വാർത്ത

മാർത്തോമ്മാ സഭയുടെ സഫ്രഗൻ മെത്രാപ്പൊലീത്തയായി ഡോ. ഗീവർഗീസ് മാർ തിയഡോഷ്യസിനെ നിയമിച്ചു

തിരുവല്ല: മാർത്തോമ്മാ സഭയുടെ സഫ്രഗൻ മെത്രാപ്പൊലീത്തയായി മുംബൈ ഭദ്രാസനാധിപൻ ഡോ. ഗീവർഗീസ് മാർ തിയഡോഷ്യസിനെ നിയമിച്ചു. ഇന്നലെ കുറ്റാലം മാർത്തോമ്മാ ബിഷപ്‌സ് റിട്രീറ്റ് സെന്ററിൽ ചേർന്ന എപ്പിസ്‌കോപ്പൽ സിനഡിനു ശേഷം ഡോ.ജോസഫ് മാർത്തോമ്മാ മെത്രാപ്പൊലീത്തയാണ് തീരുമാനം അറിയിച്ചത്. സഭയിലെ രണ്ടാമത്തെ പദവിയാണ് സഫ്രഗൻ മെത്രാപ്പൊലീത്ത. ഏപ്രിൽ ഒന്നിന് ചുമതലയേൽക്കും. റാന്നി ഭദ്രാസന അധ്യക്ഷനായും പ്രവർത്തിക്കും. ഡൽഹി ഭദ്രാസനാധിപൻ ഗ്രിഗോറിയോസ് മാർ സ്‌തേഫാനോസിന് മുംബൈയുടെ ചുമതലകൂടി നൽകാനും തീരുമാനമായി.

കൊല്ലം അഷ്ടമുടി ഇമ്മാനുവൽ മാർത്തോമ്മാ ഇടവകയിലെ കിഴക്കേ ചക്കാലയിൽ പരേതരായ ഡോ. കെ.ജെ.ചാക്കോയുടെയും മറിയാമ്മയുടെയും മകനായി 1949 ഫെബ്രുവരി 19ന് ആയിരുന്നു ജനനം. കോട്ടയം എംടി സെമിനാരി സ്‌കൂൾ, ബസേലിയസ് കോളജ്, തിരുവല്ല മാർത്തോമ്മാ കോളജ്, ജബൽപൂർ ലിയോനാർഡ് തിയോളജിക്കൽ കോളജ് എന്നിവിടങ്ങളിൽ വിദ്യാഭ്യാസം.

1972 ജൂൺ 24ന് ശെമ്മാശനും 1873 ഫെബ്രുവരിയിൽ വൈദികനുമായി. 1989 നവംബർ നാലിന് റമ്പാനും ഡിസംബർ 9 ന് എപ്പിസ്‌കോപ്പയുമായി. ശാന്തിനികേതനിലെ വിശ്വഭാരതി സർവകലാശാലയിൽ മതങ്ങളുടെ താരതമ്യ പഠനം നടത്തി. സമൂഹ നവോത്ഥാനത്തിൽ ശ്രീനാരായണ ഗുരുവിന്റെ സ്വാധീനം എന്ന വിഷയത്തിൽ കാനഡയിലെ മക് മാസ്റ്റർ സർവകലാശാലയിൽനിന്നു പിഎച്ച്ഡി നേടി. കുന്നംകുളം - മലബാർ, തിരുവനന്തപുരം - കൊല്ലം, ചെന്നൈ - ബെംഗളൂരു, മലേഷ്യ- സിംഗപ്പുർ- ഓസ്‌ട്രേലിയ, നോർത്ത് അമേരിക്ക - യൂറോപ്പ് എന്നീ ഭദ്രാസനങ്ങളുടെ ചുമതലവഹിച്ചിട്ടുണ്ട്. മാർത്തോമ്മാ സഭയുടെ സാമൂഹിക പ്രസ്ഥാനമായ മുംബൈ നവോദയയുടെ അധ്യക്ഷനുമാണ്. ഇന്ന് ഡോ.ഗീവർഗീസ് മാർ തിയഡോഷ്യസിന്റെ ജന്മദിനമാണ്.

 

 

 

മറുനാടന്‍ മലയാളി ബ്യൂറോ

MNM Recommends


Most Read