വാർത്ത

ദളിത് യുവാവിനെ വധിക്കാൻ ശ്രമിച്ച കേസ്: സിഐടിയുക്കാർ അടക്കം നാലുപേർ അറസ്റ്റിൽ; വധശ്രമത്തിന്റെ കാരണം ഇപ്പോഴും ദുരൂഹം; ഗുരുതര പരിക്കേറ്റ യുവാവ് ചികിത്സയിൽ തുടരുന്നു

പെരുമ്പാവൂർ: കൂവപ്പടിയിൽ ദളിത് യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ സി ഐ ടി യുക്കാർ ഉൾപ്പെടെ നാല് പേർ അറസ്റ്റിൽ. ഓടയ്ക്കാലി ഏക്കുന്നം ഈരങ്കുഴി വീട്ടിൽ പള്ളിയാന്റെ മകൻ ബിജു (44), ഏക്കുന്നം പുറഞ്ചിറ വീട്ടിൽ കുഞ്ഞോലിന്റെ മകൻ ബിജു (41), റയോൺപുരം പടയാട്ടിൽ വീട്ടിൽ കുര്യാക്കോസിന്റെ മകൻ മലപ്പുറം ബാബു എന്ന് വിളിക്കുന്ന എൽദോസ് (47), ഓടയ്ക്കാലി ഉദയകവല നമ്പേലിൽ വീട്ടിൽ കുഞ്ഞപ്പന്റെ മകൻ ഷാജി (36) എന്നിവരെയാണ് കോടനാട് പൊലീസ് അറസ്റ്റ് ചെയ്തത്. ഇക്കഴിഞ്ഞ മെയ് 29 ന് അയ്മുറിയിൽ ടൂവീലറിൽ പോകുന്നതിനിടെ പിന്തുടർന്ന് ബിജുവിന്റെ ഇരുകൈകാലുകളും നട്ടെല്ലും ഇവർ തല്ലിയൊടിക്കുകയും വടിവാൾ ഉപയോഗിച്ച് വെട്ടുകയുമായിരുന്നു. ഇതേത്തുടർന്ന് ഇയാൾ ഇപ്പോഴും ചികിത്സയിലാണ്.

സംഭവത്തിൽ കേസെടുക്കാൻ മടി കാണിച്ചതിനെത്തുടർന്ന് കേരളാ സ്റ്റേറ്റ് ഹരിജൻ സമാജം കേസിൽ ഇടപെടുകയും പെരുമ്പാവൂർ ഡിവൈ എസ് പി ഓഫീസ് ഉപരോധം വരെ സംഘടിപ്പിക്കുകയും ചെയ്തിരുന്നു. ഇതേത്തുടർന്ന് പൊലീസ് അന്വേഷണം നടത്തി പ്രതികളെ പിടികൂടുകയായിരുന്നു. സംഘം ചേരൽ, വധശ്രമം തുടങ്ങിയ വകുപ്പുകളിലാണ് കേസ് എടുത്തിരിക്കുന്നത്. അതിനിടെ, പട്ടികജാതി അക്രമനിരോധന നിയമം, ഗൂഢാലോചന, ആയുധം ഉപയോഗിക്കൽ എന്നീ വകുപ്പുകളും ഉൾപ്പെടുത്താത്തതിനെതിരെ ഹരിജൻ സമാജം പ്രതിഷേധവുമായി രംഗത്തുണ്ട്. ദളിത് യുവാവിനെ കൊലപ്പെടുത്തുകയായിരുന്നൂ ലക്ഷ്യമെന്ന് പ്രതികൾ സമ്മതിച്ചതായാണ് സൂചന. എന്നാൽ കുറ്റകൃത്യം ചെയ്യാനുള്ള കാരണത്തേക്കുറിച്ച് ഇപ്പോഴും അവ്യക്തത തുടരുകയാണ്. പ്രതികളെ കോടതിയിൽ ഹാജരാക്കി.

മറുനാടന്‍ മലയാളി ലേഖകന്‍. prakash@marunadan.in

MNM Recommends


Most Read