വാർത്ത

സ്വന്തം നാടായ ത്രിഭുവനത്ത് ഇരുവരും തികഞ്ഞ മാന്യ യുവതികൾ; കേസുകളൊന്നും ഇതുവരെയില്ല; ഭർത്താക്കന്മാർക്ക് ബിസിനസ്; റസിഡൻഷ്യൽ കോളനിയിലെ ആഡംബര വീട്ടിൽ മാതൃകാദമ്പതികളായി ജീവിതം; മക്കൾ പഠിക്കുന്നതുകൊടൈക്കനാലിലെ റസിഡൻഷ്യൽ സ്‌കൂളുകളിൽ; പേരിലും പ്രായത്തിലെയും സാമ്യത കൊണ്ട് സഹോദരിമാരാണെന്ന് പൊലീസിനെ തെറ്റിദ്ധരിപ്പിക്കും; ഒരുസ്ഥലത്ത് പണിപാളിയാൽ അവിടെ വിടും; മാല മോഷണത്തിലെ ജഗജില്ലികളായ ജ്യോതിയുടെയും ജയന്തിയുടെയും കഥ

 കാസർകോഡ്: മാല മോഷണത്തിന് പിടിയിലയ തമിഴ്‌നാട് സ്വദേശിനികളായ ജ്യോതിയുടെയും ജയന്തിയും തട്ടിപ്പ് നടത്തുന്നത് കേരളവും ബെഗളൂരുവും കേന്ദ്രീകരിച്ച്. ജയന്തിയുടെ ഭർത്താവിന് ഇവർ മോഷ്ടിച്ചു കൊണ്ടുവരുന്ന മുതലുകൾ വിൽക്കുന്ന പണിയാണ്. ജ്യോതിയുടെ ഭർത്താവിന് സ്വന്തമായി ബിസിനസ് ഉണ്ട്. തമിഴ്‌നാട്ടിൽ എവിടെയും ഇവർക്കെതിരെ കേസുകളില്ല. എന്നിരുന്നാലും കൂട്ടാളികൾക്കായി പൊലീസ് അന്വേഷണം തുടരുന്നു. നാട്ടിൽ ഇരുവർക്കുമുള്ളത് എസി ഉൾപ്പെടെയുള്ള ആധുനിക സൗകര്യങ്ങളെല്ലാമുള്ള ഇരുനില വീട്. റസിഡൻഷ്യൽ മേഖലയിലാണ് വീട്. ആഡംബര വീടുകളാണ് രണ്ടു പേരുടെയും. മക്കൾ പഠിക്കുന്നതുകൊടൈക്കനാലിലെ റസിഡൻഷ്യൽ സ്‌കൂളുകളിൽ. ഒരാൾക്ക് മൂന്നും മറ്റൊരാൾ രണ്ടും കുട്ടികളാണ് ഉള്ളത്. എല്ലാവരുടെയും പഠനം ലക്ഷങ്ങൾ ചെലവഴിച്ച്. ജീവിതവും ആഡംബരം നിറഞ്ഞതാണ്. മികച്ച കായിക പരിശീലനമടക്കമാണ് കുട്ടികൾക്ക് നൽകുന്നത്.

48 കാരിയായ ജ്യോതിയുടെയും, 43 കാരിയായ ജയന്ത്രിയുടെയും സ്വദേശം തമിഴ്‌നാട്ടിൽ തിരുപ്പൂർ വാരാണസി പാളയമാണെന്നാണ് ഇവർ പൊലീസിനോടു പറഞ്ഞിരുന്നത്. ഇതനുസരിച്ചു ഇവിടെ അന്വേഷിച്ചെത്തിയ പൊലീസ് സംഘം വിലാസം തെറ്റാണെന്നു മനസിലായതോടെ തമിഴ്‌നാട് പൊലീസിന്റെ സഹായം തേടി. തുടർന്നാണ് മധുരയ്ക്കടുത്തുള്ള ശിവഗംഗയ്ക്കു സമീപം ത്രിഭുവനം എന്ന സ്ഥലത്തെത്തിയത്. എന്നാൽ ത്രിഭുവനത്ത് ഇരുവരും മാന്യന്മാരായാണ് അറിയപ്പെടുന്നത്. ത്രിഭുവനം പൊലീസ് സ്റ്റേഷനിൽ ഇരുവർക്കുമെതിരെ കേസുകളൊന്നുമില്ല.

പേരിലെയും പ്രായത്തിലെയും സാമ്യത കൊണ്ടു സഹോദരിമാരാണെന്നു പൊലീസിനെ തെറ്റിദ്ധരിപ്പിക്കാറുണ്ടെങ്കിലും ഇരുവരും സഹോദരിമാരല്ലെന്നും അന്വേഷണ സംഘം കണ്ടെത്തി. ഒരു സ്ഥലത്തു കുറെ മോഷണക്കേസുകളിൽ പെട്ടു തിരിച്ചറിയുന്ന സ്ഥിതി വന്നാൽ അവിടം ഉപേക്ഷിച്ചു മറ്റൊരു സ്ഥലത്തേക്കു പോകുന്നതാണ് ഇവരുടെ രീതി. 2010 ൽ പാലക്കാട്ടാണ് മോഷണത്തിനു തുടക്കമിട്ടത്. പിന്നീട് മലപ്പുറം ജില്ലയിലും കണ്ണൂരിലും തമ്പടിച്ചു. മലപ്പുറത്തെ തിരൂർ പൊലീസ് സ്റ്റേഷനിൽ ഇവർ പിടികിട്ടാപ്പുള്ളികളാണ്. കാസർകോട് വിദ്യാനഗർ, പയ്യന്നൂർ, പെരിങ്ങോം പൊലീസ് സ്റ്റേഷനുകളിൽ വാറണ്ട് പ്രതികളും.

കഴിഞ്ഞ ഏപ്രിൽ 27 നാണ് കുന്നുമ്മൽ ക്ഷേത്ര പരിസരത്ത് നിന്നു വീട്ടമ്മയുടെ മാല പൊട്ടിച്ചോടിയ കേസിൽ ഇവരെ പൊലീസ് അറസ്റ്റ് ചെയ്യുന്നത്. തിരുപ്പൂരിൽ നിന്നു മുല്ലപ്പു വിൽപ്പനയ്ക്ക് വന്നതാണെന്നും ഇവർ പൊലീസിനോട് പറഞ്ഞിരുന്നു. എന്നാൽ മോഷണമാണ് ഇവരുടെ മുഖ്യ തൊഴിലെന്നും ഇവർക്കു പിന്നിൽ വൻ സ്രാവുകളുണ്ടെന്നും പൊലീസ് അന്വേഷണത്തിൽ വ്യക്തമായി.

കള്ളി വെളിച്ചത്തായാൽ രക്ഷപ്പെടാൻ വിചിത്ര വഴികൾ

മാല പൊട്ടിച്ചു ഓടുന്നതിനിടെ പൊലീസ് പിടിയിലായാൽ രക്ഷപ്പെടാൻ എതു മാർഗവും സ്വീകരിക്കും. മലമൂത്ര വിസർജനം നടത്തുകയാണ് ഇതിൽ ആദ്യ പടി. ഇതോടെ പൊലീസ് ഇവരെ ഒഴിവാക്കാനുള്ള ശ്രമം നടത്തും. ഇത് പരാജയപ്പെട്ടാൽ ഗുഹ്യഭാഗത്ത് മുറിവുണ്ടാക്കും. സ്ത്രീകളായതിനാൽ തുടർന്നുണ്ടാകുന്ന പ്രശ്നങ്ങൾ ഒഴിവാക്കാൻ പൊലീസ് വിട്ടയക്കും.

ഇതാണ് കാലങ്ങളായി രക്ഷപ്പെടാൻ പ്രയോഗിക്കുന്ന അടവ്. എന്നാൽ ഹൊസ്ദുർഗ് പൊലീസിനു മുൻപിൽ ഈ അടവുകൾ പരാജയപ്പെട്ടതോടെ ഇവരുടെ മുഴുവൻ കേസുകളും പൊങ്ങാൻ തുടങ്ങി. കൂടാതെ മുഴുവൻ വിവരങ്ങളും കണ്ടെത്താൻ ജില്ലാ പൊലീസ് മേധാവി നിർദ്ദേശം നൽകിയതോടെ കാഞ്ഞങ്ങാട് ഡിവൈഎസ്‌പി അന്വേഷണത്തിനായി പ്രത്യേക സംഘത്തെയും രൂപീകരിച്ചു. ചോദ്യം ചെയ്യലിൽ സംസ്ഥാനത്ത് ഒട്ടേറെ കേസുകളിൽ പ്രതിയാണ് ഇവരെന്ന് കണ്ടെത്തി. അമ്പലത്തറ, വിദ്യാനഗർ സ്റ്റേഷനുകളിലും ഇവർക്കെതിരെ കേസുണ്ട്. ഇതിനു പുറമെ പയ്യന്നൂർ, തിരൂർ എന്നിവിടങ്ങളിലും ഇവർക്കെതിരെ കേസുകളുണ്ടെന്ന വിവരം അന്വേഷണ സംഘത്തിന് ലഭിച്ചു. ഇവർക്കു സഹായികളായി വേറെയും ആളുകളുണ്ട്. മാല പൊട്ടിച്ചെടുത്താൽ ഉടൻ തന്നെ മറ്റൊരാൾക്ക് കൈമാറുകയാണ് രീതി. പൊലീസ് പിടികൂടുമ്പോൾ മോഷണം ചെയ്ത മാലയുടെ ചെറിയൊരു ഭാഗം മാത്രമാണ് ഇവരിൽ നിന്നു കണ്ടെത്താനായത്.

ഭക്ഷണശാലകൾ കേന്ദ്രീകരിച്ചാണ് മോഷണം. ഭക്ഷണം കഴിച്ച് കൈകഴുകുന്നതിനിടെയാണ് മാല പൊട്ടിച്ചെടുക്കുക. മുൻപിലുള്ള ആളുടെ കൈകൾക്കിടയിലൂടെ കൈ കടത്തി ഇവർ കൈ കഴുകാൻ ശ്രമിക്കും. ഇതിനിടയിൽ അതി വിദഗ്ധമായി മാല പൊട്ടിച്ചെടുക്കും. പിന്നീട് ഇവിടെ നിന്നു രക്ഷപ്പെടുകയാണ് പതിവ്. വയോധികരായ സ്ത്രീകളെയാണ് മോഷണത്തിന് നോട്ടമിടുന്നത്. കുന്നുമ്മലിൽ നിന്നു വയോധികയുടെ മാല പൊട്ടിക്കുന്നത് നാട്ടുകാരുടെ കണ്ണിൽ പെട്ടതാണ് കുടുങ്ങാൻ കാരണം. തുടർന്നു നാട്ടുകാരും പൊലീസും നടത്തിയ പരിശോധനയിൽ ജില്ലാ ആശുപത്രി പരിസരത്ത് വച്ചു രണ്ടു പേരെയും പിടികൂടുകയായിരുന്നു. ജില്ലാ പൊലീസ് മേധാവി ജയിംസ് ജോസിന്റെ നിർദ്ദേശ പ്രകാരം കാഞ്ഞങ്ങാട് ഡിവൈഎസ്‌പി കെ.സജീവിന്റെ നേതൃത്വത്തിലാണ് അന്വേഷണ സംഘം രൂപീകരിച്ചത്. സിഐ വിനീഷ് കുമാർ, എസ്ഐ വി.ജയപ്രസാദ് സിപിഒമാരായ സി.മനോജ്. കെ.വി.റിജേഷ്, ഗിരീഷ് കുമാർ, പി.ടി.വാഹിദ് എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്. ഇവരുടെ അന്വേഷണമാണ് തമിഴ് മോഷണ കഥയുടെ ചുരുളഴിയിച്ചത്. അന്വേഷണത്തിൽ തമിഴ്‌നാട് പൊലീസിന്റെ സഹായവും ലഭിച്ചു. പ്രതികൾ ഇപ്പോൾ റിമാൻഡിലാണ്.

മറുനാടന്‍ മലയാളി ബ്യൂറോ

MNM Recommends


Most Read