വാർത്ത

കോടികളുടെ ഇടപാട് ബാങ്ക് വഴി നടന്നിട്ടും കെഎസ്ആർടിസി ജീവനക്കാർക്ക് വായ്പ അനുവദിക്കാൻ എസ്‌ബിഐക്ക് മടി; തൊഴിലാളികൾക്ക് വായ്പ അനുവദിച്ചില്ലെങ്കിൽ കെഎസ്ആർടിസിയുടെ അക്കൗണ്ട് എസ്‌ബിഐയിൽ നിന്ന് മാറ്റുമെന്ന് ഭീഷണിപ്പെടുത്തി തച്ചങ്കരിയും: എം.ഡി മീശപിരിച്ചപ്പോൾ ഒരാഴ്ചയ്ക്കകം തീരുമാനം അറിയിക്കാമെന്ന് മറുപടി നൽകി എസ്‌ബിഐ

തിരുവനന്തപുരം: കെഎസ്ആർടിസി ജീവനക്കാർക്കു വായ്പ നിഷേധിക്കുന്ന സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ നടപടിക്കെതിരെ എംഡി ടോമിൻ തച്ചങ്കരി രംഗത്ത്. കെഎസ്ആർടിസി ജീവനക്കാർക്ക് വായ്പ അനുവദിച്ചില്ലെങ്കിൽ പ്രതിവർഷം കോടികളുടെ ഇടപാട് നടക്കുന്ന കെഎസ്ആർടിസിയുടെ അക്കൗണ്ട് എസ്‌ബിഐയിൽ നിന്നും മാറ്റുമെന്നാണ് തച്ചങ്കരി ബാങ്ക് അധികൃതരെ അറിയിച്ചിരിക്കുന്നത്.

ജീവനക്കാർക്കു വായ്പ അനുവദിച്ചില്ലെങ്കിൽ കെഎസ്ആർടിസിയുടെ അക്കൗണ്ട് എസ്‌ബിഐയിൽ നിന്നു മാറ്റുന്നത് ആലോചിക്കേണ്ടിവരുമെന്നു കാണിച്ച് തച്ചങ്കരി എസ്‌ബിഐക്ക് കത്തു നൽകി. ഇതോടെ ഒരാഴ്ചയ്ക്കകം തീരുമാനമറിയിക്കാമെന്നാണ് എസ്‌ബിഐ മറുപടി നൽകിയിരിക്കുന്നത്.

മാസങ്ങളായി ശമ്പളം വൈകി ലഭിച്ചതിനെത്തുടർന്നു ജീവനക്കാരുടെ വായ്പാ തിരിച്ചടവ് മുടങ്ങിയിരുന്നു. ക്രിസിൽ റേറ്റിങ്ങിൽ കെഎസ്ആർടിസി ജീവനക്കാരുടെ സ്‌കോർ കുറഞ്ഞതിനെത്തുടർന്നാണ് എസ്‌ബിഐ നിയന്ത്രണം ഏർപ്പെടുത്തിയത്. തൊഴിലാളികൾക്ക് വായ്പ നൽകിയിൽ കെഎസ്ആർടിസിയുടെ അക്കൗണ്ട് കാനറാ ബാങ്കിലേക്ക് മാറ്റുമെന്നാണ് തച്ചങ്കരി വ്യക്തമാക്കിയിരിക്കുന്നത്.

പ്രതിവർഷം 2000 കോടിയുടെ ഇടപാടാണു കെഎസ്ആർടിസി എസ്‌ബിഐ വഴി നടത്തുന്നത്. ജീവനക്കാർക്കു വായ്പ ലഭ്യമാക്കാൻ എസ്‌ബിഐ നടപടിയെടുത്തില്ലെങ്കിൽ അക്കൗണ്ട് കാനറ ബാങ്കിലേക്കു മാറ്റാനാണ് എംഡിയുടെ തീരുമാനം. പൊതുമേഖലാബാങ്ക് ആണെന്നതിനു പുറമെ കെഎസ്ആർടിസിക്കു വായ്പ നൽകിയ കൺസോർഷ്യത്തിലും കാനറ ബാങ്ക് ഉണ്ട്. ഇതാണ് ഇത്തരത്തിലൊരു നീക്കത്തിന് തച്ചങ്കരിയെ പ്രേരിപ്പിക്കുന്നത്.

 

MNM Recommends


Most Read