വാർത്ത

ഹെലിബിറിയ -ചെങ്കര-കുമളി റോഡ് 8 മീറ്റർ വീതിയിൽ നിർമ്മിക്കുന്നതിനായി കേന്ദ്ര പദ്ധതിയിൽ അനുവദിച്ചത് 6.5 കോടി രൂപ; പ്രദേശത്തിനാകെ ഗുണം ചെയ്യുന്ന റോഡ് വികസനത്തിന് തടസം നിൽക്കുന്നത് ഹെലിബറിയ എസ്റ്റേറ്റ് ഉടമകൾ; സ്ഥലം വിട്ടു നൽകാൻ ആവശ്യപ്പെട്ടുള്ള നാട്ടുകാരുടെ സമരം ശക്തം; ഇനിയും പൂർത്തിയാകാനുള്ളത് 3.5 കിലോമീറ്റർ റോഡ്

ഏലപ്പാറ(ഇടുക്കി); ഹെലിബറിയയിൽ റോഡിനായി നാട്ടുകാരുടെ നേതൃത്വത്തിൽ നടന്നുവരുന്ന അനിശ്ചിത കാല നിരാഹാര സമരം ശക്തമാവുന്നു. കക്ഷി രാഷ്ട്രീയത്തിന് അതീതമായുള്ള ജനപിൻതുണയിലാണ് സമരം ഇപ്പോൾ മുന്നേറുന്നത്. ഈ മാസം 24-നാണ്് സമരം ആരംഭിച്ചത്. ഇന്ന് ആറാം ദിവസത്തിലേയ്ക്ക് കടന്നു. നാടിന്റെ നാനാഭാഗത്തുനിന്നായി സമരപന്തലിലേയ്ക്ക് ഗ്രാമവാസികൾ രാവിലെ മുതൽ എത്തുന്നുണ്ട്.

മുഖ്യധാര രാഷ്ട്രീയ കക്ഷിനേതാക്കൾ സമരത്തോട് മുഖം തിരിഞ്ഞ് നിൽക്കുകയാണെന്ന ആക്ഷേപം പരക്കെ ചർച്ചയായിട്ടുണ്ട്. രാഷ്ട്രീയ നേതൃത്വങ്ങൾ ഏറെക്കുറെ വിട്ടുനിൽക്കുകയാണെങ്കിലും എല്ലാ രാഷ്ട്രീയ കക്ഷിയിലെയും പ്രവർത്തകർ സമരത്തിൽ സജീവമായി പങ്കെടുക്കുന്നുണ്ടെന്ന് സമരസമിതി നേതാക്കൾ പറഞ്ഞു.

കിളിപാടി സ്വദേശി റെജി ജോർജ്ജ്, ഹെലിബറിയ സ്വദേശി പോൾരാജ് എന്നിവരാണ് ഇന്ന് നിരാഹാരം അനുഷ്ഠിക്കുന്നത്. വിജയം വരെ നിരാഹാര സമരം തുടരുന്നതിനാണ് സമരസമിതിയുടെ തീരുമാനം. ദശാബ്ദങ്ങളായി പ്രദേശവാസികൾ ഉപയോഗിച്ചുവരുന്ന ഏലപ്പാറ -ഹെലിബിറിയ -ചെങ്കര-കുമളി റോഡ് 8 മീറ്റർ വീതിയിൽ നിർമ്മിക്കുന്നതിനായി ഡീൻകുര്യക്കോസ് എംപിയുടെ ശ്രമഫലമായി 3 മാസം മുമ്പ് പിഎംജിഎസ്വൈ പദ്ധതിയിൽ 6.5 കോടി രൂപ അനുവദിച്ചിരുന്നു.

പദ്ധതിയിൽ റോഡ് നിർമ്മിക്കുന്നതിന് 8 മീറ്റർ വീതിയിൽ സ്ഥലം വേണം. നിലവിൽ ഈ റോഡിന്റെ ചിലഭാഗങ്ങളിൽ 3 മീറ്റർ മുതൽ 6 മീറ്റർ വരെയാണ് വീതി. ഇത് എട്ടുമീറ്ററാക്കി ക്രമീകതരിക്കുന്നതിന് ഹെലിബറിയ എസ്റ്റേറ്റ് ഉടമകൾ സ്ഥലം ലഭ്യമാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

എന്നാൽ എസ്റ്റേറ്റ് നടത്തിപ്പുകാർ ഇനിയും വിട്ടുവീഴ്ചയ്ക്ക് തയ്യാറായിട്ടില്ല. 3.5 കിലോമീറ്ററോളം ദൂരം എസ്റ്റേറ്റിലൂടെയാണ് റോഡ് കടന്നുപോകുന്നത്. മുമ്പ് ഇതെ റോഡിൽ എം പി ഫണ്ട് ഉപയോഗിച്ച് റോഡ് നിർമ്മിച്ചിട്ടുണ്ട്. ഇതിന്റെ തുടർച്ചയായുള്ള മൂന്നര കിലോമീറ്റർ റോഡ് നിർമ്മാണം പൂർത്തിയായൽ പ്രദേശവാസികൾക്കൊപ്പം ശബരിമല തീർത്ഥാടകർക്കും ഇത് ഗുണകരമാവുമെന്നാണ് ചൂണ്ടികാണിക്കപ്പെടുന്നത്.

റോഡിന്റെ ശോച്യാവസ്ഥ മൂലം തോട്ടം മേഖലയിലെ ഗ്രാവാസികൾ നേരിടുന്ന ദുരിതം വിവരണാതീതമാണ്.5 ബസ്സുകൾ ഈ റോഡ് വഴി അടുത്തകാലം വരെ സർവ്വീസ് നടത്തിയിരുന്നു.കാൽനടക്കാർക്കുപോലും നടക്കാൻ കഴിയാത്ത രീതിയിൽ റോഡ് തകർന്നതോടെ ബസ്സ് സർവ്വീസുകൾ നിലച്ചു.

റോഡിൽ സുഗമമായ ഗതാഗതം സാധ്യമാവും വിധം നന്നാക്കണമെന്ന നാട്ടുകാരുടെ അവശ്യത്തിന് ദശാബ്ദങ്ങളുടെ പഴക്കമുണ്ട്.ഇതുവരെ സംസ്ഥാന സർക്കാർ തിരിഞ്ഞുനോക്കാൻ തയ്യാറായിട്ടില്ല.ഈ സാഹചര്യത്തിലാണ് റോഡ് നിർമ്മാണത്തിനായി എം പി ഫണ്ട് അനുവദിച്ചിട്ടുള്ളത്.

അടുത്ത 30 ദിവസത്തിനുള്ള റോഡിന് സ്ഥലം ഏറ്റെടുക്കൽ നപടി പൂർത്തിയായില്ലങ്കിൽ ഫണ്ട് വകമാറ്റി ചിവഴിക്കേണ്ട സാഹചര്യം സംജാതമാവും.ഇതോടെ റോഡ് നിർമ്മാണം വീണ്ടും അനിശ്ചിതമായി നീളും.ഈ സാഹചര്യത്തിലാണ് സ്ഥലം വിട്ടുനൽകണമെന്ന ആവശ്യവുമായി നാട്ടുകാർ രംഗത്തിറങ്ങിട്ടുള്ളത്.പ്രദേശവാസികൾക്ക് പുറംലോകവുമായി ബന്ധപ്പെടുന്നതിനുള്ള ഏക യാത്രമാർഗ്ഗമാണ് ഈ റോഡ്.

സമരം ശക്തിപ്രാപിപ്പിക്കുമ്പോഴും ബന്ധപ്പെട്ട അധികൃതർ പ്രശനത്തിൽ ഇടപെടാൻ തയ്യാറായിട്ടില്ലന്നും ഇതിന് പിന്നിൽ എസ്റ്റേറ്റ് നടത്തിപ്പുകാരുടെ സാമ്പത്തീക-രാഷ്ട്രീയ സ്വാധീനത്തെത്തുടർന്നാണെന്നുമുള്ള ആക്ഷേപവും ഉയർന്നിട്ടുണ്ട്.

 

മറുനാടന്‍ മലയാളി ലേഖകന്‍. prakash@marunadan.in

MNM Recommends


Most Read