വാർത്ത

അയോധ്യയിൽ നിറയെ ശ്രീരാമന്റെയും സീതയുടെയും ഹോർഡിങ്ങൾ; മതിലുകളിൽ രാമകഥ; ഹനുമാൻ ഗഡി ക്ഷേത്രത്തിലും രാം ലല്ല വിഗ്രഹമുള്ള താൽക്കാലിക ക്ഷേത്രത്തിലും പൂജയ്ക്കും ദർശനത്തിനും ശേഷം വെള്ളിയിൽ തീർത്ത ശില പാകി പ്രധാനമന്ത്രി ക്ഷേത്ര നിർമ്മാണത്തിന് തുടക്കമിടും; മൂന്നു നിലകളിലായുള്ള മഹാക്ഷേത്രത്തിന്റെ നിർമ്മാണം മൂന്നുവർഷങ്ങൾ കൊണ്ട് പൂർത്തീകരിക്കും; അയോധ്യയിൽ ഒരുക്കിയിരിക്കുന്നത് പഴുതുകളടച്ച സുരക്ഷ; രാമക്ഷേത്ര നിർമ്മാണത്തിന് ഇന്ന് തുടക്കം

അയോധ്യ: രാമക്ഷേത്ര നിർമ്മാണത്തിനുള്ള ഒരുക്കത്തിലാണ് അയോധ്യ. രാമക്ഷേത്ര നിർമ്മാണത്തിന് വെള്ളിയിൽ തീർത്ത ശില പാകി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്നു പകൽ 12.30ന് തുടക്കം കുറിക്കും. ആർഎസ്എസ് അധ്യക്ഷൻ മോഹൻ ഭാഗവത്, യുപി ഗവർണർ ആനന്ദി ബെൻ പട്ടേൽ, മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, രാമക്ഷേത്ര നിർമ്മാണ ട്രസ്റ്റിന്റെ അധ്യക്ഷൻ മഹന്ത് നൃത്യഗോപാൽ ദാസ് എന്നിവർ ഭൂമി പൂജ ചടങ്ങിൽ സന്നിഹിതരായിരിക്കും. കോവിഡ് പശ്ചാത്തലത്തിലുള്ള കർശന മാർഗ്ഗ നിർദ്ദേശങ്ങൾ പാലിച്ചാണ് പരിപാടി. അയോധ്യ എല്ലാ അർത്ഥത്തിലും ചടങ്ങിനായി ഒരുങ്ങി കഴിഞ്ഞു. കോവിഡുകാലത്ത് പ്രധാനമന്ത്രി നേരിട്ടെത്തി പങ്കെടുക്കുന്ന പരിപാടിയാണിതെന്നും ശ്രദ്ധേയമാണ്. പഴുതുകൾ അടച്ചുള്ള സുരക്ഷയും അയോധ്യയിലുണ്ട്. രാജ്യത്താകെ ജാഗ്രതാ നിർദ്ദേശവും.

അയോധ്യയിൽ രാമക്ഷേത്ര ശിലാപൂജയ്ക്കു ശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദി ക്ഷേത്രഭൂമിയിൽ പാരിജാതത്തൈ നടും. പിന്നീട് ശിലാഫലകം അനാഛാദനം ചെയ്യുകയും ക്ഷേത്രനിർമ്മാണവുമായി ബന്ധപ്പെട്ട സ്റ്റാംപ് പ്രകാശിപ്പിക്കുകയും ചെയ്യും. ന്യൂഡൽഹിയിൽ നിന്ന് രാവിലെ പ്രത്യേക വിമാനത്തിൽ ലക്‌നൗവിലെത്തുന്ന പ്രധാനമന്ത്രി 11.30ന് അയോധ്യയിലെ സാകേത് കോളജ് ഹെലിപാഡിലെത്തുമെന്നാണ് സംഘാടകർ അറിയിച്ചിരിക്കുന്നത്. തുടർന്ന് ഹനുമാൻ ഗഡി ക്ഷേത്രത്തിലും രാം ലല്ല വിഗ്രഹമുള്ള താൽക്കാലിക ക്ഷേത്രത്തിലും പൂജയ്ക്കും ദർശനത്തിനും ശേഷം അദ്ദേഹം ഭൂമിപൂജയിൽ പങ്കുകൊള്ളും. കർസേവയിൽ പങ്കെടുത്തു കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങളും ചടങ്ങുകളിൽ പങ്കെടുക്കുന്നുണ്ട്.

ഇന്നത്തെ പരിപാടിയിൽ 135 സന്യാസിമാരും പൗരപ്രമുഖരും രാഷ്ട്രീയ നേതാക്കളുമടങ്ങുന്ന ക്ഷണിതാക്കളുടെ സാന്നിധ്യവുമുണ്ടാകും. ഭൂമി പൂജയ്ക്കു മുന്നോടിയായുള്ള പൂജകൾ ഇന്നലെയും തുടർന്നു.അയോധ്യയിലെ താമസക്കാരല്ലാത്തവർക്കു നഗരത്തിൽ പ്രവേശനമില്ല. അതിനിടെ അയോധ്യയിൽ രാമക്ഷേത്രത്തിനു പകരം നൽകിയ 5 ഏക്കർ ഭൂമിയിൽ സൂപ്പർ സ്‌പെഷ്യൽറ്റി ആശുപത്രിയും മസ്ജിദും ഒരേ സമയം നിർമ്മാണം തുടങ്ങുമെന്ന് ഇന്തോ ഇസ്‌ലാമിക് കൾചറൽ ഫൗണ്ടേഷൻ അറിയിച്ചു. രാമക്ഷേത്രത്തിനു പകരമായി ഈ മസ്ജിദിനെ കാണരുതെന്നും ആരാധനാലയത്തിനൊപ്പം പൊതുജനങ്ങൾക്ക് ഉപകാരപ്പെടുന്ന സ്ഥാപനങ്ങളും കൂടി നിർമ്മിക്കാനാണ് ഉദ്ദേശിക്കുന്നതെന്നും ട്രസ്റ്റ് വക്താവ് അത്താർ ഹുസൈൻ പറഞ്ഞു. മ്യൂസിയം, ലൈബ്രറി, പാവങ്ങൾക്കു ഭക്ഷണം നൽകാൻ സമൂഹ അടുക്കള എന്നിവയും ആലോചനയിലുണ്ട്. അങ്ങനെ മതേതരത്വത്തിന്റെ പുതു മാതൃകയായി മാറുകയാണ് അയോധ്യയുടെ ലക്ഷ്യം.

ചടങ്ങുകൾ ദൂരദർശനിലൂടെയും മറ്റു ദൃശ്യമാധ്യമങ്ങളിലൂടെയും ലോകമെങ്ങുമുള്ള രാമഭക്തർക്ക് കാണാനാവും. ഇന്ന് രാവിലെ മുതൽ രാജ്യത്താകെ വീടുകളിലും ക്ഷേത്രങ്ങളിലും മഠങ്ങളിലും പ്രത്യേക പൂജകൾ നടക്കും. വീടുകളിൽ വൈകിട്ട് ദീപക്കാഴ്ചയും ഒരുക്കും. യുപിയിലെങ്ങും സുരക്ഷ കർശനമാക്കിയിട്ടുണ്ട്. അയോധ്യാ ജില്ലയാകെ ആയിരക്കണക്കിന് സുരക്ഷാ ഉദ്യോഗസ്ഥരുടെ നിയന്ത്രണത്തിലാണ്. രാമജന്മഭൂമിക്ക് കിലോമീറ്ററുകൾ അകലെ റോഡുകൾ അടച്ചു രാമഭക്തരെ നിയന്ത്രിച്ചിട്ടുണ്ട്. ഭീകരാക്രമണ മുന്നറിയിപ്പുകളുടെ പശ്ചാത്തലത്തിലാണ് ഈ ക്രമീകരണങ്ങൾ. പ്രത്യേകം ക്ഷണിച്ച 175 പേർക്ക് മാത്രമാണ് രാമജന്മഭൂമിയിലേക്ക് ഇന്ന് ഉച്ചവരെ പ്രവേശനം. മൂന്നു നിലകളിലായുള്ള മഹാക്ഷേത്രത്തിന്റെ നിർമ്മാണം മൂന്നുവർഷങ്ങൾ കൊണ്ട് പൂർത്തീകരിക്കാനാണ് ലക്ഷ്യമിടുന്നതെന്ന് ശ്രീരാമജന്മഭൂമി തീർത്ഥക്ഷേത്ര ട്രസ്റ്റ് അറിയിച്ചിട്ടുണ്ട്.

പൂജകളും ആഘോഷങ്ങളും ഇന്നലെ തന്നെ അയോധ്യയിൽ തുടങ്ങി കഴിഞ്ഞിരുന്നു. അയോധ്യ നഗരത്തിലെങ്ങും ശ്രീരാമന്റെയും സീതയുടെയും ചിത്രങ്ങളുള്ള ഹോർഡിങ്ങുകളും കട്ടൗട്ടുകളുമുണ്ട്. മതിലുകളിൽ രാമകഥ. സരയൂ ഘട്ടിലും വീടുകളിലും ഇന്നലെ ദീപങ്ങൾ തെളിയിച്ചിരുന്നു. രാമാർച്ചനയായിരുന്നു ഇന്നലെ. ആദ്യം ഉപദേവതകൾക്കും പിന്നീട് അയോധ്യ നഗരത്തിനും വാനരസേനയിലെ നളൻ, നീലൻ, സുഗ്രീവൻ എന്നിവർക്കുമുള്ള പൂജകളും നടന്നു. ഹനുമാൻ ഗഡി ക്ഷേത്രത്തിലും പ്രത്യേക പൂജകളുണ്ടായിരുന്നു. നേപ്പാളിലെ ജാനകി മന്ദിറിൽ നിന്നുള്ള രാം തപേശ്വർ ദാസും വാരാണസി, അയോധ്യ എന്നിവിടങ്ങളിലെ പുരോഹിതരും പൂജകളിൽ പങ്കു കൊണ്ടു. സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായി സരയൂ തീരത്ത് പൊതുജനങ്ങളുടെ പ്രവേശനത്തിനു കർശന നിയന്ത്രണമേർപ്പെടുത്തിയതായി അയോധ്യ ജില്ലാ മജിസ്‌ട്രേട്ട് അനുജ് ഝാ പറഞ്ഞു. ക്ഷണിക്കപ്പെട്ടവർക്കു മാത്രമാണ് ഹനുമാൻ ഗഡിക്ക് അപ്പുറത്തേക്ക് പ്രവേശനമുള്ളത്.

അതിനിടെ അയോധ്യയിലെ താൽക്കാലിക ക്ഷേത്രത്തിൽ പൂജകൾ നടത്തുന്ന പുരോഹിതരിൽ ഒരാൾക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. മുഖ്യ പുരോഹിതൻ സത്യേന്ദ്രദാസിന്റെ സഹകാർമികരിൽപെട്ട പ്രേം കുമാർ തിവാരിയാണ് പോസിറ്റീവായത്. മറ്റൊരു പുരോഹിതൻ പ്രദീപ് ദാസിന് കഴിഞ്ഞ ദിവസം കോവിഡ് സ്ഥിരീകരിച്ചിരുന്നു. എന്നാലും ആശങ്കകളൊന്നുമില്ലെന്നും ചടങ്ങുകൾ തടസ്സമില്ലാതെ നടക്കുമെന്നും ട്രസ്റ്റ് ഭാരവാഹികൾ പറഞ്ഞു.

ബിജെപിയുടെ രാമക്ഷേത്ര പ്രചാരണത്തിനു നേതൃത്വം നൽകിയ 3 പേർ ഇന്ന് അയോധ്യയിൽ ചടങ്ങുകൾ നടക്കുമ്പോൾ അവിടെയുണ്ടാകില്ല എൽ.കെ. അഡ്വാനി, മുരളി മനോഹർ ജോഷി, ഉമാ ഭാരതി. ബാബറി മസ്ജിദ് തകർക്കപ്പെടുമ്പോൾ യുപി മുഖ്യമന്ത്രിയായിരുന്ന കല്യാൺ സിങും ഇന്നത്തെ ചടങ്ങിനെത്തുന്നില്ല. ആരോഗ്യ കാരണങ്ങളാണ് ചൂണ്ടിക്കാണിക്കുന്നത്. അഡ്വാനിയെയും ജോഷിയെയും രാമക്ഷേത്രനിർമ്മാണ ട്രസ്റ്റ് ക്ഷണിക്കുന്നതുമായി ബന്ധപ്പെട്ട് വിവാദങ്ങളുണ്ടായിരുന്നു. ഇരുവരെയും ഫോണിലൂടെ ക്ഷണിച്ചെന്നും വിഡിയോ കോൺഫറൻസിലൂടെ അവർ ചടങ്ങുകൾ വീക്ഷിക്കുമെന്നുമാണ് ട്രസ്റ്റ് അംഗങ്ങൾ പറയുന്നത്.

ഉമാ ഭാരതിക്ക് ക്ഷണം ലഭിച്ചെങ്കിലും കോവിഡ് പശ്ചാത്തലത്തിൽ ചടങ്ങു നടക്കുമ്പോൾ എത്തില്ലെന്നും പിന്നീടു ദർശനം നടത്തുമെന്നും അവർ വ്യക്തമാക്കി. ശ്രീരാമൻ ആരുടെയും കുത്തകയല്ലെന്നും ഏതു മതക്കാരനും പാർട്ടിക്കാരനും ശ്രീരാമനിൽ വിശ്വസിക്കാമെന്നും ഉമ ഭാരതി പറയുന്ന വിഡിയോയും വൈറലായിട്ടുണ്ട്. കോൺഗ്രസ് നേതാവ് ദിഗ്‌വിജയ് സിങ് ആ വിഡിയോ ട്വീറ്റ് ചെയ്തു.

അയോധ്യയിൽ രാമക്ഷേത്രനിർമ്മാണത്തിന്റെ ഭൂമിപൂജയ്ക്കുള്ള ക്ഷണക്കത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയടക്കം 5 പേരുകളാണുള്ളത്. സ്വർണവർണത്തിൽ 'രാംലല്ല'യുടെ ചിത്രമുള്ള ക്ഷണക്കത്തിൽ മോദി, ആർഎസ്എസ് അധ്യക്ഷൻ മോഹൻ ഭാഗവത്, യുപി ഗവർണർ ആനന്ദി ബെൻ പട്ടേൽ, മുഖ്യമന്ത്രി യോഗിആദിത്യനാഥ്, ക്ഷേത്രനിർമ്മാണ ട്രസ്റ്റ് അധ്യക്ഷൻ മഹന്ത് നൃത്യഗോപാൽ ദാസ് എന്നിവരുടെ പേരുകളാണുള്ളത്. ഭൂമിപൂജ വേദിയിലും ഇവർ 5 പേരുമുണ്ടാകും. നഗരത്തിലെ വീടുകൾക്കെല്ലാം മഞ്ഞയും കാവിയും പെയിന്റടിച്ചിട്ടുണ്ട്. ഇന്നു വൈകുന്നേരം സരയൂതീരത്തും അയോധ്യ നഗരത്തിലും ദീപക്കാഴ്ചയുണ്ടാകും.

പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ്, പ്രമുഖ വ്യവസായികളായ മുകേഷ് അംബാനി, ഗൗതം അദാനി, ആർഎസ്എസ് നേതാവ് സുരേഷ് ഭയ്യാജി ജോഷി, വിനയ് കട്യാർ എന്നിവരടക്കമുള്ളവരും എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. വിവിധ സന്യാസി മഠങ്ങളിൽ നിന്ന് 135 സന്യാസിമാർക്ക് ക്ഷണക്കത്തയച്ചിട്ടുണ്ട്. കത്തിൽ പ്രത്യേക സെക്യൂരിറ്റി കോഡുണ്ട്. ഇതു പരിശോധിച്ചായിരിക്കും അകത്തേക്കു കടത്തുക. ബാബറി മസ്ജിദിനു വേണ്ടി കോടതിയിൽ പോയ ഇക്‌ബാൽ അൻസാരി, പത്മശ്രീ നേടിയ സാമൂഹിക പ്രവർത്തകൻ മുഹമ്മദ് ഷരീഫ് എന്നിവരെയും ക്ഷണിച്ചതായും ഇരുവരും ക്ഷണം സ്വീകരിച്ചതായും ക്ഷേത്രനിർമ്മാണ ട്രസ്റ്റ് ജനറൽ സെക്രട്ടറി ചംപട് റായ് അറിയിച്ചു. 'ഇതു രാമന്റെ ഹിതമാണെന്നും ചടങ്ങിൽ പങ്കെടുക്കുമെന്നും ഇക്‌ബാൽ അൻസാരി പറഞ്ഞതായി വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു.

മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ ചടങ്ങിൽ പങ്കെടുക്കാനിടയില്ലെന്ന് ശിവസേന വൃത്തങ്ങൾ അറിയിച്ചു. കോവിഡ് പശ്ചാത്തലത്തിലാണിത്. ശിവസേനയുടെ വകയായി ഒരു കോടി രൂപ ക്ഷേത്രനിർമ്മാണ ട്രസ്റ്റിനു നൽകിയിട്ടുണ്ട്.

മറുനാടന്‍ മലയാളി ബ്യൂറോ

MNM Recommends


Most Read