വാർത്ത

ബസ് യാത്രക്കിടെ പഴ്‌സ് പോക്കറ്റടിച്ച് പോയതോടെ വിദ്യാർത്ഥിക്ക് നഷ്ടമായത് പണവും പ്രധാനപ്പെട്ട രേഖകളും; എടിഎം കാർഡിൽ പിൻ നമ്പർ കുറിച്ച് വെച്ചതും കള്ളന് ഗുണമായി

ബെംഗളൂരു: ബസ് യാത്രയ്ക്കിടെ പഴ്‌സ് പോക്കറ്റിച്ച് പോയതോടെ വിദ്യാർത്ഥിക്ക് നഷ്ടമായത് ഒരു ലക്ഷത്തോളം രൂപ. ബിഎംടിസി ബസ്സിൽ യാത്ര ചെയ്യവേ കർണാടകയിലെ കെങ്കേരി സ്വദേശിയായ ബി എൻ രാഘവേന്ദ്രക്കാണ് തന്റെ പണവും പ്രധാനപ്പെട്ട രേഖകളും നഷ്ടമായത്. എടിഎം കാർഡിന് പിന്നിൽ പിൻ നമ്പർ കുറിച്ചിട്ടതാണ് വിദ്യാർത്ഥിക്ക് പണം നഷ്ടമാകാൻ ഇടയായത്.

നഗരത്തിലെ ഒരു സ്വകാര്യ കോളേജിൽ എംഎസ്‌സി വിദ്യാർത്ഥിയാണ് രാഘവേന്ദ്ര. വൈകിട്ട് 6.30 ഓടെയാണ് രാഘവേന്ദ്ര കെങ്കേരി ബസ് സ്റ്റോപ്പിൽ നിന്ന് ബസ്സിൽ കയറിയത്. ബസ്സിൽ നല്ല തിരക്കുണ്ടായിരുന്നു. ഇറങ്ങേണ്ട സ്റ്റോപ്പ് എത്തുന്നതിനു മുമ്പ് തന്റെ അക്കൗണ്ടിൽ നിന്ന് 40000 രൂപ പിൻവലിക്കപ്പെട്ടതായി മൊബൈലിൽ മെസേജ് വരികയായിരുന്നു. അപ്പോഴാണ് പഴ്‌സ് നഷ്ടപ്പെട്ട വിവരമറിയുന്നതെന്നും എടിഎം കാർഡിനുപിന്നിൽ മറന്നുപോകാതിരിക്കാൻ താൻ പാസ്‌വേർഡ് കുറിച്ചുവച്ചിരുന്നുവെന്നും രാഘവേന്ദ്ര കെങ്കേരി പൊലീസിനുനൽകിയ പരാതിയിൽ പറയുന്നു. പഴ്‌സിൽ എടിഎം കാർഡിനുപുറമേ 45000 രൂപ വിലവരുന്ന സ്വർണ്ണമാലയും 10000 രൂപയും ഉണ്ടായിരുന്നു.

കൂടാതെ ഡ്രൈവിങ് ലൈസൻസ്, ബസ് പാസ്, പാൻ കാർഡ്, കോളേജ് ഐഡി തുടങ്ങിയവയും നഷ്ടപ്പെട്ടവയിൽപ്പെടും. പഴ്‌സ് നഷ്ടപ്പെട്ട ഉടൻ തന്നെ എടിഎമ്മിൽ നിന്ന് പണം പിൻവലിക്കപ്പെട്ടതിനാൽ മോഷ്ടാവ് കുവെമ്പുനഗറിലെ എടിഎമ്മിലായിരിക്കാം കയറിയതെന്നും രാഘവേന്ദ്ര പൊലീസിനെ അറിയിച്ചു. തനിക്ക് ഡെബിറ്റ് കാർഡുകളുൾപ്പെടെ 30 ഓളം ബിസിനസ്സ് കാർഡുകളുള്ളതിനാലാണ് പാസ്‌വേർഡ് കുറിച്ചുവച്ചതെന്നും ഇയാൾ പൊലീസിനോട് പറഞ്ഞു. പണം നഷ്ടപ്പെട്ട ഉടനെ ബാങ്ക് അധികൃതരെ വിളിച്ച് കാർഡ് ബ്ലോക്ക് ചെയ്യിച്ചതായും രാഘവേന്ദ്രപറഞ്ഞു.

മറുനാടന്‍ മലയാളി ബ്യൂറോ

MNM Recommends


Most Read