വാർത്ത

'പ്രധാനമന്ത്രി, താങ്കൾക്ക് എന്തുകൊണ്ട് കേരള മുഖ്യമന്ത്രിയുടെ മാതൃക പിന്തുടർന്നുകൂടാ...'; മുഖ്യമന്ത്രി പിണറായി വിജയനെ കണ്ട് പിഠിക്കണമെന്ന് മോദിക്ക് കത്തുമായി യെച്ചൂരി; ജനാധിപത്യപരമായ ഉത്തരവാദിത്തം മോദിയുടെ പ്രവർത്തനരീതിയിൽ നഷ്ടപ്പെടുന്നെന്നും യെച്ചൂരിയുടെ വിമർശനം

ന്യുഡൽഹി: കേരളാ മുഖ്യമന്ത്രി പിണറായി വിജയനെ കണ്ട് പഠിക്കാൻ പ്രധാനമന്ത്രി മോദിയിക്ക് കത്തയച്ച് സി,പി.എം ജനറൽ സെക്രട്ടറി സീതാറാം യച്ചൂരി. 'പ്രധാനമന്ത്രി, താങ്കൾക്ക് എന്തുകൊണ്ട് കേരള മുഖ്യമന്ത്രിയുടെ മാതൃക പിന്തുടർന്നുകൂടാ...' എന്നാണ് യച്ചൂരി മോദിയിക്ക് അയച്ച കത്തിൽ ചോദിച്ചിരിക്കുന്നത്.. പിണറായി വിജയൻ ദിവസവും നടത്തുന്ന വാർത്താ സമ്മേളനം ചൂണ്ടിക്കാട്ടിയാണ് യച്ചൂരിയുടെ പരാമർശം. കോവിഡ് പ്രതിസന്ധിയുടെ യഥാർഥ സാഹചര്യം വ്യക്തമാകാനും ജനങ്ങളുടെ ആത്മവിശ്വാസം നിലനിർത്താനും പ്രധാനമന്ത്രി വാർത്ത സമ്മേളനം നടത്തണമെന്ന് യച്ചൂരി ആവശ്യപ്പെടുന്നു.

ചോദ്യങ്ങളെ നേരിടാതെ മാറി നിൽക്കുന്ന ശീലം മാറ്റിവയ്ക്കണം. വിവിധ ലോകനേതാക്കൾ ദിവസവും വാർത്താസമ്മേളനം നടത്തുന്നുണ്ട്. വിവിധ സംസ്ഥാന മുഖ്യമന്ത്രിമാരും. കേരളത്തിൽ എൽഡിഎഫ് സർക്കാരിനെ നയിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയനും ദിവസവും മാധ്യമങ്ങളെ കണ്ട് സർക്കാരിന്റെ തീരുമാനങ്ങൾ വിശദീകരിക്കുന്നുണ്ട്. ജനാധിപത്യപരമായ ഉത്തരവാദിത്തം മോദിയുടെ പ്രവർത്തനരീതിയിൽ വലിയതോതിൽ നഷ്ടമാകുന്നുണ്ടെന്നും കത്തിൽ കുറ്റപ്പെടുത്തുന്നു.

അതിഥി തൊഴിലാളികളുടെ പ്രശ്‌നം, തൊഴിലില്ലായ്മ നിരക്ക് വർധിക്കുന്നത്, സാമ്പത്തിക പ്രതിസന്ധി എന്നിവ അടിയന്തരമായി പരിഗണിക്കണം. എഫ്‌സിഐ ഗോഡൗണുകളിൽ ഭക്ഷ്യധാന്യങ്ങൾ കെട്ടിക്കിടന്ന് നശിക്കാതെ സംസ്ഥാനങ്ങൾക്ക് വിതരണം െചയ്യണമെന്നും യച്ചൂരിയുടെ കത്തിൽ പറയുന്നു.

കോവിഡ് പ്രതിസന്ധിക്കിടെ പ്രധാനമന്ത്രി മൂന്ന് തവണ രാജ്യത്തെ അഭിസംബോധന ചെയ്തു. ജനത കർഫ്യു, ലോക് ഡൗൺ എന്നിവ പ്രഖ്യാപിക്കാൻ. രണ്ടുതവണ മൻ കി ബാത്ത് എന്ന റേഡിയോ പ്രഭാഷണ പരിപാടിയിലൂടെ സംസാരിക്കുകയും ചെയ്തു. വാർത്ത സമ്മേളനം വിളിക്കുന്നില്ല, ചോദ്യങ്ങളെ നേരിടുന്നില്ല എന്ന പരാതി മോദി പ്രധാനമന്ത്രിയായപ്പോൾ മുതൽ ഉയർന്നുകേൾക്കുന്നതാണ്.

 

മറുനാടന്‍ ഡെസ്‌ക്‌

MNM Recommends


Most Read