വാർത്ത

ബന്ധുനിയമനത്തിൽ മുൻ മന്ത്രി ഇ പി ജയരാജനെ ഒന്നാം പ്രതിയാക്കി വിജിലൻസ് എഫ്‌ഐആർ; രണ്ടാം പ്രതി പി കെ സുധീർ; മൂന്നാം പ്രതിയായി വ്യവസായ പ്രിൻസിപ്പൽ സെക്രട്ടറി പോൾ ആന്റണിയും; സ്വന്തക്കാരുടെ നിയമനം വീണ്ടും വിവാദത്തിൽ

തിരുവനന്തപുരം: മുൻ മന്ത്രി ഇ പി ജയരാജനെ ഒന്നാം പ്രതിയാക്കി വിജിലൻസ് എഫ്‌ഐആർ. ബന്ധുനിയമനം നടത്തിയെന്ന കേസിലാണ് ജയരാജനെതിരെ എഫ്‌ഐആർ. മന്ത്രി പി കെ ശ്രീമതിയുടെ മകൻ പി കെ സുധീറാണു കേസിൽ രണ്ടാം പ്രതി.

വ്യവസായ പ്രിൻസിപ്പൽ സെക്രട്ടറി പോൾ ആന്റണി മൂന്നാം പ്രതിയാണ്. ജയരാജനെതിരെ വിശദമായ അന്വേഷണം വേണമെന്ന് കോടതിയിൽ സമർപ്പിച്ച ത്വരിതാന്വേഷണ റിപ്പോർട്ടിൽ വിജിലൻസ് പറയുന്നു.

വ്യവസായ വകുപ്പിന് കീഴിലെ പൊതുമേഖലാ സ്ഥാപനങ്ങളുടെ തലപ്പത്ത് സ്വന്തക്കാരെ നിയമിച്ച ജയരാജന്റെ നടപടിയാണ് വിവാദമായത്. മന്ത്രിയായിരിക്കെയാണു നിയമനങ്ങൾ നടത്തിയത്. വിവാദത്തിൽ സിപിഐ(എം) സംസ്ഥാന സെക്രട്ടറിയേറ്റിന്റെ നിർദ്ദേശ പ്രകാരം ജയരാജൻ മന്ത്രിസ്ഥാനം രാജിവച്ചിരുന്നു.

പാർട്ടി കേന്ദ്ര കമ്മിറ്റിയംഗം പി.കെ.ശ്രീമതി എംപിയുടെ മകൻ പി.കെ.സുധീറിനെ കേരള സ്റ്റേറ്റ് ഇൻഡസ്ട്രിയൽ എന്റർപ്രൈസസിന്റെ മാനേജിങ് ഡയറക്ടറായി നിയമിച്ചതടക്കമുള്ള നിയമനങ്ങളാണ് വിവാദമായത്. മന്ത്രി ഇ.പി. ജയരാജന്റെ ഭാര്യാസഹോദരിയാണ് പി.കെ. ശ്രീമതി. ഇതിന് ന്യായീകരണമായി ജയരാജൻ നടത്തിയ പ്രതികരണവും ഏറെ ചർച്ചയ്ക്കിടയാക്കിയിരുന്നു. പാർട്ടി അനുഭാവികളടക്കം രംഗത്തെത്തിയതോടെ മുഖ്യമന്ത്രി ഇടപെട്ട് നിയമനം റദ്ദാക്കുകയായിരുന്നു. തുടർന്ന് ഇ പിക്കു മന്ത്രിസ്ഥാനവും രാജിവയ്‌ക്കേണ്ടി വന്നു.

MNM Recommends


Most Read