സിനിമ

സൂപ്പറുകൾക്ക് മാതൃകയായി സന്തോഷ് പണ്ഡിറ്റ്; ഇത്തവണത്തെ ഓണാഘോഷം അട്ടപ്പാടിയിൽ ആദിവാസികൾക്കൊപ്പം; സിനിമാ സെറ്റിലോ ചാനലിലോ സമയം ചെലവിടാതെ സോഷ്യൽ മീഡിയയുടെ പ്രിയതാരം എത്തിയത് ഓണാഘോഷത്തിനുള്ള വസ്തുക്കളുമായി

പാലക്കാട്: മലയാളത്തിലെ സൂപ്പറുകളുടെ ഓണാഘോഷം പതിവായി സിനിമാ ഷൂട്ടിങ് സെറ്റുകളിലും ടെലിവിഷനിലും മറ്റുമായിരിക്കും. എന്നാൽ സോഷ്യൽ മീഡിയയുടെ സൂപ്പർസ്റ്റാറായ സന്തോഷ് പണ്ഡിറ്റ് തീരുമാനങ്ങളെല്ലാം തിരുത്തുകയാണ്. എല്ലാവരുടെയും പ്രിയങ്കരനായി മാറിയ അദ്ദേഹം ഓണാഘോഷത്തിന്റെ കാര്യത്തിലും വ്യത്യസ്തനായി. തന്റെ ഓണാഘോഷം അട്ടപ്പാടിയിൽ ആഘോഷിക്കാനാണ് പണ്ഡിറ്റിന്റെ തീരുമാനം.

അയിത്തവും ജാതിപീഡനവും നിലനിൽക്കുന്ന പാലക്കാട് ഗോവിന്ദാപുരം അംബേദ്കർ കോളനിയിൽ സന്ദർശനം നടത്തി മമ്മൂട്ടി ചിത്രത്തിൽ നിന്ന് തനിക്ക് ലഭിച്ച പ്രതിഫലത്തിന്റെ ഒരു പങ്ക് സേവന പ്രവർത്തനത്തിനായി പണ്ഡിറ്റ് ചെലവഴിച്ചിരുന്നു. വിദ്യാർത്ഥികൾക്കുള്ള സ്‌കൂൾ ഫീസും പഠനോപകരണങ്ങളും കൈമാറിയാണ് പണ്ഡിറ്റ് ഗോവിന്ദാപുരത്ത് നിന്ന് മടങ്ങിയത്. ഇപ്പോഴിതാ അട്ടപ്പാടിയിൽ സാമൂഹ്യസേവന രംഗത്ത് പ്രവർത്തിക്കുന്ന വിവിധ ഗ്രൂപ്പുകളുമായി സഹകരിച്ചാണ് സന്തോഷ് പണ്ഡിറ്റ് ഊരുകളിലേക്ക് ഓണം ആഘോഷിക്കാനെത്തുന്നത്.

വേതന വർധനവിനായി സമരം ചെയ്ത നഴ്സുമാരുടെ സമരപ്പന്തലലിലും സന്തോഷ് പണ്ഡിറ്റ് എത്തിയിരുന്നു. ഇതിന് പിന്നാലെയാണ് താരം അട്ടപ്പാടിയിൽ എത്തുന്നത്. പാലക്കാടുള്ള വിവേകാനന്ദ മെഡിക്കൽ മിഷനുമായി സഹകരിച്ചാണ് ചെറുസഹായങ്ങൾ ചെയ്യുന്നതിനായി അട്ടപ്പാടിയിലെ ഊരുകളിൽ അടുത്ത രണ്ട് ദിവസങ്ങളിലായി എത്തുന്നതെന്ന് സന്തോഷ് പണ്ഡിറ്റ്.

സിനിമയിൽ നിന്ന് തനിക്ക് വലിയ പ്രതിഫലമോ ലാഭമോ ഒന്നും ലഭിക്കുന്നില്ല. എന്നാൽ തന്നാൽ കഴിയുന്ന സഹായം ചെയ്യാനും മറ്റ് പലർക്കും അതിലൂടെ പ്രചോദനം നൽകാനുമാണ് സോഷ്യൽ മീഡിയ വഴി ഓരോ കാര്യങ്ങളും അറിയിക്കുന്നതെന്ന് സന്തോഷ് പണ്ഡിറ്റ്.

 

MNM Recommends


Most Read