വാർത്ത

മൊബൈൽ ഫോണിലൂടെ പരിചയപ്പെട്ട യുവതിയെ പ്രണയം നടിച്ച് കൂടെ കൂട്ടി സ്വർണാഭരണവും പണം കൈക്കലാക്കി; ഊട്ടിയും മൈസൂരും കൊണ്ടുപോയി പീഡനവും; എല്ലാം കഴിഞ്ഞപ്പോൾ കോഴിക്കോട് ബസ് സ്റ്റാൻഡിൽ ഇറക്കിവിട്ടു; പ്രതി കൊട്ടിലിങ്ങൽ റഷീദ് അറസ്റ്റിൽ

മലപ്പുറം: മൊബൈൽ വഴി പരിചയപ്പെട്ട ശേഷം പ്രണയം നടിച്ച് യുവതിയെ ഊട്ടിയിലും മൈസൂരിലും കൊണ്ടുപോയി യുവതിയെ ശാരീരികമായി പീഡിപ്പിക്കുകയും, സ്വർണാഭരണങ്ങൾ കൈക്കലാക്കുകയും ചെയ്ത ശേഷം കോഴിക്കോട് ബസ് സ്റ്റാൻഡിൽ ഇറക്കിവിട്ട പ്രതി പിടിയിൽ. തൃശൂർ വടക്കാഞ്ചേരി പാർലിക്കോട് സ്വദേശി കൊട്ടിലിങ്ങൽ റഷീദിനെയാണ് (40) എടക്കര പൊലീസ് അറസ്റ്റ് ചെയ്തത്.

2012 ൽ എടക്കര പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ നടത്തിയ അന്വേഷണത്തിലാണ് വടക്കാഞ്ചേരി ആറ്റൂരിലുള്ള സോഫാ നിർമ്മാണ കമ്പനിയിൽ വെച്ച് ബുധനാഴ്ച ഇയാളെ രാത്രി പിടികൂടിയത്. മൊബൈൽ വഴി പരിചയപ്പെട്ട ശേഷം പ്രണയം നടിച്ച് ഊട്ടി, മൈസൂരു എന്നിവിടങ്ങളിൽ കൊണ്ടുപോയി യുവതിയെ ശാരീരികമായി പീഡിപ്പിക്കുകയും, സ്വർണാഭരണങ്ങളും പണവും കൈക്കലാക്കിയ ശേഷം കോഴിക്കോട് ബസ് സ്റ്റാൻഡിൽ ഇറക്കിവിട്ട ശേഷം മുങ്ങുകയും ചെയ്തുവെന്നായിരുന്നു കേസ്.

ഒളിവിലായ പ്രതിക്കെതിരെ 2016 ൽ നിലമ്പുർ കോടതി ജാമ്യമില്ല അറസ്റ്റ് വാറണ്ട് ഉത്തരവിട്ടിരുന്നു. പിടികിട്ടാപുള്ളിയായ പ്രതി 2021 ൽ കൊണ്ടോട്ടിയിൽ മറ്റൊരു യുവതിയെ പരിചയപ്പെട്ട് പീഡിപ്പിച്ച കേസിൽ പിടിയിലായി റിമാൻഡിൽ കഴിയുകയും ചെയ്തു. മൂന്ന് മാസം മുമ്പാണ് കോഴിക്കോട് ജില്ല ജയിലിൽ നിന്നും ജാമ്യത്തിലിറങ്ങിയത്. വർഷങ്ങളോളം നാടുവിട്ട് കഴിഞ്ഞ പ്രതിയെ കുറിച്ച് 11വർഷമായി വീട്ടുകാർക്കും യാതൊരു വിവരവുമില്ലായിരുന്നു.

ജില്ല പൊലീസ് മേധാവി സുജിത് ദാസിന്റെ നിർദേശപ്രകാരം രൂപവത്കരിച്ച പ്രത്യേക സംഘം നിലമ്പൂർ ഡിവൈ.എസ്‌പി സജു കെ. എബ്രാഹാമിന്റെ നേതൃത്വത്തിൽ എടക്കര ഇൻസ്പെക്ടർ പി.എസ്. മഞ്ജിത് ലാൽ, സ്പെഷൽ ടീം അംഗങ്ങളയ എസ്‌ഐ എം. അസൈനാർ, അഭിലാഷ് കൈപ്പിനി, ജിയോ ജേക്കബ്, നിബിൻദാസ്, ആസിഫലി എന്നിവരടങ്ങിയ അന്വേഷണ സംഘം ദിവസങ്ങളോളം നിരീക്ഷണം നടത്തിയാണ് പ്രതിയെ പിടികൂടിയത്. പ്രതിയെ നിലമ്പുർ കോടതി റിമാൻഡ് ചെയ്തു.

MNM Recommends


Most Read