വാർത്ത

സലഫികളും ജമാഅത്തെ ഇസ്‌ളാമിയുമാണ് മതത്തിന്റെ സന്ദേശങ്ങളെ തെറ്റായി അവതരിപ്പിക്കുന്നത്; പരമ്പരാഗത ജ്ഞാനമോ ഇസ്‌ളാമിക രീതിശാസ്ത്രമോ ഇവർ പിന്തുടരുന്നില്ല; കുഴപ്പം സൃഷ്ടിക്കുന്നവരെ തിരിച്ചറിയണമെന്ന് കാന്തപുരം

കോഴിക്കോട്: സമൂഹത്തിൽ കുഴപ്പം സൃഷ്ടിക്കുന്നവരെ തിരിച്ചറിയണമെന്നും യഥാർത്ഥ ഇസ്‌ളാമിക ജ്ഞാനം ഇല്ലാത്തവരാണ് പ്രശ്‌നങ്ങൾക്ക് കാരണമെന്നും കാന്തപുരം എ പി അബൂബക്കർ മുസലിയാർ. പരമ്പരാഗതമായ ജ്ഞാനമോ ഇസ്ലാമിക രീതിശാസ്ത്രമോ പിന്തുടരാത്തവരാണ് സലഫികളും ജമാഅത്തെ ഇസ്ലാമി തുടങ്ങിയ സംഘടനകളും. ഇവരെല്ലാമാണ് മതത്തിന്റെ സന്ദേശങ്ങളെ തെറ്റായി അവതരിപ്പിച്ച് സമൂഹത്തിൽ കുഴപ്പം സൃഷ്ടിക്കാൻ ശ്രമിക്കുന്നത്. ഇത് പൊതുസമൂഹം തിരിച്ചറിയണം - കാന്തപുരം പറഞ്ഞു.

അത്തരം പ്രശ്നകരമായ ചിന്തകളെ പ്രതിരോധിച്ച് മുസ്ലിം സമൂഹത്തെ ശരിയായി നയിക്കാൻ ശേഷിയുള്ള പണ്ഡിതന്മാരെയാണ് മർകസ് പോലുള്ള സുന്നി സ്ഥാപങ്ങൾ കേരളത്തിൽ രൂപപ്പെടുത്തുന്നതെന്നും കാന്തപുരം അഭിപ്രായപ്പെട്ടു. മർകസ് ശരീഅത്ത് കോളേജിലെ പുതിയ അക്കാദമിക സംവിധാനം പരിചപ്പെടുത്താൻ സംഘടിപ്പിച്ച ഓറിയന്റേഷൻ ലക്ചർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

മർകസിന്റെ പ്രവർത്തനങ്ങളേയും കാന്തപുരം അഭിനന്ദിച്ചു. ഇസ്ലാമിക വൈജ്ഞാനിക പഠനത്തിൽ ലോകത്ത് നിലവിലുള്ളതിൽ ഏറ്റവും മികച്ച മാതൃകയിൽ കോഴ്സുകൾ തയ്യാറാക്കുന്നുണ്ട് മർകസ്. മതപരമായി ആഴത്തിലുള്ള അറിവ് നേടുകയും സമൂഹത്തിനു ഭാവിയിൽ ശുഭകരമായി നേതൃത്വം നൽകാൻ ശേഷിയുള്ള ജ്ഞാനികളെ വളർത്തിയെടുക്കുകയാണ് മർകസ് ചെയ്യുന്നതെന്നും കാന്തപുരം പറഞ്ഞു.

ശരീഅത്ത് കോളേജിന്റെ ഭാഗമായി നാല് കോളേജുകളും ഏഴു ഡിപ്പാർട്ട്മെന്റുകളും ലോകോത്തര ഇസ്ലാമിക യൂണിവേഴ്സിറ്റികളുടെ മാതൃകയിൽ മർകസിൽ ഈ അധ്യയന വർഷം മുതൽ നിലവിൽ വരും. പുതുതായി പ്രഖ്യാപിച്ച കോഴ്സുകളിലേക്ക് പ്രവേശനം നേടാൻ ആയിരത്തോളം വിദ്യാർത്ഥികൾ മർകസിലെത്തിയിരുന്നു.

MNM Recommends


Most Read