വാർത്ത

പൂർണ ഗർഭിണിയായ ഇരുപത്തിരണ്ടുകാരി ട്രെയിനിലെ ടോയ്‌ലറ്റിൽ പ്രസവിച്ചു; പാളത്തിലേക്കു വീണ ചോരക്കുഞ്ഞ് അത്ഭുതകരമായി രക്ഷപ്പെട്ടു

ജയ്പൂർ: ട്രെയിനിലെ ടോയ്‌ലറ്റിനുള്ളിലൂടെ താഴേക്കു വീണ ചോരക്കുഞ്ഞ് അത്ഭുതകരമായി രക്ഷപ്പെട്ടു. പ്രസവത്തോടെ ബോധം നഷ്ടമായ അമ്മയെയും പാളത്തിൽ നിന്ന് ലഭിച്ച കുഞ്ഞിനെയും ഒരേ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

രാജസ്ഥാനിലെ ഹനുമാൻഗഢിലാണ് സംഭവം. ബാർമ കൽക എക്സ്‌പ്രസിൽ സൂറത്ഗഢിൽനിന്ന് ഹനുമാൻഗഢിലേക്ക് ഭർത്താവിനും ഭർതൃമാതാവിനുമൊപ്പം സഞ്ചരിക്കുകയായിരുന്നു പൂർണ ഗർഭിണിയായ ഇരുപത്തിരണ്ടുകാരി. ട്രെയിൻ ഡബ്ലി രാതൻ ഗ്രാമത്തിൽ എത്തിയപ്പോഴാണ് യുവതിക്ക് വയറുവേദന അധികമായത്.

തുടർന്ന് ട്രെയിനിലെ ടോയ്‌ലറ്റിലേക്ക് പോയ യുവതി അവിടെ വച്ച് പ്രസവിച്ചു. രക്തം വാർന്ന് യുവതി അബോധാവസ്ഥയിലായപ്പോൾ കുഞ്ഞ് താഴേക്കു പതിച്ചു. യുവതിയെ അബോധാവസ്ഥയിൽ കണ്ടതോടെ ഭർത്താവും അമ്മയും എട്ടു കിലോമീറ്റർ ദൂരെയുള്ള ആശുപത്രിയിൽ എത്തിച്ചു.

കുഞ്ഞ് നഷ്ടപ്പെട്ടുവെന്ന് കരുതി വിഷമിച്ചിരിലക്കുമ്പോഴാണ് എഫ്‌സിഐ ജീവനക്കാരനായ ഒരാൾ കുഞ്ഞിനെ അവർക്കരികിൽ എത്തിച്ചത്. പാളത്തിൽ വീണു കിടക്കുന്ന ചോരക്കുഞ്ഞിനെ കണ്ട ഇയാൾ ഉടൻ റെയിൽവേ ജീവനക്കാരെ വിവരമറിയിക്കുകയായിരുന്നു. തുടർന്നു യുവതിയെ പ്രവേശിപ്പിച്ച അതേ ആശുപത്രിയിൽ കുഞ്ഞിനെ എത്തിച്ചു. അമ്മയും കുഞ്ഞും അപകടനില തരണം ചെയ്തുവെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.

MNM Recommends


Most Read