കൂടുതൽ

കോഴിഫാമിൽ സുഹൃത്തുക്കൾ കൊല്ലപ്പെട്ടത് വൈദ്യുതാഘാതമേറ്റത് മൂലമെന്ന് വിവരം; ബൈജുവിന്റെ കാലിലും നിജിലിന്റെ കൈയിലുമായി കമ്പി ചുറ്റിയതായി കാണപ്പെട്ടെന്ന് ഫാം പങ്കാളി സനു; രാത്രിയിലെ ശക്തമായ മഴ മൂലമാവാം അപകടം ആരും അറിയാതെ പോയതെന്നും നിഗമനം

റാന്നി: കോഴിഫാമിൽ സുഹൃത്തുക്കളായ യുവാക്കൾ കൊല്ലപ്പെട്ടത് വൈദ്യുതാഘാതമേറ്റത് മൂലമാണെന്ന് വിവരം. വടശേരിക്കര രണ്ടാം വാർഡ് ചെറുകുളഞ്ഞിയിൽ പരേതനായ വർഗീസിന്റെ മകനും കോഴിഫാം ഉടമയുമായ നിജിൽ വർഗീസ്(33), അയൽവാസിയും സൂഹൃത്തുമായ മൂഴിക്കൽ പുതുപ്പറമ്പിൽ ബൈജു (40) എന്നിവരെയാണ് ഞായറാഴ്‌ച്ച നിജിലിന്റെ ഉടമസ്ഥതയിലുള്ള കോഴിഫാമിന് പുറത്ത് മരിച്ച നിലയിൽ കണ്ടെത്തിയത്.

കുറച്ച് ദിവസങ്ങൾക്ക് മുൻപാണ് ബൈജു വിദേശത്ത് നിന്നും അവധിക്കായി നാട്ടിലെത്തിയത്. അമ്മ കുഞ്ഞമ്മ വർഗീസിനോടൊപ്പമായിരുന്നു നിജിൽ താമസിച്ചിരുന്നത്. നിജിൽ അവിവാഹിതനാണ്. കഴിഞ്ഞ അഞ്ചു വർഷമായി നിജിൽ തന്റെ സുഹൃത്തായ ജണ്ടായിക്കൽ പാരുമലയിൽ സനു മാത്യുവുമായി കോഴിഫാം നടത്തി വരികയായിരുന്നു.ഇക്കഴിഞ്ഞ ശനിയാഴ്‌ച്ച രാത്രി എട്ടര കഴിഞ്ഞാണ് ബൈജുവും നിജിലും ഫാമിലേക്ക് പോയത്. ഇതിനു ശേഷം ഇവരുടെ വിവരമൊന്നും ലഭിച്ചില്ല. 

ഫാം പങ്കാളിയായ സനു രാവിലെ സ്ഥലത്തെത്തിയപ്പോഴാണ് ഇരുവരുടേയും മൃതദേഹങ്ങൾ അടുത്തടുത്തായി തറയിൽ കമിഴ്ന്നുകിടക്കുന്ന നിലയിൽ കാണപ്പെട്ടത്.ബൈജുവിന്റെ കാലിലും നിജിലിന്റെ കൈയിലും കമ്പി ചുറ്റിയിട്ടുണ്ടായിരുന്നെന്നാണ് വിവരം. ഇതാണ് വൈദ്യുതാഘാതമാണ് മരണകാരണമെന്ന സൂചന നൽകിയത്. ശനിയാഴ്ച വൈകിട്ടും രാത്രിയിലുമായി രണ്ടുതവണ ശക്തമായി മഴ പെയ്തതാകാം അപകടം ആരും അറിയാതെപോകാൻ കാരണമെന്നു കരുതുന്നു.

ഇരുവരുടേയും മൃതദേഹങ്ങൾ പോസ്റ്റുമോർട്ടത്തിനായി കൊണ്ടു പോയി. സോമൻ-രത്‌നമ്മ ദമ്പതികളാണു ബൈജുവിന്റെ മാതാപിതാക്കൾ. ബൈജുവിന്റെ ഭാര്യ സൗമ്യ വിദേശത്താണ്. ഏക മകൾ. ഗൗരി. റാന്നി എസ്‌ഐ അനീഷ്‌കുമാറിന്റെ നേതൃത്വത്തിൽ പൊലീസ് കേസെടുത്തു.

മറുനാടന്‍ മലയാളി ബ്യൂറോ

MNM Recommends


Most Read