വാർത്ത

ഫ്രാൻസിൽ ഹിജാബ് ധരിച്ചാൽ അറസ്റ്റ്; സ്വിറ്റ്‌സർലന്റിൽ പിഴ 150 യുറോ വരെ; ഇറാനിലാകട്ടെ ഹിജാബ് ധരിച്ചില്ലെങ്കിൽ പണി കിട്ടും; കർണ്ണാടകയിലെ വിവാദം ലോകം ശ്രദ്ധിക്കുമ്പോൾ വിവിധ രാജ്യങ്ങളിലെ ഹിജാബ് നിയമങ്ങൾ അറിയാം

തിരുവനന്തപുരം: കർണ്ണാടകയിലെ ഹിജാബ് വിവാദം ലോകത്തിന്റെ തന്നെ ശ്രദ്ധ നേടുകയാണ്.വിഷയത്തിൽ പ്രതികരണവുമായി മലാല യുസഫ് സായി ഉൾപ്പടെ രംഗത്തെത്തി.ഹിജാബ് ധരിച്ച പെൺകുട്ടികളെ സ്‌കൂളുകളിൽ പ്രവേശിപ്പിക്കാത്തത് ഭയാനകമാണ്. ഇന്ത്യൻ നേതാക്കൾ മുസ്ലിം സ്ത്രീകളെ പാർശ്വവത്കരിക്കുന്നത് നിർത്തണമെന്നും മലാല പറഞ്ഞു. തന്റെ ട്വിറ്ററിലൂടെയാണ് മലാല യൂസഫ് സായ് കർണാടകയിലെ ഹിജാബ് വിവാദത്തിനെതിരെ പ്രതികരിച്ചത്.

'പഠനമോ ഹിജാബോ തിരഞ്ഞെടുക്കാൻ കോളേജ് അധികൃതർ ഞങ്ങളെ നിർബന്ധിക്കുന്നു. കൂടിയ വസ്ത്രം ധരിക്കണമോ കുറഞ്ഞ വസ്ത്രം ധരിക്കണമോ എന്ന കാര്യത്തിൽ സ്ത്രീകൾക്കിടയിൽ തന്നെ അഭിപ്രായ വ്യത്യാസമുണ്ട്. വസ്ത്രത്തിന്റെ കാര്യത്തിൽ ഇന്ത്യൻ മുസ്ലിം സ്ത്രീകളെ പാർശ്വവത്കരിക്കുന്നത് അവസാനിപ്പിക്കണം.' മലാല യൂസഫ് സായ് ട്വിറ്ററിൽ കുറിച്ചു.ഇങ്ങനെ ലോകത്തിന്റെ തന്നെ ശ്രദ്ധ വിഷയത്തിലേക്ക് പതിഞ്ഞിരിക്കുകയാണ്.

ഹിജാബ് ചർച്ചകളിൽ നിറയുമ്പോൾ വിഷയത്തിൽ വിവിധ നിലപാടുകളാണ് രാജ്യം സ്വീകരിക്കുന്നത്.ചില രാജ്യങ്ങളിൽ ഹിജാബ് ധരിക്കുന്നത് കുറ്റകരമാണെങ്കിൽ മറ്റ് ചില രാജ്യങ്ങൾ ഹിജാബ് ധരിക്കാത്തതിനെയാണ് കുറ്റം പറയുന്നത്.ഇന്ത്യയിൽ മാത്രമല്ല മറ്റ് രാജ്യങ്ങളിലും പ്രത്യേകിച്ച് യൂറോപ്യൻ രാജ്യങ്ങളിലും ഹിജാബ്, ബുർഖ, നിഖാബ് തുടങ്ങിയ ഇസ്ലാമിക വസ്ത്രങ്ങൾ വിവാദ വിഷയമാണ്.ഫ്രാൻസുൾപ്പെടെയള്ള യൂറോപ്യൻ രാജ്യങ്ങളിൽ ഹിജാബ്, ബുർഖ പോലുള്ള വസ്ത്രങ്ങൾക്കെതിരെ ജനങ്ങൾക്കിടയിൽ ശക്തമായ എതിർപ്പുണ്ട്. ഇവ ധരിക്കുന്നതിനെതിരെ നിയമങ്ങളുമുണ്ട്.എന്നാൽ ഇറാനുൾപ്പെടെയുള്ള ഇസ്ലാമിക രാജ്യങ്ങളിൽ ഹിജാബ് ധരിക്കാതിരിക്കുന്നതാണ് പിഴയാടാക്കാവുന്ന കുറ്റം. രാജ്യത്തെ ഭരണകൂടം സ്ത്രീകൾ നിർബന്ധമായും തലമറയ്ക്കണമെന്ന് നിഷ്‌കർഷിക്കുന്നു

ഫ്രാൻസ്

ഫ്രാൻസിൽ മുഖം മറയ്ക്കുന്ന നിഖാബ് ധരിക്കുന്നത് നിയമപ്രകാരം വിലക്കിയിട്ടുണ്ട്. 2010-11 വർഷങ്ങളിലാണ് ഫ്രാൻസിൽ നിഖാബ് നിരോധനം വരുന്നത്. പ്രായപൂർത്തിയാവാത്ത പെൺകുട്ടികൾക്ക് സ്‌കൂളിൽ തട്ടം ധരിക്കുന്നതിനും നിരോധനമുണ്ട്. ഇതുവരെ 1500 ലേറെ പേർ രാജ്യത്ത്് മുഖാവരം വിലക്ക് ലംഘിച്ചതിന്റെ പേരിൽ അറസ്റ്റിലായിട്ടുണ്ട്. അടുത്തിടെ കായിക മത്സരങ്ങളിൽ പങ്കെടുക്കുവർ ഹിജാബ് ധരിക്കുന്നത് വിലക്കുന്ന നിയമവും ഫ്രാൻസിലെ സെനറ്റിലെത്തി.

ഹിജാബിനോട് ഫ്രഞ്ച് സമൂഹത്തിലെ ഭൂരിപക്ഷത്തിനും എതിരഭിപ്രായമാണ്. രാജ്യത്തെ ഭരണപക്ഷവും പ്രതിപക്ഷവും ഇക്കാര്യത്തിൽ ഏറെക്കുറെ സമാന നയമാണ്. കഴിഞ്ഞ വർഷം നവംബറിൽ ഹിജാബിന് പൊതുസമൂഹത്തിൽ സ്വീകാര്യത ലഭിക്കാൻ വേണ്ടി യൂറോപ്യൻ യൂണിയൻ തുടങ്ങിയ ഓൺലൈൻ ക്യാമ്പയിൻ പിൻവലിച്ചതിന് പ്രധാന കാരണം ഫ്രാൻസിന്റെ എതിരഭിപ്രായമായിരുന്നു.വൈവിധ്യങ്ങളിലെ സൗന്ദര്യം, ജോയ് ഇൻ ഹിജാബ് തുടങ്ങിയ ഹാഷ്ടാഗുകളുമായാണ് ക്യാമ്പയിൻ തുടങ്ങിയത്. ഹിജാബി സ്ത്രീകളുടെ ഫോട്ടോയും വീഡിയോയും ഇതിനായി ഉപയോഗിച്ചിരുന്നു.

എന്നാൽ ഫ്രാൻസ് ഉൾപ്പെടെയുള്ള രാജ്യങ്ങളിൽ നിന്ന് ക്യാമ്പയിനെതിരെ വ്യാപക പ്രതിഷേധമാണ് ഉയർന്നത്. ഫ്രാൻസിലെ യുവജന മന്ത്രി സാറാ എൽ ഹെയ്‌രി ക്യാമ്പയിൻ തന്നെ ഞെട്ടിച്ചു എന്നാണ് അഭിപ്രായപ്പെട്ടത്.മറ്റ് യൂറോപ്യൻ രാജ്യങ്ങളും പ്രതിഷേധമറിയിച്ചതോടെ ക്യാമ്പയിൻ പിൻവലിച്ചു. പ്രവാചക നിന്ദ ആരോപിച്ച ഷാർലെ ഹെബ്ദോ കാർട്ടൂണിന്റെ പേരിൽ നടന്ന ഭീകരാക്രണമണങ്ങൾ, രാജ്യത്തെ യഹൂദ വംശജർക്കെതിരെ വർധിച്ചു വരുന്ന വർഗീയ ആക്രമണങ്ങൾ എന്നിവയാണ് ഫ്രഞ്ച് സമൂഹത്തിൽ ആഴത്തിൽ ഇത്തരമൊരു മനോഭാവം വളരാൻ കാരണമായത്. ഇപ്പോൾ രാഷ്ട്രീയ പാർട്ടികളും ഈ വികാരം നേട്ടത്തിനായി ഉപയോഗിക്കുന്നു.

സ്വിറ്റ്സ്സർലന്റ്

കഴിഞ്ഞ വർഷമാണ് സ്വിറ്റ്സർലന്റിൽ നിഖാബ് നിരോധിച്ചത്. പൊതുജനാഭിപ്രായം സ്വീകരിച്ച ശേഷമാണ് നിയമം പാസായത്.നെതർലന്റിൽ ഹിജാബ്, നിഖാബ്, ബുർഖ തുടങ്ങിയ മുസ്ലിം വസ്ത്രങ്ങൾക്ക് വിലക്കുണ്ട്. രാജ്യത്ത് മുഖം മറച്ച് വസ്ത്രം ധരിച്ചാൽ 150 യൂറോയാണ് പിഴ ( ഇന്ത്യൻ രൂപയിൽ 13000 ത്തോളം). യുകെയിലെ സ്‌കൂളുകളിലും ആശുപത്രികളിലും മുഖം മറച്ച് വസ്ത്രം ധരിക്കാൻ അനുവാദമില്ല. ജർമനിയിൽ സ്‌കൂളുകളിലും സർക്കാർ പദവികളിലുള്ളവരും മുഖാവരണം ധരിക്കുന്നതിന് വിലക്കുണ്ട്.

സ്വീഡനിലും നിഖാബ് ധരിച്ച് സ്‌കൂളിൽ പ്രവേശിക്കാനാവില്ല. ബെൽജിയത്തിൽ മുഖാവരണം ധരിച്ചാൽ ഏഴ് ദിവസം ജയിൽ ശിക്ഷയും പിഴയുമുണ്ടാവും. ഇറ്റലിയിൽ നിഖാബ് വിലക്കിക്കൊണ്ട് നിയമമില്ല. പക്ഷെ രാജ്യത്തെ 1970 കളിൽ നിലവിൽ വന്ന നിയമപ്രകാരം ഒരാളുടെ ഐഡന്റിറ്റി മനസ്സിലാവാത്ത വിധം വസ്ത്രം ധരിക്കുന്നത് ശിക്ഷാർഹമാണ്. ഡെന്മാർക്ക്, ബൾഗേറിയ, ഓസ്ട്രിയ എന്നീ രാജ്യങ്ങളിലും മുഖാവരരണം ധരിക്കാൻ അനുമതിയില്ല.

ഹിജാബ് ധരിച്ചില്ലെങ്കിലും കുറ്റമാണ്

ഹിജാബ് ധരിക്കാത്തത് നിയമപ്രകാരം കുറ്റമായ രാജ്യങ്ങളുമുണ്ട്. ഉദാഹരണത്തിന് ഇറാനിൽ തലമറയ്ക്കാതെ സ്ത്രീകൾ പുറത്തിറങ്ങുന്നത് കുറ്റമാണ്. നിലവിൽ അഫ്ഗാനിസ്താനും ഇറാനും മാത്രമാണ് ഹിജാബ് നിർബന്ധിതമായ രാജ്യങ്ങൾ. സൗദി അറേബ്യ, യുഎഇ തുടങ്ങിയ രാജ്യങ്ങളിൽ ഹിജാബ് ധരിക്കണമെന്ന് നിയമപ്രകാരം പറയുന്നില്ല.എന്നാൽ മുസ്ലിം രാജ്യങ്ങളിലെ താഴേക്കിടയിലുള്ള സമൂഹത്തിൽ ഹിജാബ് ധരിക്കാതിരിക്കാനുള്ള സ്വാതന്ത്ര്യം പൊതുവെ ഇല്ല.

ഇത് ചൂണ്ടിക്കാട്ടി പല ആക്ടിവിസ്റ്റുകളും രംഗത്തെത്താറുണ്ട്. ഹിജാബ് വസ്ത്ര സ്വാതന്ത്രമാണെന്ന് ഹിജാബി ആക്ടിവിസ്റ്റുകൾ പറയുമ്പോൾ വസ്ത്ര സ്വാതന്ത്ര്യം ലഭിക്കാതെ ഹിജാബ് ധരിക്കേണ്ടി വരുന്ന എത്രയോ സ്ത്രീകളും പെൺകുട്ടികളുമുണ്ടെന്ന് മറുവിഭാഗം പറയുന്നു. ചുരുക്കത്തിൽ ഹിജാബ് അനുകൂല കാമ്പ്യയിനും വിമർശന ക്യാമ്പയിനും ഒരേ പോലെ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായി നടന്നു വരികയാണ്.ഉദാഹരണത്തിന് ന്യൂയോർക്കിൽ 2013 ഫെബ്രുവരി ഒന്നിന് നസ്മ ഖാൻ എന്ന മുസ്ലിം ആക്ടിവിസ്റ്റ് ഹിജാബ് ദിനമായി ക്യാമ്പയിൻ ആരംഭിച്ചു. എന്നാൽ ഫെബ്രുവരി ഒന്നിന് തന്നെയാണ് കാനഡിയിലുൾപ്പെടെ നോ ഹിജാബ് ഡോ ആയി ആഘോഷിക്കുകയും ചെയ്യുന്നത്.

 

മറുനാടന്‍ മലയാളി ബ്യൂറോ

MNM Recommends


Most Read