വാർത്ത

മഹാരാജാസിൽ സംഘർഷത്തിനിടെ പ്രിൻസിപ്പലിന്റെ മുറിയിലേക്ക് ഓടിക്കയറി വിദ്യാർത്ഥികൾക്ക് നേരേ ആസിഡ് ആക്രമണം നടത്തിയത് എങ്ങന മറക്കും? എൺപതുകൾ മുതൽ ആസിഡ് ആക്രമണം കേരളത്തിൽ നടക്കുന്നുണ്ടെന്ന് നിയമസഭയിൽ സമർഥിച്ച അനൂപ് ജേക്കബിനെ എതിർത്ത് സ്വരാജും ഷംസീറും; ആസിഡ് ആക്രമണത്തിലെ ജീവിക്കുന്ന രക്തസാക്ഷി അജിത് പ്രകാശ് കൊച്ചിയിലുണ്ടെന്ന് പി.ടി.തോമസ്; എസ്എഫ്‌ഐയെ പ്രതിക്കൂട്ടിലാക്കിയ സഭയിലെ ചർച്ച ഇങ്ങനെ

തിരുവനന്തപുരം:എറണാകുളം മഹാരാജാസ് കോളേജിലെ 1985ലെ ആസിഡ് ബൾബ് ആക്രമണം നിയമസഭയിൽ ചൂടേറിയ ചർച്ചകൾക്കും വാഗ്വാദങ്ങൾക്കും വഴിവച്ചതോടെ, യൂണിവേഴിസ്റ്റി കോളേജിലെ എസ്.എഫ്.ഐയുടെ കിരാത രാഷ്ട്രീയം വീണ്ടും ചർച്ചാ വിഷയമായി മാറി. ആസിഡ് ആക്രമണം നേരിടുന്നവർക്ക് പെൻഷൻ അനുവദിക്കണമെന്ന ശ്രദ്ധക്ഷണിക്കൽ പ്രമേയത്തിനിടെയാണ് മഹാരാജാസിൽ എസ്.എഫ്.ഐ നടത്തിയ ആസിഡ് ബൾബ് ആക്രമണം അനൂപ് ജേക്കബ് സഭയിൽ ഉന്നയിച്ചത്. എൺപതുകൾ മുതൽ കേരളത്തിൽ ആസിഡ് ആക്രമണം നടക്കുന്നുണ്ടെന്ന് സമർത്ഥിക്കാനായിരുന്നു അനൂപിന്റെ ശ്രമം. എന്നാൽ എം.സ്വരാജ്, തലശേരി എംഎ‍ൽഎ ഷംസീർ തുടങ്ങിയ യുവ എംഎ‍ൽഎ മാർ ഇതിനെ എതിർത്തു.

ഇതിനു മറുപടിയായി പി.ടി. തോമസാണ് ആ ആസിഡ് ബൾബ് ആക്രമണത്തിന്റെ ചുരുൾ നിവർത്തിയത്. അജിത് പ്രകാശ്, പി.ഡി.രാജീവ് എന്നിവർക്കാണ് അന്ന് ആസിഡ് ആക്രമണത്തിൽ പരിക്കേറ്റത്. ഇതിൽ അജിത് പ്രകാശ് ഇന്നും ആസിഡ് ആക്രമണത്തിന്റെ ജീവിക്കുന്ന രക്തസാക്ഷിയാണ്. ഹൈക്കോടതിയിൽ അഭിഭാഷകനാണ് രാജീവ് ഇപ്പോൾ. എസ്.എഫ്.ഐക്കാർ എറിഞ്ഞ ആസിഡ് ബൾബാണ് അന്ന് മഹാരാജാസിൽ വീണ് പൊട്ടിയത്. യൂണിവേഴിസ്റ്റി കോളേജിലും എസ്.എഫ്.ഐ ഇതേ രീതിയാണ് തുടരുന്നത്. തോമസ് പറഞ്ഞു.

ഒരുപക്ഷേ കേരളത്തിലെ ആദ്യത്തെ ആസിഡ് ആക്രമണം മഹാരാജാസിലായിരിക്കും. 1985ലായിരുന്നു ആ സംഭവം. വിദ്യാർത്ഥി സംഘടനത്തിനിടയിൽ കോളേജിൽ ആസിഡ് ബൾബ് ആക്രമണം ഉണ്ടായി. പ്രിൻസിപ്പാളിന്റെ മുറിയിലേക്ക് ഓടിക്കയറിയ ഒരു കൂട്ടം വിദ്യാർത്ഥികൾക്ക് നേരെയാണ് ആസിഡ് ബൾബ് എറിഞ്ഞത്. ഇങ്ങനെയൊരു കറുത്ത ചരിത്രം മഹാരാജാസിനുണ്ട്. സംസ്ഥാനത്ത് അടിക്കടി വിദ്യാർത്ഥി സംഘട്ടനങ്ങളുണ്ടാകുന്ന കോളേജുകളിലൊന്നാണ് മഹാരാജാസ്. എസ്.എഫ്.ഐയുടെ പങ്കുള്ള ഈ കൃത്യം നിയമസഭാ രേഖകളിൽ വരരുതെന്നായിരുന്നു എം.സ്വരാജും ഷംസീറുമെല്ലാം ആഗ്രഹിച്ചത്. കഴിഞ്ഞവർഷം എറണാകുളം മഹാരാജാസ് കോളജിലുണ്ടായ സംഘർഷത്തിൽ രണ്ടാം വർഷ കെമിസ്ട്രി വിദ്യാർത്ഥിയും എസ്എഫ്‌ഐ നേതാവുമായ ഇടുക്കി മറയൂർ സ്വദേശി അഭിമന്യൂ കുത്തേറ്റു മരിച്ചിരുന്നു.

MNM Recommends


Most Read