വാർത്ത

'അസമിലെ ജനങ്ങൾ ഗാന്ധികുടുംബത്തിന്റെ അമൂൽ ബേബികളെ കാണാൻ എന്തിനു പോകണം?'; രാഹുലിനെയും പ്രിയങ്കയെയും പരിഹസിച്ച് ഹിമന്ത ബിശ്വ ശർമ; മുഖ്യമന്ത്രിക്ക് ചേരാത്ത പരാമർശമെന്ന് കോൺഗ്രസ്

ഗുവാഹത്തി: കോൺഗ്രസ് നേതാക്കളായ രാഹുൽ ഗാന്ധിയേയും പ്രിയങ്കാ ഗാന്ധിയെയും പരിഹസിച്ച് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ നടത്തിയ പരാമർശത്തിനെതിരെ കോൺഗ്രസ് നേതൃത്വം. രാഹുലും പ്രിയങ്കയും അമൂൽ ബേബികളാണെന്നും ജനങ്ങൾ ഇരുവരെയും കാണാൻ പോകുന്നതിനേക്കാൾ നല്ലത് കാസിരംഗ ദേശീയോദ്യാനം സന്ദർശിക്കുന്നതാണെന്നായിരുന്നു ശർമ പറഞ്ഞത്.

അസമിലെ ജനങ്ങൾ ഗാന്ധി കുടുംബത്തിന്റെ അമൂൽ ബേബികളെ കാണാൻ എന്തിനു പോകണം? അവരെ കാണുമ്പോൾ അമൂലിന്റെ പ്രചാരണത്തിന് ചേരുന്നവരാണെന്നാണ് തോന്നുന്നത്. ആളുകൾ കാസിരംഗയിൽ പോയി കടുവകളെയും കാണ്ടാമൃഗങ്ങളെയും കാണുന്നതാണ് കൂടുതൽ നല്ലത്, എന്നതായിരുന്നു ശർമയുടെ പരാമർശം. അസമിലെ അഞ്ച് ലോക്സഭാ മണ്ഡലങ്ങളിൽ തിരഞ്ഞെടുപ്പിന്റെ ഒന്നാംഘട്ടമായ ഏപ്രിൽ 19-നാണ് വോട്ടെടുപ്പ് നടക്കുന്നത്.

അതേസമയം, ഹിമന്ത ബിശ്വ ശർമയുടെ പരാമർശത്തിന് മറുപടിയുമായി കോൺഗ്രസ് രംഗത്തെത്തി. ഒരു മുഖ്യമന്ത്രിയുടെ അന്തസ്സിന് ചേരാത്ത വിധത്തിലുള്ള ഇത്തരം പരാമർശങ്ങൾ ശർമ നടത്തരുതെന്ന് കോൺഗ്രസ് എംപി. പ്രമോദ് തിവാരി പ്രതികരിച്ചു. കോൺഗ്രസ് വിട്ട് ബിജെപിയിൽ ചേർന്നതിന് പിന്നാലെ ബിജെപി. ശർമയെ വിശ്വസിക്കാതെയായി. അതുകൊണ്ടാണ് ഇത്തരത്തിൽ സംസാരിക്കുന്നത്. അദ്ദേഹം ഇത്തരം പരാമർശങ്ങൾ നടത്തരുത്, പ്രമോദ് തിവാരി കൂട്ടിച്ചേർത്തു.

മറുനാടന്‍ മലയാളി ബ്യൂറോ

MNM Recommends


Most Read