വാർത്ത

അപ്പോൾ നമുക്ക് വീണ്ടും മാഗി കഴിച്ചു തുടങ്ങാം; എല്ലാം അടിപൊളിയെന്ന് റിപ്പാർട്ടുകൾ വന്ന് തുടങ്ങി; ഇനി വീണ്ടും പരസ്യങ്ങളുടെ വേലിയേറ്റം; പാവം ഇന്ത്യാക്കാരന്റെ വിധി മാദ്ധ്യമങ്ങൾ നിശ്ചയിക്കുന്നത് ഇങ്ങനെ

ന്യൂഡൽഹി: മാഗി നൂഡിൽസ് ആർക്കും ആരോഗ്യ പ്രശ്‌നമുണ്ടാക്കില്ല. അതുകൊണ്ട് തന്നെ നമുക്ക് അത് കഴിച്ചു തുടങ്ങാം. മാഗിയിൽ ഒരു കുഴപ്പവുമില്ലെന്നാണ് പുതിയ റിപ്പോർട്ടുകൾ. ഇതോടെ മാദ്ധ്യമങ്ങൾ വീണ്ടും സജീവമാകും. മാഗിയിലെ ആരോഗ്യ പ്രശ്‌നങ്ങൾ വലിയ വാർത്തയാക്കിയവർ തന്നെ നെസ് ലെയും പ്രോഡക്ടിനായി വീണ്ടും രംഗത്ത് വരും. പുത്തൻ പരസ്യങ്ങളിലൂടെ മാഗിയുടെ വിപണി തിരിച്ചു പിടിക്കാൻ മാദ്ധ്യമങ്ങൾ തന്നെ സഹായവും നൽകും. ഈ കേസിൽ മഹാരാഷ്ട്രാ കോടതിയിൽ നിന്ന് പുറത്തുവരുന്ന വിധി മാഗിക്ക് അനുകൂലമാകുമെന്നാണ് വിലയിരുത്തലുകൾ.

മാഗി ന്യൂഡിൽസ് സുരക്ഷിതമെന്ന് കേന്ദ്ര ഭക്ഷ്യസുരക്ഷാ അഥോറിറ്റിയുടെ അംഗീകാരമുള്ള മൈസൂരുവിലെ കേന്ദ്ര ഭക്ഷ്യ സാങ്കേതിക ഗവേഷണ ഇൻസ്റ്റിറ്റ്യൂട്ടിന്റെ ലാബിൽ നടത്തിയ പരിശോധനയിൽ കണ്ടെത്തിയതോടെയാണ് ഇത്. മാഗിയുടെ അഞ്ചു സാമ്പിളുകളാണ് ഗോവ ഫുഡ് ആൻഡ് ഡ്രഗ് അഡ്‌മിനിസ്‌ട്രേഷൻ പരിശോധനയ്ക്കയച്ചത്. പരിശോധനയിൽ ഈയത്തിന്റെ അളവ് അനുവദനീയമായ അളവിലും താഴെയാണെന്നു കണ്ടെത്തി. കഴിഞ്ഞ ജൂണിലാണ് നെസ്ലെ ഇന്ത്യയുടെ ഉത്പന്നമായ മാഗി നൂഡിൽസിൽ ഈയത്തിന്റെ അളവ് കൂടുതലാണെന്ന് കണ്ടെത്തിയതിനെത്തുടർന്ന് രാജ്യത്ത് നിരോധിച്ചത്. കേന്ദ്ര ഫുഡ് ടെക്‌നോളജിക്കൽ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിന്റെ അംഗികൃത ലാബിൽ നടത്തിയ പരിശോധനയുടെ റിപ്പോർട്ടുകൾ പ്രകാരം രാജ്യത്തിൽ നിലവിലുള്ള ഫുഡ് സേഫ്റ്റി നിയമങ്ങൾക്കനുസൃതമായിട്ടുള്ളതാണ് മാഗിയിലെ ചേരുവകളെന്നാണ് കണ്ടെത്തൽ.

നേരത്തെ, മാഗി നൂഡിൽസ് വീണ്ടും പരിശോധനയ്ക്ക് വിധേയമാക്കണമെന്ന് ഫുഡ് സേഫ്റ്റി അഥോറിറ്റി ഓഫ് ഇന്ത്യയോട് മുംബൈ ഹൈക്കോടതി ആവശ്യപ്പെട്ടിരുന്നു. ഇതേത്തുടർന്നാണ് ലാബിൽ പരിശോധന നടത്തിയത്. മാഗി നൂഡിൽസ് നിരോധിച്ചതിനെതിരെ നെസ്‌ലെ ഇന്ത്യ മുംബൈ ഹൈക്കോടതിയിൽ സമർപ്പിച്ച ഹർജിയിൽ വാദം കേൾക്കവെയാണ് വീണ്ടും പരിശോധന നടത്തണമെന്ന് കോടതി നിർദേശിച്ചത്. അനുവദനീയമായ അളവിൽ കൂടുതൽ രാസവസ്തുക്കൾ കണ്ടെത്തിയതിനെത്തുടർന്നാണ് കഴിഞ്ഞ ജൂൺ അഞ്ചിന് ഇന്ത്യയിൽ മാഗി നൂഡിൽസ് നിരോധിച്ചത്. ഇനി പരിശോധനാ റിപ്പോർട്ടിൽ കോടതി തീരുമാനം എടുക്കും. ഇതോടെ വിപണിയിൽ മാഗിക്ക് വീണ്ടും സജീവമാകാൻ കഴിയുമെന്നാണ് നെസ് ലെ നൽകുന്ന സൂചന. ഇത് മുന്നിൽ കണ്ട് പരസ്യ ചിത്ര നിർമ്മാണം പോലും അണിയറയിൽ തയ്യാറെടുക്കുകയാണ്.

നെസ് ലെ യുടെ ഇന്ത്യൻ വിപണിയിലെ പ്രമുഖ ഉത്പന്നമായ മാഗി ന്യൂഡിൽസ് അനുവദനീയമായതിലും അളവിൽ രുചികൂട്ടുന്നതിനുള്ള വസ്തുക്കളുപയോഗിക്കുന്നതായി കണ്ടെത്തിയതിനെ തുടർന്നാണ് രാജ്യ വ്യാപകമായി തിരിച്ചടികൾ നേരിടേണ്ടി വന്നത്. എന്നാൽ കേന്ദ്ര ഫുഡ് ടെക്‌നോളജിക്കൽ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിന്റെ അംഗികൃത ലാബിൽ നടത്തിയ പരിശോധനയുടെ റിപ്പോർട്ടുകൾ പ്രകാരം രാജ്യത്തിൽ നിലവിലുള്ള ഫുഡ് സേഫ്റ്റി നിയമങ്ങൾക്കനുസൃതമായിട്ടുള്ളതാണ് മാഗിയിലെ ചേരുവകളെന്ന കണ്ടെത്തലാണ് നെസ് ലെക്ക് ആശ്വാസമാവുന്നത്. ഗോവയിലെ ഫുഡ് ആൻഡ് സേഫ്റ്റി അഥോറിറ്റി അയച്ച അഞ്ച് സാമ്പിളുകളാണ് ബാംഗ്‌ളൂരിലെ ലാബിൽ പരിശോധിച്ചത്.

കഴിഞ്ഞ ജൂണിലാണ് രാജ്യമെമ്പാടുമുള്ള വിപണികളിൽ നിന്നും മാഗി പിൻവലിക്കാൻ നെസ് ലെ തീരുമാനിച്ചത്. കോടികളുടെ നഷ്ടം നേരിട്ട കമ്പനി തിരികെയെടുത്ത മാഗി ഉത്പന്നങ്ങൾ സിമെന്റ് നിർമ്മാണ കമ്പനിക്ക് നശിപ്പിക്കുവാനായി കൈമാറുകയായിരുന്നു. അതേസമയം നെസ് ലെ ഇന്ത്യയുടെ പുതിയ സാരഥിയായ സുരേഷ് നാരായണൻ മാഗിയുടെ തിരിച്ചുവരവിൽ ശുഭ പ്രതീക്ഷ പ്രകടിപ്പിച്ചിരുന്നു. പുതിയ റിപ്പോർട്ടുകൾ പ്രകാരം മാഗിക്ക് രാജ്യത്തെ വിപണിയിൽ തിരിച്ചെത്താനായേക്കും. പഴയതു പോലെ വിശ്വാസം വീണ്ടെടുക്കാൻ വലിയ സൂപ്പർ താരനിരയുമായുള്ള പരസ്യങ്ങളും സജീവമാകും. ഇതിനാണ് സുരേഷ് നാരായണൻ പദ്ധതികൾ തയ്യാറാക്കുന്നത്.

മാഗി നൂഡ്ൽസ് കൂടാതെ ചോക്‌ളറ്റ്, മധുരപലഹാരങ്ങൾ എന്നിവയുടെ നിർമ്മാണം തുടങ്ങാനും കമ്പനി തീരുമാനിച്ചിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. നിരോധവുമായി ബന്ധപ്പെട്ട വിഷയം കോടതി പരിഗണനയിലായതിനാൽ അഭിപ്രായം പറയാൻ വിസമ്മതിച്ചു. മാഗിക്ക് നിരോധനം ഏർപ്പെടുത്തിയ മഹാരാഷ്ട്ര ഭക്ഷ്യ നിയന്ത്രണ അഥോറിറ്റിയുടെ നടപടി റദ്ദാക്കണമെന്നാവശ്യപ്പെട്ട് കമ്പനി നൽകിയ ഹരജി മുംബൈ കോടതിയുടെ പരിഗണനയിലാണ്.

MNM Recommends


Most Read