വാർത്ത

തുനീസിയിൽ സമുദ്രാതിർത്തിയിൽ കപ്പലിൽ നിന്ന് വീണു മരിച്ച അർജുനന്റെ മൃതദേഹം നാട്ടിലെത്തിച്ചു സംസ്‌ക്കരിച്ചു; മരണത്തിൽ ദുരൂഹതയുണ്ടെന്ന ബന്ധുക്കളുടെ സംശയത്തിൽ റീപോസ്റ്റ്മോർട്ടം നടത്തി; ഡിഎൻഎ സാംപിൽ ശേഖരിച്ചു

 ആറ്റിങ്ങൽ: തുനീസിയിൽ സമുദ്രാതിർത്തിയിൽ വച്ച് കപ്പലിൽ നിന്ന് വീണു മരിച്ച മാമം പുരം വീട്ടിൽ രവീന്ദ്രൻ-ഭാമ മകൻ അർജുൻ രവീന്ദ്രൻ (27)ന്റെ മൃതദേഹം സംസ്‌കരിച്ചു. മരണത്തിൽ ദുരൂഹതയുണ്ടെന്ന ബന്ധുക്കളുടെ പരാതിയെ തുടർന്ന് ഞായറാഴ്‌ച്ച രാത്രി തിരുവനന്തപുരം വിമാനത്താവളത്തിൽ എത്തിച്ച മൃതദേഹം കോടതിനിർദേശപ്രകാരം തിരുവനന്തപുരം മെഡിക്കൽ കോളേജിൽ റീപോസ്റ്റ്മോർട്ടം നടത്തിയ ശേഷമാണ് സംസ്‌കരിച്ചത്. ഡി എൻ എ പരിശോധനയ്ക്കായി വീണ്ടും സാംപിൾ ശേഖരിച്ചു.

മുംബയിലെ സിനാസ്റ്റ മാരിടൈം പ്രൈവറ്റഡ് ലിമിറ്റഡ് എന്ന ഷിപ്പിങ് കമ്പനിയിലെ ജീവനക്കാരനായിരുന്നു അർജുൻ. ഇക്കഴിഞ്ഞ മാർച്ച് 17 നാണ് തുർക്കിയിൽ നിന്ന് കപ്പലിൽ ജോലിക്ക് കയറിയത്. ഏപ്രിൽ 27ന് തുനീസിയൻ സമുദ്രാതിർത്തിയിൽ വെച്ച് അർജുനെ കാണാതായെന്ന് കമ്പനി അധികൃതർ ബന്ധുക്കൾ അറിയിച്ചു. മെയ് 13ന് തുനീസിയൻ സമുദ്രാതിർത്തിയിൽ നിന്ന് കണ്ടെത്തിയ മൃതദേഹം ശാസ്ത്രീയ പരിശോധനകൾക്കൊടുവിൽ ജൂൺ 9ന് അർജുന്റെതാണെന്ന് സ്ഥിതീകരിച്ചു. മാതാവിൽ നിന്നു ശേഖരിച്ച സാംപിൾ തുനീസിയയിലേക്കു അയച്ചു നടത്തിയ പരിശോധനയിലാണ് മരിച്ചത് അർജുൻ ആണെന്ന സ്ഥിതീകരിച്ചത്.

കപ്പൽ കമ്പനിയിലെ മേലുദ്യോഗസ്ഥർ മാനസികമായി പീഡിപ്പിക്കുന്നതായി കാണാതാവുന്നതിന് ദിവസങ്ങൾക്കു മുമ്പ് അർജുൻ അമ്മയെ ഫോണിലൂടെ അറിയിച്ചിരുന്നു. കപ്പല് കമ്പിനിയിലെ ഉദ്യോഗസ്ഥർ അപായപ്പെടുത്തിയതാണെന്ന സംശയം ബന്ധുക്കൾ ആരോപിക്കുന്നു. ബന്ധുക്കളുടെ പരാതിയുടെ അടിസ്ഥാനത്തിൽ തുനീസിയൻ കോസ്റ്റ് ഗാർഡും അന്വേഷെണം നടത്തിയിരുന്നു. മരണത്തിൽ ദുരൂഹതയുണ്ടെന്ന് ആരോപിച്ച് ബന്ധുക്കൾ കോടതിയെ സമീപിക്കുകയായിരുന്നു.

തുടർന്ന് നാട്ടിലെത്തിച്ച മൃതദേഹം കോടതിയുടെ നിർദേശപ്രകാരം പോസ്റ്റ്മോർട്ടം നടത്തുകയായിരുന്നു. ഇന്നലെ വൈകുന്നേരം നാലേമുക്കാലിന് വീട്ടിലെത്തിച്ച മൃതദേഹം പൊതുദർശനത്തിനു ശേഷം സംസ്‌കരിച്ചു. സഹോദരൻ അരവിന്ദ്.

MNM Recommends


Most Read