സിനിമ

ഞാൻ പ്രണയിക്കുന്ന ആൾ മലയാളിയല്ല; പരസ്യമായി ചുംബിക്കാമെന്ന് എവിടേയും പറഞ്ഞിട്ടില്ല; രണ്ട് പേർക്ക് ഇഷ്ടമുണ്ടെങ്കിൽ അവർ ചുംബിക്കട്ടേ, പക്ഷേ റൂൾ ഫോളോ ചെയ്യുകയും വേണം; നിലപാടുകൾ തുറന്നുപറഞ്ഞ് തെന്നിന്ത്യൻ നടി പ്രയാമണി

തെന്നിന്ത്യയിലെ ഗ്ലാമർ താരമാണ് പ്രിയാമണി. പരുത്തിവീരനിലൂടെ മികച്ച നടിക്കുള്ള ദേശീയ പുരസ്‌കാരവും നേടി. തൊടുന്നതെല്ലാം പൊന്നാക്കി പ്രേക്ഷക ഹൃദയത്തിലേക്കായിരുന്നു പ്രിയാമണിയുടെ യാത്ര. അതിന്നും തുടരുന്നു.

കളിക്കളത്തിൽ സ്മാഷുകൾ തീർത്ത ആ പെൺകുട്ടി ഭാവിയിൽ വലിയ ബാഡ്മിന്റൺ താരമാകുമെന്നാണ് കൂട്ടുകാർ കരുതിയത്. കാലങ്ങൾ കഴിഞ്ഞപ്പോൾ അവളെ അവർ വീണ്ടും കണ്ടു. ബാഡ്മിന്റൺ കോർട്ടിനു പകരം വെള്ളിത്തിരയിൽ. അവിടെ നിന്ന് ഇനി എങ്ങോട്ട്? അഭിനയ ജീവതത്തിന്റെ പന്ത്രണ്ടാം വർഷത്തിൽ പ്രിയാമണി മനസ്സു തുറക്കുന്നു.

ഡി ഫോർ ഡാൻസ് എന്ന റിയാലിറ്റി ഷോയിലെ ജഡ്ജായി എൻജോയ് ചെയ്യുകയാണ് പ്രിയാമണി. ഡാൻസിനോടു ചെറുപ്പം മുതലേ ഇഷ്ടമുണ്ട്. സാൽസയിൽ ബേസിക് കോഴ്‌സ് ചെയ്തിരുന്നു. പല ഭാഷകളിലുള്ള ഡാൻസ് റിയാലിറ്റിഷോകളിൽ അവതാരകയാവാനും ജഡ്ജാകാനും എന്നെ ക്ഷണിച്ചിരുന്നു. കൊറിയോഗ്രാഫർ പ്രസന്നയാണ് എന്നോട് മഴവിൽ മനോരമയുടെ ഡി ഫോർ ഡാൻസിന്റെ കാര്യം ആദ്യം പറഞ്ഞത്.

പ്രസന്ന ഡാൻസ് ഷോയിൽ ജഡ്ജായെത്തുന്നുണ്ടെന്നും താൽപര്യമുണ്ടെങ്കിൽ പ്രിയയും ജഡ്ജായി വരണമെന്നും പറഞ്ഞു. ഡി ഫോർ ഡാൻസ് തിരഞ്ഞെടുക്കുന്നതിൽ എനിക്ക് അഭിമാനമേയുള്ളൂ. ഇപ്പോൾ മലയാളികൾ എന്നെക്കാണുമ്പോൾ ആദ്യം ചോദിക്കുന്നത് ഡി ഫോർ ഡാൻസിനെക്കുറിച്ചാണ്. ജഡ്ജുമാരും അവതാരകരും മത്സരാർത്ഥികളും ഒരു കുടുംബം പോലെയാണിവിടെ. ഞാൻ നന്നായി എൻജോയ് ചെയ്യുന്ന നിമിഷങ്ങളാണതെന്ന് തെന്നിന്ത്യയിലെ സൂപ്പർതാരം പറയുന്നു.

കൊച്ചിയിൽ നടന്ന ചുംബന സമരത്തിൽ പങ്കു ചേർന്ന് പരസ്യമായി ചുംബിക്കാൻ തയ്യാറാണെന്ന് പ്രിയാമണി പറഞ്ഞതായി കേട്ടല്ലോ എന്ന ചോദ്യത്തിന് വ്യക്തതയുള്ള ഉത്തരമാണ് പ്രിയാമണിക്കുള്ളത്. ഞാനങ്ങനെ പറഞ്ഞിട്ടില്ല. അങ്ങനെ ചെയ്യാൻ എനിക്ക് ഉദ്ദേശവുമില്ല. വിദേശ രാജ്യങ്ങളിൽ പോകുമ്പോൾ പ്രണയിക്കുന്നവർ പരസ്യമായി ചുംബിക്കുന്നത് കാണാറുണ്ട്. അവിടെ ഇതൊന്നും അത്ര വലിയ കാര്യമല്ല. ഇന്ത്യയിൽ മാത്രം ഇതിത്ര കാര്യമായെടുക്കുന്നതെന്തുകൊണ്ടാണെന്ന് അറിയില്ല. മറ്റുള്ളവർ പരസ്യമായോ അല്ലാതെയോ ചുംബിക്കുന്നതിനെപ്പറ്റി അഭിപ്രായം പറയാൻ നമുക്കെന്താ അവകാശം. രണ്ടുപേർക്ക് ഇഷ്ടമുണ്ടെങ്കിൽ അവർ ചുംബിക്കട്ടെ. ബട്ട് ഫോളോ ദ റൂൾസ്-പ്രിയാ മണി വ്യക്തമാക്കുന്നു.


സോഷ്യൽ മീഡിയയിൽ മൃഗങ്ങളോടുള്ള സ്‌നേഹം മറച്ചുവയ്ക്കാതെ അനിമൽ ലവർ എന്നുതന്നെ ചേർത്തിട്ടുണ്ട്. അതിനുള്ള കാരണവും പ്രിയാമണി അഭിമുഖത്തിൽ വ്യക്തമാക്കുന്നു. അമ്മയുടെ കുടുംബത്തിലെല്ലാവർക്കും മൃഗങ്ങളോടു വലിയ ഇഷ്ടമാണ്. ആ മൃഗസ്‌നേഹമാണ് എനിക്കും കിട്ടിയത്. പട്ടിയെയും പൂച്ചയേയുമാണ് കൂടുതലിഷ്ടം. ഒരു വയസ്സുള്ള മോക്ക എന്ന പട്ടിയെ ഞാൻ വളർത്തുന്നുണ്ട്. പീറ്റ എന്ന സംഘടനയ്ക്കുവേണ്ടി സേവ് ടൈഗർ എന്ന ക്യാമ്പെയിൻ ചെയ്തിരുന്നു.

ബാംഗ്ലൂരിലെ അരബിന്ദോ മെമോറിയൽ ഹൈസ്‌ക്കൂളിലാണ് പഠിച്ചത്. ക്ലാസിൽ പഠനത്തിൽ മുന്നിലായ ആദ്യ പത്തുപേരിൽ ഞാനുമുണ്ടായിരുന്നു. എന്നാലും പുസ്തകം, പരീക്ഷ എന്നൊക്കെ കേൾക്കുന്നതേ ഇഷ്ടമല്ലായിരുന്നു എനിക്ക്. നൃത്തം, ബാഡ്മിന്റൺ ഇങ്ങനെയുള്ള കാര്യങ്ങളോടായിരുന്നു എനിക്ക് താൽപര്യം. അമ്മയിൽ നിന്നാണ് ബാഡ്മിന്റനോടുള്ള ഇഷ്ടം കിട്ടിയത്. അമ്മ ലതാ മണി ചെറുപ്പകാലത്ത് രാജ്യാന്തരതല ബാഡ്മിന്റൺ മത്സരങ്ങളിൽ ഇന്ത്യയെ പ്രതിനിധീകരിച്ചിട്ടുണ്ട്. ബാഡ്മിന്റണിൽ ഇന്ത്യയിൽ രണ്ടാം സ്ഥാനമായിരുന്നു അമ്മയ്ക്ക്. ഞാൻ ചെറുപ്പത്തിൽ ജില്ലാതലത്തിൽ ബാഡ്മിന്റൺ മത്സരത്തിൽ വിജയിയായിരുന്നു. പക്ഷേ ബാഡ്മിന്റൺ പ്രഫഷനാക്കണമെന്ന് എനിക്ക് തോന്നിയിട്ടേയില്ല. അച്ഛനുമമ്മയും നീ ഡോക്ടറാകണം, എഞ്ചിനീയറാകണം എന്നൊന്നും എന്നോട് പറഞ്ഞിട്ടില്ല. മോഡലിങ്ങും അഭിനയവും തിരഞ്ഞെടുത്തപ്പോൾ അവർ എനിക്ക് എല്ലാ പിന്തുണയും നൽകി.


അഭിനയം അല്ലാതെ സിനിമയിൽ സംവിധാനത്തിൽ താൽപര്യമുണ്ടെന്നും പ്രിയാമണി പറയുന്നു. എന്നു കരുതി ഞാൻ നാളെത്തന്നെ ഒരു സിനിമ സംവിധാനം ചെയ്യാൻ പോകുന്നുവെന്ന് എഴുതരുത്. സംവിധാനമെന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. കഠിനാധ്വാനം ആവശ്യമുള്ള ജോലിയാണത്. എന്റെ ആഗ്രഹം പങ്ക് വെക്കുന്നെന്നേയുള്ളൂ. അല്ലാതെ ഏതു ഭാഷയിലാവും സംവിധാനം ചെയ്യുക എന്ന് ആലോചിച്ചിട്ടില്ല. അഭിനയിച്ച എല്ലാ ഭാഷയോടും എനിക്ക് തുല്യ ഇഷ്ടമാണ്. മലയാളിയായ ഒരു യുവ അവതാരകനുമായി പ്രണയത്തിലാണെന്ന് കേൾക്കുന്നുണ്ടല്ലോ? എന്നു ചോദിച്ചാൽ ആ രഹസ്യം വെളിപ്പെടുത്തും. ഇനി ഒരു രഹസ്യം പറയാം. ഞാൻ പ്രണയിക്കുന്ന ആൾ മലയാളിയല്ലെന്നാണ് പ്രിയാമണിയുടെ നിലപാട്.

ബാഡ്മിന്റണോടുള്ള കമ്പം ഇന്നുമുണ്ട്. അതിനോട് മാത്രമല്ല എല്ലാ സ്‌പോർട്‌സിനേയും ഇഷ്ടം. അതു തന്നെയാണ് സെലിബ്രേറ്റി ക്രിക്കറ്റ് ലീഗിന്റെ ബാഗമായത്. ചെറുപ്പത്തിൽ ക്രിക്കറ്റ് കളിക്കാൻ കൂടാറുണ്ടായിരുന്നു. വലുതായപ്പോൾ അത്ര താൽപര്യമില്ലതായി. സെലിബ്രറ്റി ക്രിക്കറ്റ് ലീഗിൽ ഞങ്ങൾ ചിയർ ലീഡേഴ്‌സ് മാത്രമല്ലേ. ക്രിക്കറ്റ് കളിക്കാനൊന്നും അവസരമില്ലല്ലോ എന്നും പ്രിയാമണി പറയുന്നു.

 

MNM Recommends


Most Read