റകൃത്യങ്ങൾ സംസ്ഥാനത്ത് കുറയുമെന്നാണ് ആഭ്യന്തര വകുപ്പിന്റെ വിലയിരുത്തൽ. ഇത്തരം തട്ടിപ്പുകളിൽ സ്ത്രീകൾ നിരന്തര പീഡിപ്പിക്കപ്പെടുന്ന സാഹചര്യത്തിലാണ് നിയമ നിർമ്മാണം. മഹാരാഷ്ട്രിയിൽ നിലവിലുള്ള അന്ധവിശ്വാസ വിരുദ്ധ നിയമത്തെ ചുവടു പിടിച്ചാണ് നീക്കം.

പ്രാർത്ഥനയിലൂടെ രോഗം മാറുമെന്ന് വിശ്വസിപ്പിക്കുക, ദൈവത്തെ പ്രീതിപ്പെടുത്തി ധനം ആർജ്ജിക്കാമെന്ന് വിശ്വസിപ്പിക്കുക, പിശാചുബാധ ആരോപിച്ച് പീഡിപ്പിക്കുക, പിശാചു ബാധ ഒഴിപ്പിക്കൽ, പുനർ ജന്മമാണെന്ന് അവകാശപ്പെടുക, ദുരാത്മാവ് മൂലമാണ് രോഗമെന്ന് പറഞ്ഞ് ചികിത്സിക്കാതിരിക്കുക, മന്ത്രവാദം, നരബലി, അമാനുഷിക ശക്തിയുണ്ടെന്ന് പ്രചരിപ്പിക്കുക, നരബലിക്ക് ഒത്താശ ചെയ്യുക, ഭിന്നശേഷിയുള്ള ആളിന് അമാനുഷിക ശക്തിയുണ്ടെന്ന് പ്രചരിപ്പിച്ച് ധനം സമ്പാധിക്കുക എന്നിവയും ഈ നിയമപ്രകാരം ജാമ്യം ലഭിക്കാത്ത കുറ്റങ്ങളാവും.

മറുനാടൻ മലയാളി റിപ്പോർട്ടർ editor@marunadanmalayalee.com

MNM Recommends


Most Read