വാർത്ത

രണ്ട് വർഷം ഓമനിച്ചും താലോലിച്ച് വളർത്തിയ തലമുടി ക്യാൻസർ രോഗികൾക്ക് വേണ്ടി മുറിച്ചു നൽകി രണ്ടാം ക്ലാസുകാരൻ; മുടി കൊഴിഞ്ഞ ക്യാൻസർ രോഗികൾക്കായി വിഗ് ഉണ്ടാക്കാൻ മുടി ദാനം നൽകിയത് അശ്വന്ത്; ഇനിയും മുടി വളർത്താനും ദാനം ചെയ്യാനും സന്തോഷമേ ഒള്ളൂവെന്നും കൊച്ചുമിടുക്കൻ

മലപ്പുറം: കഴിഞ്ഞ രണ്ടുവർഷം താൻ ഓമനിച്ചും പരിപാലിച്ചും വളർത്തിയ തലമുടി ക്യാൻസർ രോഗികൾക്ക് ദാനം നൽകി രണ്ടാം ക്ലാസുകാരൻ. മലപ്പുറം അങ്ങാടിപ്പുറം ചരക്കാപറമ്പിൽ മുക്കിലായിൽ അനീഷ് - ദീപ്തി ദമ്പതികളുടെ മകനാണ് അശ്വന്ത് എന്ന ഈ കൊച്ചുമിടുക്കൻ. ഈ ചെറുപ്രായത്തിൽ തന്നെ കാൻസർ രോഗികൾക്ക് തന്നാൽ കഴിയും വിധത്തിലുള്ള സഹായം ചെയ്ത് മാതൃകയാവുകയാണ് അശ്വന്ത്.

തൃശൂർ അമല ഹോസ്പിറ്റലിലാണ് അശ്വന്തിന്റെ മുടി ദാനം നൽകിയത്. മുടി കൊഴിഞ്ഞ ക്യാൻസർ രോഗികൾക്കായി വിഗ് ഉണ്ടാക്കാൻ മുടി ദാനം നൽകണം എന്ന ആഗ്രഹം സാക്ഷാത്കരിക്കാൻ രണ്ടുവർഷത്തോളമായി അശ്വന്ത് മുടി നീട്ടി വളർത്താൻ തുടങ്ങിയിട്ട്. സ്‌കൂളിൽ ചേരുമ്പോൾ തന്നെ നീട്ടിവളർത്തിയ തലമുടിയുമായി വരുന്ന അശ്വന്ത് ടീച്ചർമാർക്കും, സഹപാഠികൾക്കും കൗതുകമായിരുന്നു. മുടി നീട്ടിവളർത്തുന്നതിന്റെ കാരണമറിഞ്ഞപ്പോൾ അദ്ധ്യാപകർ അശ്വന്തിന് പിന്തുണയായി.

തന്റെ ഒരു ബന്ധു ക്യാൻസർ രോഗികൾക്ക് മുടി നൽകുമായിരുന്നു. ഈ പ്രവർത്തി അശ്വന്തിന്റെ കുഞ്ഞു മനസ്സിൽ മുടി വളർത്തുവാനും ദാനം നൽകുന്നതിനുമെല്ലമുള്ള പ്രചോദനമായി മാറി. രണ്ടു വർഷത്തിനിടയിൽ കൊച്ചു മിടുക്കന്റെ നീട്ടിവളർത്തിയ മുടികണ്ടു സ്‌കൂളിലെ കൂട്ടുകാരടക്കം കളിയാക്കിയിരുന്നു. വളരെ ചെറുപ്പത്തിൽ തന്നെ മനസിൽ കയറി കൂടിയ ആഗ്രഹത്തിനു മുമ്പിൽ കളിയാക്കലുകളെയെല്ലാം അശ്വന്ത് അവജ്ഞതയോടെ തള്ളി.

നീട്ടിവളർത്തിയ തലമുടി മുറിച്ചതിൽ അശ്വന്തിന് സങ്കടമില്ല. മുടിവളർത്തി ക്യാൻസർ രോഗികായി ദാനം ചെയ്യണമെന്നത് കുഞ്ഞന്നാളിലെ ആഗ്രഹമായിരുന്നു. ഇനിയും മുടിവളർത്താനും ദാനം ചെയ്യാനും സന്തോഷമേ ഒള്ളൂവെന്നും കളങ്കമില്ലാത്ത ചെറു ചിരിയോടെ അശ്വന്ത് പറയുന്നു.

 

MNM Recommends


Most Read