കൂടുതൽ

കോട്ടയത്ത് അമ്മയും രണ്ട് പെൺമക്കളും കാറിടിച്ച് കൊല്ലപ്പെട്ടത് മകളുടെ പിറന്നാൾ ദിനത്തിൽ ക്ഷേത്രദർശനത്തിനായി പോകവേ; മണർകാട്-ഏറ്റുമാനൂർ ബൈപ്പാസിൽ വച്ചുണ്ടായ അപകടത്തിൽ കാർ ഓടിച്ചിരുന്നത് 19കാരൻ; നിയന്ത്രണം വിട്ട കാറിടിച്ച് അമ്മയും മക്കളും 10 മീറ്ററിലധികം ദൂരത്തിൽ തെറിച്ചു വീണെന്നും ദൃക്‌സാക്ഷികൾ

ഏറ്റുമാനൂർ: കഴിഞ്ഞ ദിവസം കോട്ടയത്ത് അമ്മയും രണ്ട് പെൺമക്കളും കാറിടിച്ച് മരിച്ചത് മകളുടെ പിറന്നാൾ ദിനത്തിൽ ക്ഷേത്രദർശനത്തിനായി പോകും വഴിയെന്ന് വിവരം. തിങ്കളാഴ്‌ച്ച ഉച്ചയ്ക്ക് 1.45ന് മണർകാട്-ഏറ്റുമാനൂർ ബൈപ്പാസിലായിരുന്നു നടുക്കുന്ന സംഭവം അരങ്ങേറിയത്. പേരൂർ കണ്ടുംചിറ കവലയ്ക്കും വെള്ളൂരാറ്റിൽ കവലയ്ക്കും മധ്യേയുള്ള വളവിൽവച്ചാണ് നിയന്ത്രണം വിട്ട കാർ അമ്മയേയും മക്കളേയും ഇടിച്ച് തെറിപ്പിച്ചത്. റോഡരികിലൂടെ നടന്നു പോവുകയായിരുന്ന പേരൂർ കാവുംപാടം കോളനിയിൽ ആതിരവീട്ടിൽ ബിജുവിന്റെ ഭാര്യ ലെജി(45), മക്കളായ അന്നു(19), നൈനു(16) എന്നിവരാണ് മരിച്ചത്.

ഏറ്റുമാനൂരിൽ നിന്ന് അമിതവേഗത്തിലെത്തിയ കാർ നിയന്ത്രണംവിട്ട് റോഡരികിലൂടെ നടന്നുപോയ അമ്മയടേയും മക്കളുടേയും മേൽ പാഞ്ഞുകയറുകയായിരുന്നു. ഇടിയേറ്റ് മൂവരും 26 മീറ്ററോളം തെറിച്ച് മറ്റൊരു പുരയിടത്തിനുസമീപം വീഴുകയായിരുന്നു. അപകടത്തിനിടയാക്കിയ കാർ തേക്കുമരത്തിലിടിച്ചുനിന്നു. അന്നുവും നൈനുവും സംഭവസ്ഥലത്തുതന്നെ മരിച്ചു. അന്നുവിന്റെ കാൽ അറ്റുപോയ നിലയിലായിരുന്നു. ഗുരുതരമായി പരിക്കേറ്റ് ലെജി രാത്രി എട്ടോടെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽവച്ചാണ് മരിച്ചത്.

കാറോടിച്ചിരുന്ന പേരൂർ മുല്ലൂർ ഷോൺ മാത്യു(19)വിനെ തെള്ളകത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരുക്കേറ്റവരെ ആശുപത്രിയിലെത്തിക്കാൻ നാട്ടുകാർ ഒട്ടേറെ വാഹനങ്ങൾക്കു കൈകാണിച്ചെങ്കിലും ആരും നിർത്തിയില്ല. ഒടുവിൽ ഗുഡ്‌സ് ഓട്ടോയിലാണ് ആശുപത്രിയിലെത്തിച്ചത്. നൈനുവിന്റെ പിറന്നാളയതിനാൽ ചെരിപ്പും മറ്റു സാധനങ്ങളും വാങ്ങാനും ഏറ്റുമാനൂർ ക്ഷേത്രദർശനത്തിനുമായിട്ടാണ് മൂവരും ഏറ്റുമാനൂരിലേക്കു പോകാനായി തിരിച്ചത്. വീട്ടിൽനിന്ന് ബസ് സ്റ്റോപ്പിലേക്ക് നടക്കുന്നതിനിടയിലാണ് ഇവർ അപകടത്തിൽ പെടുന്നത്.

അന്നു വൈക്കം കൊതവറ സെന്റ് സേവ്യേഴ്‌സ് കോളേജിലെ ബി.കോം. വിദ്യാർത്ഥിനിയാണ്. വൈക്കത്തുള്ള അമ്മവീട്ടിൽ നിന്നുപഠിക്കുന്ന അന്നു അവധിയായതിനാൽ പേരൂരിലെ വീട്ടിലെത്തിയതാണ്. നൈനു കാണക്കാരി ഹയർ സെക്കൻഡറി സ്‌കൂളിലെ പ്ലസ്ടു വിദ്യാർത്ഥിനിയാണ്. അച്ഛൻ ബിജു കൂലിപ്പണിക്കാരനാണ്. മൂത്ത സഹോദരി ആതിര എറണാകുളത്ത് സ്വകാര്യ കമ്പനിയിലെ ജീവനക്കാരിയാണ്.

ഏറ്റുമാനൂർ സ്റ്റേഷൻ ഹൗസ് ഓഫീസർ രീഷ്മാ രമേശ്, എസ്‌ഐ. കെ.ആർ.പ്രശാന്ത് കുമാർ എന്നിവരുടെ നേതൃത്വത്തിൽ പൊലീസ് മേൽനടപടി സ്വീകരിച്ചു. മൃതദേഹങ്ങൾ കോട്ടയം മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി. മൂവരുടെയും സംസ്‌കാരം ഇന്നു മൂന്നിന് തെള്ളകം പൊതുശ്മശാനത്തിൽ.

മറുനാടന്‍ ഡെസ്‌ക്‌

MNM Recommends


Most Read