വാർത്ത

ഉപ്പളയിൽ ബൈക്കിലെത്തിയ മുഖംമൂടി സംഘം യുവാവിനെ വെട്ടി; പരിക്കേറ്റ പ്രണവ് ബഹളം വെച്ചതു കേട്ട് സമീപവാസികൾ ഓടിയെത്തിയതോടെ മൂന്നംഗ അക്രമി സംഘം രക്ഷപ്പെട്ടു; മഞ്ചേശ്വരത്തു ഒരാഴ്‌ച്ച മുമ്പ് നടന്ന ആക്രമണവുമായി സംഭവത്തിന് ബന്ധമെന്ന് സൂചന; ഉപതിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ ആക്രമണങ്ങളെ ഗൗരവമായി കണ്ട് പൊലീസ്

ഉപ്പള: കാസർകോട് ജില്ലയിലെ ഉപ്പളയിൽ യുവാവിനെ വെട്ടേറ്റു. ഉപ്പള പത്വാടി ദദ്ധങ്കടി സ്വദേശി ജയറാം ഭണ്ടാരിയുടെ മകൻ പ്രണവ് (26) ഭണ്ടാരിക്കാണ് വെട്ടേറ്റത്. ഗുരുതര പരിക്കേറ്റ ഇയാളെ മംഗളൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വ്യാഴാഴ്‌ച്ച പുലർച്ചെ അഞ്ചരയോടെയാണ് സംഭവം. ആർമി റിക്യൂർട്ട്‌മെന്റിൽ സെലക്ഷൻ ലഭിച്ച പ്രണവ് പുലർച്ചെ നടക്കാനിറങ്ങിയതായിരുന്നു.

ഈ സമയം ബൈക്കിലെത്തിയ മുഖംമൂടി ധരിച്ച മൂന്നംഗ സംഘം കത്തി കൊണ്ട് ഇയാളെ കുത്തുകയായിരുന്നു. ബഹളം വെച്ചതിനെ തുടർന്ന് സമീപവാസികൾ ഓടിയെത്തിയതോടെ സംഘം രക്ഷപ്പെടുകയായിരുന്നു. നമ്പർ പ്ലേറ്റ് ഇല്ലാത്ത ബൈക്കിലെത്തിയവരാണ് അക്രമം നടത്തിയത്. ഗുരുതര പരിക്കേറ്റ ഇയാളെ മംഗളൂരു എ.ജെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

സമാന രീതിയിൽ ബുധനാഴ്‌ച്ച രാത്രിൽ 10.30 ഓടെ മീഞ്ച പഞ്ചായത്തിലെ മിയാപദവ് ടൗണിന് സമീപത്ത് ലക്ഷംവീട് കോളനിക്ക് സമീപത്തെ ഇബ്രാഹിമിന്റെ മകൻ മുഹമ്മദ് ഫൈസലി (25)ന് വെട്ടേറ്റിരുന്നു. രണ്ടു സംഭവത്തിനു പിന്നിലും ഒരേ സംഘമാണെന്നാണ് സൂചന. തെരെഞ്ഞെടുപ്പ് അടുത്തതോടെ സാമുദായിക സംഘർഷം ലക്ഷ്യമാക്കിയാണ് അക്രമം നടത്തിയതെന്നാണ് പൊലീസ് നിഗമനം. അക്രമത്തിന്റെ പശ്ചാത്തലത്തിൽ ജില്ലയിൽ അതീവ ജാഗ്രത പുലർത്തുകയാണ് പൊലീസ്. മറ്റിടങ്ങളിലേക്ക് സംഘർഷം പടരാതിരിക്കാനുള്ള ശ്രമത്തിലാണ് പൊലീസ്.

MNM Recommends


Most Read