വാർത്ത

ഇടുക്കിയിൽ വ്യാഴാഴ്ച കോവിഡ് സ്ഥിരീകരിച്ചവരിൽ നാലുപേരും കോൺഗ്രസ് നേതാവ് ഉസ്മാന്റെ പരിചയക്കാർ; വൈറസ് ബാധയുണ്ടായവരിൽ അംഗൻവാടി അദ്ധ്യാപികയുടെ ഒമ്പത് വയസുകാരൻ മകനും; തൊടുപുഴയിൽ നിന്നും നിസാമുദ്ദീൻ തബ്ലീഗ് സമ്മേളനത്തിന് പോയ വ്യക്തിക്കും കോവിഡ്

ഇടുക്കി: ഇന്ന് ഇടുക്കിയിൽ കോവിഡ് സ്ഥിരീകരിച്ചവരിൽ 4 പേർക്കും വൈറസ് ബാധയുണ്ടായത് നേരത്തെ രോഗം സ്ഥിരീകരിച്ച ഇടുക്കിയിലെ കോൺഗ്രസ്സ് നേതാവ് ഉസ്മാന്റെ സമ്പർക്ക പട്ടികയിൽപ്പെട്ടവരിൽ നിന്ന് . ഉസ്മാന്റെ സുഹൃത്തുക്കളിൽ ഒരാൾക്ക് രോഗബാധയുണ്ടായതായി നേരത്തെ സ്ഥിരീകരിച്ചിരുന്നു. ഇയാളുടെ ഭാര്യ,മാതാവ് ,13 കാരനായ മകൻ എന്നിവർക്ക് ഇന്ന് രോഗബാധ സ്ഥിരീകരിച്ചിട്ടുണ്ട്.കഴിഞ്ഞ ദിവസം രോഗം സ്ഥിരീകരിച്ച അംഗൻവാടി അദ്ധ്യാപികയുടെ 9 വയസ്സുകാരനും രോഗം സ്ഥിരീകരിച്ചവരിൽ ഉൾപ്പെട്ടിട്ടുണ്ട്.

രോഗം സ്ഥിരീകരിച്ച ഉസ്മാന്റെ സുഹൃത്ത് ടെയ്‌ലറാണ്.തിരുവനന്തപുരത്ത് നിരാഹാരസമരത്തിലേർപ്പെട്ടിരുന്ന അംഗൻവാടി അദ്ധ്യാപികയെ കാണാൻ പോകുന്നതിന് മുമ്പായി താൻ ഷർട്ട് തയ്ക്കാൻ തുണി ഇയാളെ ഏൽപ്പിച്ചിരുന്നെന്നും അളവ് നൽകിയിരുന്നെന്നും ഉസ്മാൻ അടുപ്പക്കാരോട് വ്യക്തമാക്കിയിരുന്നു. തുടർന്ന് ആരോഗ്യവകുപ്പധികൃതർ ഇയാളിൽ നിന്നും സ്രവം പരിശോധനയ്ക്കായി സ്വീകരിക്കുകയും രോഗം സ്ഥിരീകരിക്കുകയുമായിരുന്നു.പിന്നീട് കുടംബാംഗങ്ങളുടെയും സ്രവം പരിശോധനയ്ക്കായി ശേഖരിച്ചിരുന്നു.ഇന്ന് റിസൽട്ട് ലഭിച്ചപ്പോഴാണ് മൂന്നുപേർക്കും വൈറസ് ബാധ സ്ഥിരീകരിച്ചത്.

അംഗൻവാടി ടീച്ചർക്ക് രോഗം സ്ഥിരീകരിച്ചതിന് പിന്നാലെയാണ് മകന്റെ സ്രവം പരിശോധനയ്ക്കായി ശേഖരിച്ചത്.ഇനി ഇവരുടെ ഭർത്താവിന്റെയും സമ്പർക്കം പുലർത്തിയരുടെയും സ്രവം ശേഖരിച്ച് പരിശോധനയ്ക്കയക്കുന്നതിനാണ് ആരോഗ്യവകുപ്പ് തീരുമാനിച്ചിട്ടുള്ളത്.

തൊടുപുഴയിൽ നിന്നും നിസാമൂദ്ദീനിലെ തബ്ലീഗ് സമ്മേളനത്തിന് പോയ വ്യക്തിക്കും ഇന്ന് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.ഇയാളുടെ സമ്പർക്കപ്പട്ടിക തയ്യാറാക്കുന്നതിന് ബന്ധപ്പെട്ട അധികൃതർ നീക്കം ആരംഭിച്ചിട്ടുണ്ട്.

മറുനാടന്‍ മലയാളി ലേഖകന്‍. prakash@marunadan.in

MNM Recommends


Most Read