കൂടുതൽ

രോഗിക്കു കുറിച്ചു കൊടുത്ത മരുന്നിൽ വിഷമില്ലെന്ന് ഉറപ്പാക്കാൻ മരുന്നു കഴിച്ചു കാണിച്ച ആയുർവേദ ഡോക്ടർ ഓർമയായി; ഡോ. പി എ ബൈജുവിന്റെ ജീവൻ പൊലിഞ്ഞതു തളർന്നു വീണ് കിടപ്പിലായി ഒമ്പതു കൊല്ലത്തിനു ശേഷം

മുവാറ്റുപുഴ: രോഗിക്കു കുറിച്ചു നൽകിയ മരുന്നിന്റെ വിശ്യാസ്യത ഉറപ്പാക്കാൻ സ്വയം കഴിച്ചു നോക്കിയ ആയുർവേദ ഡോക്ടർ പി എ ബൈജു അന്തരിച്ചു. 38 വയസായിരുന്നു.

2007ലാണു രോഗിക്കു നൽകിയ മരുന്നിൽ വിഷമില്ലെന്ന് ഉറപ്പിക്കാൻ ഡോ. ബൈജു ഇതു കുടിച്ചത്. ഉടൻ തന്നെ അദ്ദേഹം തളർന്നു വീഴുകയായിരുന്നു.

ഇടുക്കി ബൈസൺവാലി ആയുർവേദ ആശുപത്രിയിൽ ഡോക്ടറായിരിക്കെയാണ് സംഭവം. ആശുപത്രിയിൽ ചികിത്സയ്‌ക്കെത്തിയ സ്ത്രീ ഡോക്ടർ കുറിച്ചു നൽകിയ മരുന്ന് കഴിച്ച് അവശയായിരുന്നു. ഇതറിഞ്ഞതോടെ മരുന്നുമായി എത്താൻ ഡോക്ടർ വീട്ടുകാരോട് നിർദ്ദേശിച്ചു.

തുടർന്നു മരുന്നിൽ കുഴപ്പമില്ലെന്ന് ഉറപ്പുവരുത്താൻ സ്വയം കഴിച്ചുനോക്കുകയായിരുന്നു. ഉടനെ തളർച്ച അനുഭവപ്പെടുകയും ബോധം നശിക്കുകയുമായിരുന്നു. പിന്നീടൊരിക്കലും സംസാരിച്ചിട്ടില്ല. ശരീരത്തിന്റെ ചലനശേഷി നഷ്ടപ്പെട്ടു. അലോപ്പതിയിൽ ഇനി മരുന്നൊന്നുമില്ലെന്ന് ഡോക്ടർമാർ വിധിയെഴുതി. പിന്നീട് പലയിടങ്ങളിലായി ചികിത്സ തുടർന്നുവെങ്കിലും രോഗാവസ്ഥയിൽ മാറ്റമുണ്ടായില്ല. മരുന്ന് കഴിച്ച രോഗി രക്ഷപ്പെടുകയും ചെയ്തിരുന്നു. സംഭവത്തിൽ ദുരൂഹതയുണ്ടെന്ന് ആരോപിച്ച് ഡോ. ബൈജുവിന്റെ ബന്ധുക്കൾ പൊലീസിൽ പരാതി നൽകി.

ഇതേത്തുടർന്നു നടത്തിയ അന്വേഷണത്തിൽ മരുന്ന് കഴിച്ച് അവശയായ സ്ത്രീയുടെ ഭർത്താവിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. കുടുംബ വഴക്കിനെ തുടർന്ന് ഇയാൾ മരുന്നിൽ വിഷംചേർത്തതാണെന്നാണു വിവരം. ഏലത്തിനടിക്കുന്ന കീടനാശിനിയിൽ അടങ്ങിയിട്ടുള്ള ഓർഗാനോ ഫോസ്ഫറസ് എന്ന വിഷവസ്തുവിന്റെ സാന്നിധ്യമാണ് ബൈജുവിന്റെ രോഗാവസ്ഥയ്ക്കു കാരണമെന്ന് പിന്നീടു തെളിഞ്ഞു. മരുന്നുമായി എത്തിയ രോഗിയുടെ ഭർത്താവിനെ മാസങ്ങൾക്കുശേഷം പൊലീസ് അറസ്റ്റ് ചെയ്‌തെങ്കിലും തുടരന്വേഷണം ഫലപ്രദമായില്ല. മൂവാറ്റുപുഴ പായിപ്ര സ്വദേശിയാണ് ബൈജു. ഭാര്യ: ഡോ. ഷിൻസി (തൃപ്പൂണിത്തുറ ഗവ. ആയുർവേദ ആശുപത്രി) മക്കൾ: വൈഷ്ണവ്, വിഷ്ണു.

MNM Recommends


Most Read