വാർത്ത

അദ്ധ്യാപകരെ ആഘോഷപൂർവം കേക്കുമുറിച്ച് സ്വീകരിച്ചത് വലിയ തെറ്റായെന്ന് സമ്മതിച്ച് ട്രിനിറ്റി സ്‌കൂൾ മാനേജ്‌മെന്റ്; വിദ്യാഭ്യാസ വകുപ്പ് നിലപാട് കടുപ്പിച്ചതോടെ കുറ്റക്കാർക്ക് എതിരെ നടപടിയുണ്ടാവുമെന്നും വിശദീകരണം; പ്രിൻസിപ്പൽ സ്വയംവിരമിക്കുമെന്നും അറിയിച്ച് നിലപാടുമാറ്റി സ്‌കൂൾ അധികൃതർ

കൊല്ലം: ഗൗരി നേഹയുടെ മരണവുമായി ബന്ധപ്പെട്ട് സസ്‌പെൻഡ് ചെയ്യപ്പെട്ട അദ്ധ്യാപികമാർ തിരികെ എത്തിയപ്പോൾ ആഘോഷപൂർവം സ്വീകരണം നൽകിയ നടപടി തെറ്റായെന്ന് സമ്മതിച്ച് മാനേജ്‌മെന്റ്. ഇക്കാര്യം ചൂണ്ടിക്കാട്ടി മാനേജ്‌മെന്റ് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർക്ക് റിപ്പോർട്ട് നൽകി. ഇത്തരത്തിൽ സ്വീകരണം നൽകിയ വിഷയത്തിൽ സ്‌കൂൾ പ്രിൻസിപ്പലിനെതിരെ നടപടി ആവശ്യവും ഉയർന്നിരുന്നു. പ്രിൻസിപ്പൽ സ്വയം വിരമിക്കുമെന്നും മാനേജ്‌മെന്റ് വ്യക്തമാക്കിയിട്ടുണ്ട്്.

ഗൗരി നേഹയുടെ മരണവുമായി ബന്ധപ്പെട്ട് പീഡനാരോപണം ഉയർന്നതിനെ തുടർന്നാണ് അദ്ധ്യാപികമാർ സസ്‌പെൻഡ് ചെയ്യപ്പെട്ടത്. എന്നാൽ തിരികെ ഇവർ സ്‌കൂളിൽ പ്രവേശിക്കാൻ എത്തിയതോടെ അത് കേക്കുമുറിച്ച് ആഘോഷമാക്കുകയായിരുന്നു സ്‌കൂൾ അധികൃതർ. ഇതോടെയാണ് സംഭവം വിവാദമായത്. ഇതേത്തുടർന്ന് ഇത്തരമൊരു സ്വീകരണം ഒരുക്കിയതിന് കൂട്ടുനിന്ന പ്രിൻസിപ്പലിനെ പുറത്താക്കണമെന്ന് വിദ്യാഭ്യാസ വകുപ്പ് നിർദ്ദേശം നൽകിയിരുന്നു. എന്നാൽ ആദ്യഘട്ടത്തിൽ ഇതിന് തയ്യാറെന്ന നിലപാടാണ് സ്‌കൂൾ മാനേജ്‌മെന്റ് സ്വീകരിച്ചത്. ഇതോടെ സർക്കാരിന്റെ ഭാഗത്തുനിന്ന് സ്‌കൂൾ അടച്ചുപൂട്ടുന്നതുൾപ്പെടെ കടുത്ത നടപടി ഉണ്ടായേക്കുമെന്ന സൂചനകളും പുറത്തുവന്നു. ഇതിന് പിന്നാലെയാണ് ഇപ്പോൾ തെറ്റുസമ്മതിച്ച് ക്ഷമാപണവുമായി മാനേജ്‌മെന്റ് രംഗത്തെത്തിയത്.

നേരത്തെ, ഒരുതരത്തിലുള്ള കുറ്റങ്ങളും തങ്ങളുടെ ഭാഗത്തുനിന്ന് ഉണ്ടായില്ലെന്ന നിലപാടിലായിരുന്നു മാനേജ്‌മെന്റ്. എന്നാൽ നടപടി വേണമെന്ന് ഡിഡിഇ നിലപാട് കടുപ്പിച്ചു. ഇതോടെയാണ് മാനേജ്‌മെന്റിന്റെ പുതിയ നീക്കം.

ഗൗരിനേഹയുടെ മരണവുമായി ബന്ധപ്പെട്ട് ആരോപണവിധേയരായ രണ്ട് അദ്ധ്യാപികമാരെ കേക്കുമുറിച്ച് ആഘോഷപൂർവം തിരിച്ചെടുത്ത നടപടി തെറ്റായിപ്പോയിയെന്ന് മാനേജ്‌മെന്റ് വിദ്യാഭ്യാസ വകുപ്പിന് നൽകിയ വിശദീകരണത്തിൽ വ്യക്തമാക്കുന്നു. ഇത്തരമൊരു നടപടി സ്‌കൂൾ അച്ചടക്കത്തിനും മറ്റും എതിരാണ്. ആഘോഷം സംഘടിപ്പിച്ചവർക്ക് എതിരെ അച്ചടക്ക നടപടി ഉണ്ടാവും. പ്രിൻസിപ്പൽ സ്വയം ഒഴിഞ്ഞുപോകാൻ താൽപര്യം അറിയിച്ചിട്ടുണ്ട്. ഇക്കാര്യം മാനേജ്‌മെന്റ് പരിഗണിക്കും. അദ്ദേഹത്തിന്റെ കരാർ പുതുക്കില്ലെന്നും വിശദീകരണത്തിൽ പറയുന്നു.

വിദ്യാർത്ഥിനിയുടെ മരണവുമായി ബന്ധപ്പെട്ട് അദ്ധ്യാപികമാർക്ക് എതിരെ കേസുള്ളതാണ്. ഇതിൽ ഇവർക്ക് ജാമ്യം ലഭിച്ചതാണ്. അതിനാലാണ് ഇവരെ തിരിച്ചെടുത്തത്. ഇത്തരം സംഭവങ്ങൾ സ്‌കൂളിന് വലിയരീതിയിൽ അപമാനമുണ്ടാക്കി. അതിനാൽ തന്നെ ഇത്തരം കാര്യങ്ങളൊന്നും മാനേജ്‌മെന്റ് അനുവദിച്ചുകൊടിക്കില്ല. - വിശദീകരണത്തിൽ വ്യക്തമാക്കുന്നു.

അതേസമയം, പ്രിൻസിപ്പലിനെ പുറത്താക്കുമെന്ന് പറയുമ്പോഴും എന്തൊക്കെ നടപടിയെടുത്തു എന്ന് മാനേജ്‌മെന്റ് വ്യക്തമാക്കിയിട്ടില്ല. ഏതായാലും ഈ മറുപടിയിൽ ഡിഡിഇയുടെ തീരുമാനം ഇന്നുതന്നെ ഉണ്ടാകുമെന്നാണ് ലഭിക്കുന്ന സൂചനകൾ. അദ്ധ്യാപകരെ ആഘോഷപൂർവം തിരിച്ചെടുത്തതിനെ തുടർന്ന് ഇതിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിലൂടെ പ്രചരിച്ചതോടെയാണ് ഇക്കാര്യം ചർച്ചയായത്. ഇതോടെ വിദ്യാഭ്യാസ വകുപ്പ് നടപടിക്ക് നോട്ടീസ് നൽകുകയായിരുന്നു. പ്രിൻസിപ്പലിനെ പുറത്താക്കണമെന്ന നിർദ്ദേശം സ്‌കൂൾ മാനേജ്‌മെന്റിന് വിദ്യാഭ്യാസ വകുപ്പ് കൈമാറി. എന്നാൽ പ്രിൻസിപ്പലിനെ മാറ്റാൻ കഴിയില്ലെന്ന നിലപാടാണ് മാനേജ്‌മെന്റ് ആദ്യം കൈക്കൊണ്ടത്. സാങ്കേതിക അർത്ഥത്തിൽ ചുമതല കൈമാറ്റത്തിന് സാധ്യതയുണ്ടെന്നും അതിന് അപ്പുറം ഒന്നും സംഭവിക്കില്ലെന്നുമുള്ള നിലയിലേക്ക് കാര്യങ്ങൾ നീങ്ങി. ഇതോടെയാണ് സർക്കാർ നിലപാട് കടുപ്പിച്ചത്.

അദ്ധ്യാപകരെ ആഘോഷപൂർവം തിരിച്ചെടുത്തത് അംഗീകരിക്കാനാകില്ലെന്ന് വിദ്യാഭ്യാസ വകുപ്പ് വ്യക്തമാക്കിയിരുന്നു. പ്രിൻസിപ്പൽ ജോണിന് പ്രായപരിധി കഴിഞ്ഞുവെന്നും ഡി.ഡി.ഇ കൈമാറിയ കത്തിൽ പറഞ്ഞിരുന്നു സംസ്ഥാനത്ത് ഏറെ പ്രതിഷേധങ്ങൾക്കിടയാക്കിയ സംഭവമാണ് ഗൗരി നേഹയുടെ ആത്മഹത്യ. സംഭവത്തിൽ കുറ്റാരോപിതരായ അദ്ധ്യാപകരെ മൂന്ന് മാസങ്ങൾക്ക് ശേഷം ആഘോഷപൂർവം സ്‌കൂളിൽ തിരിച്ചെടുക്കുകയും സസ്‌പെൻഷൻ കാലയളവ് അവധിയായി പരിഗണിച്ച് ശമ്പളം നൽകാൻ തീരുമാനിക്കുകയുമായിരുന്നു. കേക്ക് മുറിച്ചും പൂച്ചെണ്ട് നൽകിയും എല്ലാ ആനുകൂല്യങ്ങളും നൽകിയും അദ്ധ്യാപകരെ തിരിച്ചെടുക്കാൻ പ്രിൻസിപ്പലിന്റെ നേതൃത്വത്തിലാണ് തീരുമാനിച്ചത്. ആഘോഷത്തിന്റെ ഫോട്ടോകൾ സോഷ്യൽ മീഡിയയിൽ വൈറാലായി. ഇതോടെ വിദ്യാർത്ഥിയുടെ ജന്മദിനാഘോഷമെന്ന് വ്യഖ്യാനിക്കാനും ശ്രമിച്ചു. എന്നാൽ വെൽകം ബാക് എന്ന് കേക്കിൽ എഴുതിയത് വിവാദമായി. ഇതോടെയാണ് പൊതു വിദ്യാഭ്യാസ വകുപ്പ് പ്രശ്നത്തിൽ ഇടപെട്ടത്.

പല തവണ വിശദീകരണം ചോദിച്ചുവെങ്കിലും വ്യക്തമായ മറുപടി നൽകാൻ പ്രിൻസിപ്പൽ തയ്യാറായില്ലെന്നും വിദ്യാഭ്യാസ വകുപ്പിന്റെ കത്തിൽ പറഞ്ഞിരുന്നു. ഉത്തരവാദിത്തപ്പെട്ട സ്ഥാനത്തിരുന്ന് ചെയ്യാൻ പറ്റുന്ന കാര്യമല്ല പ്രിൻസിപ്പൽ ചെയ്തത്. പ്രിൻസിപ്പലിനെ പുറത്താക്കുകയും കൂടെയുള്ള അദ്ധ്യാപകർക്കെതിരെ നടപടി സ്വീകരിക്കുകയും ചെയ്യണമെന്നും വിദ്യാഭ്യാസ വകുപ്പ് നിർദ്ദേശിച്ചു. ഇതൊന്നും മാനേജ്മെന്റ് അംഗീകരിക്കാതിരുന്നതോടെയാണ് സർക്കാരിന്റെ ഭാഗത്തുനിന്ന് കടുത്ത നടപടി ഉണ്ടാവുമെന്ന നിലയിലേക്ക് കാര്യങ്ങൾ എത്തിയത്. ഇതോടെയാണ് ഇപ്പോൾ ക്ഷമാപണവുമായി മാനേജ്‌മെന്റ് തെറ്റുസമ്മതിച്ച് രംഗത്തെത്തിയതെന്നാണ് സൂചന.

 

MNM Recommends


Most Read