വാർത്ത

പഞ്ചായത്തിന്റെ സമൂഹ അടുക്കള ഡിവൈഎഫ്ഐക്കാർ അടിച്ചു മാറ്റി; സിപിഎമ്മുകാർ ചോദിച്ചിട്ടു പോലും പൊതിച്ചോറില്ല; ചില ഭാഗത്ത് മാത്രം വിതരണം; കൊണ്ടുക്കൊടുക്കുന്നതിന് വണ്ടിക്കൂലിയും ചോദിച്ചു; പരാതി നൽകി സിപിഎമ്മിലെ ഒരു വിഭാഗവും ബിജെപിയും: ഗതികെട്ട് അടുക്കള പൂട്ടി ആറന്മുള പഞ്ചായത്തും

പത്തനംതിട്ട: ദുരന്തം ഏതുമാകട്ടെ, മഹാപ്രളയമോ കോവിഡോ അതിനിടെ കൈ നനയാതെ മീൻപിടിക്കാൻ എല്ലായിടത്തും കുറച്ചു പേരുണ്ടാകും. രാഷ്ട്രീയക്കാരാണ് മുന്നിൽ. പഞ്ചായത്ത് തെരഞ്ഞെടുപ്പ് അടുത്തു വരുന്ന സമയത്താണ് കോവിഡ് എത്തിയത്. അവസരം മുതലാക്കാൻ തന്നെ തീരുമാനിച്ച് ചിലർ രംഗത്ത് ഇറങ്ങിയിട്ടുണ്ട്. സമൂഹ അടുക്കള, സന്നദ്ധ സേവനം എന്നിവ തങ്ങളുടെ മാത്രം കുത്തകയാക്കാനാണ് ചിലരുടെ ശ്രമം. അങ്ങനെ ശ്രമിച്ച ചില ഡിവൈഎഫ്ഐക്കാർ ആറന്മുള പഞ്ചായത്തിൽ സമൂഹ അടുക്കള തന്നെ അടിച്ചു മാറ്റി.

സിപിഎമ്മുകാരെപ്പോലും അടുപ്പിക്കാതെ അടുക്കളയിൽ നിന്നും അരങ്ങത്തേക്ക് പൊതിച്ചോറുമായി ഇറങ്ങിയ ഡിഫിക്കാൻ അതുകൊടുത്തത് തങ്ങൾക്ക് ഇഷ്ടമുള്ളിടത്ത്. പൊതി കൊണ്ടു വരുന്നതിന് വണ്ടിക്കൂലിയും ചോദിച്ചു. എന്തായാലും സിപിഎമ്മിൽ ഒരു വിഭാഗവും ബിജെപിയും ചേർന്ന് പരാതി നൽകിയതോടെ പഞ്ചായത്ത് അധികൃതർ അടുക്കള അടച്ചു പൂട്ടി. ഇന്ന് വീണ്ടും തുറക്കും. അത് പക്ഷേ, പഞ്ചായത്തിന്റെയും കുടുംബശ്രീയുടെയും പൂർണ നിയന്ത്രണത്തിൽ ആയിരിക്കുമെന്ന് മാത്രം. വല്ലനയിൽ ആരംഭിച്ച സമൂഹ അടുക്കളയാണ് ഡിഫിക്കാൻ സ്വന്തമാക്കിയത്. അടുക്കള ഉദ്ഘാടനം വീണാ ജോർജ് എംഎൽഎയാണ് നിർവഹിച്ചത്. പിന്നാലെ കഥ മാറി.

സിപിഎമ്മുകാരെപ്പോലും അടുപ്പിക്കാതെ അടുക്കള ഡിഫിക്കാൻ അടിച്ചു മാറ്റി. തർക്കത്തെ തുടർന്ന് നിർത്തി വച്ച അടുക്കളയുടെ പ്രവർത്തനം ഇന്ന് വീണ്ടും തുടങ്ങും. ഡിഫി ഭീഷണിയെ തുടർന്ന് ഇതിന് പൊലീസ് സംരക്ഷണം ഏർപ്പെടുത്തണമെന്ന് ബിജെപി പഞ്ചായത്ത് കമ്മിറ്റി ആവശ്യപ്പെട്ടു. കഴിഞ്ഞ ദിവസംസമൂഹ അടുക്കളയിൽ നിന്ന് ഡിവൈഎഫ്ഐ പ്രവർത്തകർ പൊതിച്ചോറ് കൈക്കലാക്കി അവരുടെ പേരിൽ വിതരണം ചെയ്തുവെന്ന് പരാതി ഉയർന്നിരുന്നു. അങ്ങനെയാണ് അടുക്കളയുടെ പ്രവർത്തനം നിർത്തിവെച്ചത്. ഭരണ സമിതിക്കുള്ളിലെ അസ്വാരസ്യം കാരണം പൊതിച്ചോറ് അർഹതയുള്ളവർക്ക് എത്തിച്ചു കൊടുക്കുവാൻ സാധിച്ചിരുന്നില്ല.

കുടുംബശ്രീ പ്രവർത്തകരുടെ മേൽനോട്ടത്തിൽ നടത്തേണ്ട സമൂഹ അടുക്കള സിപിഎമ്മിന്റെ നേതൃത്വത്തിലാരുകയും പൊതിച്ചോർ വിതരണം ഡിവൈഎഫ്ഐയെ മാത്രം ഏൽപ്പിക്കുകയും ചെയ്തിരുന്നുവെന്നാണ് ബിജെപി പഞ്ചായത്ത് കമ്മറ്റി പറയുന്നത്. എന്നാൽ, സിപിഎമ്മുകാരെ ഇവിടെ അടുപ്പിച്ചില്ല എന്നതാണ് വസ്തുത. സംസ്ഥാന സർക്കാറിന്റെ സേവന പ്രവർത്തന പോർട്ടലിൽ രജിസ്റ്റർ ചെയ്ത സന്നദ്ധ പ്രവർത്തകരെ ഒഴിവാക്കിയാണ് പൊതിച്ചോർ വിതരണം രാഷ്ട്രീയവൽക്കരിച്ചതെന്ന് ബിജെപി ആരോപിച്ചു.

വിശന്നിരിക്കുന്നവർക്കെല്ലാം ആഹാരം എന്ന മുഖ്യമന്ത്രിയുടെ പ്രഖ്യാപനം കാറ്റിൽ പറത്തി ഭരണ സമിതിയുടെ അഹങ്കാരവും സ്വജനപക്ഷപാതവുമാണ് ഇവിടെ നടക്കുന്നതെന്ന് ബിജെപി കുറ്റപ്പെടുത്തി. സമൂഹ അടുക്കളയിൽ പാകം ചെയ്ത പൊതിച്ചോറ് ഡിവൈഎഫ്ഐയുടെ പേരിൽ നൽകുകയും വിതരണത്തിന് വാഹനക്കൂലി വേണമെന്ന് ആവശ്യപ്പെട്ടിരിക്കുകയുമാണിപ്പോൾ. സിപിഎമ്മിന്റെ സമൂഹ അടുക്കളയുടെ പ്രവർത്തനത്തിൽ വ്യാപക ക്രമക്കേടും പ്രതിഷേധവും ഉയർന്നിട്ടും യാതൊരുവിധ നടപടി സ്വീകരിച്ചിട്ടില്ല. ഇന്ന് തുടങ്ങുന്ന കുടുംബശ്രീയുടെ അടുക്കളക്ക് വേണ്ട സഹായം നൽകുവാൻ ഭരണ സമിതി തയാറായിട്ടില്ലായെന്ന് ബിജെപി കുറ്റപ്പെടുത്തി.

ശ്രീലാല്‍ വാസുദേവന്‍ മറുനാടന്‍ മലയാളി പത്തനംതിട്ട ന്യൂസ് കോണ്‍ട്രിബ്യൂട്ടര്‍
sreelal@marunadanmalayali.com

MNM Recommends


Most Read