കൂടുതൽ

സയ്യിദ് ഹാമിദ് കോയമ്മ തങ്ങൾ അന്തരിച്ചു; ദുബായ് സുന്നി സെന്റർ പ്രസിഡന്റും യുഎഇയിലെ മത-സാംസ്‌കാരിക മണ്ഡലങ്ങളിലെ നിറസാന്നിധ്യവുമായ തങ്ങളുടെ അന്ത്യം യുഎഇയിൽ ചികിത്സയിൽ കഴിയവേ

കണ്ണൂർ: ദുബൈ സുന്നി സെന്റർ പ്രസിഡന്റും യുഎഇയിലെ മത-സാംസ്‌കാരിക മണ്ഡലങ്ങളിലെ നിറസാന്നിധ്യവുമായ സയ്യിദ് ഹാമിദ് കോയമ്മ തങ്ങൾ (67) അന്തരിച്ചു. ശാരീരിക അവശതകളെ തുടർന്ന് ദുബൈ ആസ്റ്റർ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.കണ്ണൂർ പാപ്പിനിശ്ശേരി സ്വദേശിയായ ഹാമിദ് കോയമ്മ തങ്ങൾ യു എ ഇ സുന്നി കൗൺസിൽ മുഖ്യ രക്ഷാധികാരി, ദുബൈ കെ എം സി സി ഉപദേശക സമിതി അംഗം, അസോസിയേഷൻ ഓഫ് ഇന്ത്യൻ മുസ്ലിംസ് (എയിം) ട്രഷറർ പദവികൾ വഹിച്ചു വരികയായിരുന്നു. നിരവധി വിദ്യാഭ്യാസ-സാംസ്‌കാരിക സ്ഥാപനങ്ങളുടെ രക്ഷാധികാരിയും പ്രധാന സംഘാടകനും കൂടിയാണ്.

ഗൾഫിലെ മലയാളികൾക്ക് ഏറെപ്രിയങ്കരനും സംഘടനാ ഭേദമന്യേ സ്വീകാര്യനുമായ ഹാമിദ് കോയമ്മ തങ്ങൾ, സുന്നി സെന്ററിന് കീഴിലുള്ള ഗൾഫിലെ ഏറ്റവും വലിയ മദ്രസാ പ്രസ്ഥാനത്തിന് നേതൃത്വം കൊടുക്കുകയും പൊതു ചടങ്ങുകളിലും മത-സാമൂഹ്യ രംഗത്തെ പരിപാടികളിലും നിറഞ്ഞുനിൽക്കുകയും ചെയ്ത വ്യക്തിത്വമാണ്.

രാമന്തളി സർക്കാർ മാപ്പിള സ്‌കൂളിലായിരുന്നു പ്രാഥമിക പഠനം. കമ്പിൽ മാപ്പിള ഹൈസ്‌കൂളിൽ വിദ്യാർത്ഥിയായിരിക്കെ എം എസ് എഫ് യുണിറ്റ് പ്രസിഡണ്ടായാണ് പൊതു പ്രവർത്തനത്തിന് തുടക്കം കുറിച്ചത്. തളിപ്പറമ്പ സർസയ്യിദ് കോളേജിലും എം എസ് എഫ് പ്രവർത്തങ്ങളുടെ മുൻനിരയിൽ സജീവമായിരുന്നു.

മത രംഗത്തെന്ന പോലെ മുസ്ലിം ലീഗ് രാഷ്ട്രീയത്തിലും സജീവമായി നിന്നായിരുന്നു തന്റെ കർമ്മരംഗം മികവുറ്റതാക്കി മാറ്റിയത്. അന്തരിച്ച പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങൾ ഉൾപ്പെടെ സമസ്തയുടെയും മുസ്‌ലിം ലീഗിന്റെയും സമുന്നത നേതാക്കളുമായി അദ്ദേഹം അടുത്ത ബന്ധം സൂക്ഷിച്ചിരുന്നു. പ്രവാസ ലോകത്ത് ഏറ്റവും ജനപ്രിയ നേതാക്കളിൽ ഒരാളായ അദ്ദേഹത്തിന് എല്ലാ മേഖലകളിലും നിരവധി സുഹൃത്തുക്കളും അനുയായികളുമുണ്ട്.

ഉമ്മു ഹബീബയാണ് ഭാര്യ. മക്കൾ: സിറാജ്, സയ്യിദ് ജലാലുദ്ധീൻ, യാസീൻ, ആമിന, മിസ്ബാഹ്, സുബൈർ, നബ്ഹാൻ. മരുമകൻ: സഗീർ. സഹോദരങ്ങൾ : സയ്യിദ് സകരിയ തങ്ങൾ (ദുബൈ ), സയ്യിദ് ഷാഫി തങ്ങൾ (മദീന). നടപടിക്രമങ്ങൾ പൂർത്തിയാക്കി മയ്യിത്ത് നാട്ടിലേക്ക്‌കൊണ്ടു പോകുമെന്ന് സുന്നി സെന്റർ ഭാരാവാഹികൾ അറിയിച്ചു.

 

മറുനാടന്‍ മലയാളി ബ്യൂറോ

MNM Recommends


Most Read