യുഎസ്എ

ജെറി മാത്യു അഭിഷിക്തനായി

എൽമണ്ട്: അമേരിക്കയിലെ മലങ്കര കത്തോലിക്കാ സഭയ്ക്കിത് അനുഗ്രഹത്തിന്റെ അഭിമാന നിമിഷം. ജൂലൈ രണ്ടിനു (ശനി) രാവിലെ അമേരിക്കയിലെ മലങ്കര കത്തോലിക്ക ഭദ്രാസനത്തിനുവേണ്ടി ഭദ്രാസന ദേവാലയത്തിൽ ഭദ്രാസനാധ്യക്ഷൻ തോമസ് മാർ യൗസേബിയോസിന്റെ കൈവയ്പ് ശുശ്രൂഷയോടെ ജെറി മാത്യു വൈദികനായി അഭിഷേകം ചെയ്യപ്പെട്ടു.

അമേരിക്കയിലെ ഭാരതീയ പാരമ്പര്യമുള്ള പൗരസ്ത്യ സഭകളിൽനിന്ന് അതേ സഭയ്ക്കുവേണ്ടി അഭിഷിക്തനാകുന്ന രണ്ടാമത്തെ വൈദികനാണ് ഫാ. ജെറി മാത്യു. ആദ്യത്തെ വൈദികൻ ഇതേ രൂപതയിൽനിന്നുള്ള ഫാ. മൈക്കിൾ ആണ്.

ഡിട്രോയിറ്റിലെ സെന്റ് ജോസഫ് മലങ്കര കത്തോലിക്ക ഇടവകയിലെ തോമസ് മാത്യുവിന്റെയും ഗ്രേസിയുടെയും മൂത്ത പുത്രനാണ് ഫാ. ജെറി. സഹോദരൻ ഫാർമസി ഡോക്ടറായ ജെബി.

പൗരോഹിത്യത്തിന്റെ സത്ത ക്രിസ്തുവുമായും ദൈവജനവുമായുള്ള ഹൃദയ അടുപ്പമാണെന്നും കരുണയുടെ വർഷത്തിൽ പുരോഹിതനാകുന്ന ജെറി മാത്യു കരുണയുടെ കൂദാശയാകുവാൻ വിളിക്കപ്പെട്ടവനാണെന്നും യൗസേബിയോസ് ശുശ്രൂഷ മധ്യേ നടത്തിയ പ്രസംഗത്തിൽ അനുസ്മരിച്ചു.

ഫാ. ജെറി മാത്യുവിന്റെ പ്രാർത്ഥനയും പരസ്‌നേഹവും ധീഷണതയും എളിമയും ഒത്തുചേർന്നുള്ള ജീവിതം തന്നെ ഏറെ വിസ്മയിപ്പിച്ചിട്ടുണെ്ടന്നു ഗുരുനാഥൻ കൂടിയായ ബ്രൂക്കിലിൻ സഹായ മെത്രാൻ ജയിംസ് മാസ പറഞ്ഞു. മോൺ. പീറ്റർ കോച്ചേരി നവാഭിഷിക്തനെ വൈദിക കൂട്ടായ്മയിലേയ്ക്കും രൂപതയിലേയ്ക്കും സ്വാഗതം ചെയ്തു. നല്ലൊരു വൈദികനായി ജീവിക്കുവാൻ ഏവരും പ്രാർത്ഥിക്കണമെന്നും ധാരാളം പേർ ദൈവിക സന്യസ്ത വിളിയിലേക്ക് വരണമെന്നും മറുപടി പ്രസംഗത്തിൽ ഫാ. ജെറി മാത്യു പറഞ്ഞു.

ആർച്ച് ബിഷപ് തോമസ് മാർ കൂറിലോസ്, യൂഹാനോൻ മാർ ക്രിസോസ്റ്റം, അമേരിക്കയിലെ വിവിധ ഇടവകകളിൽനിന്നുള്ള വൈദികർ, സന്യസ്തർ, സെമിനാരിക്കാർ, അൽമായർ തുടങ്ങി അറൂനൂറ്റമ്പതോളം വരുന്ന വിശ്വാസിഗണം ഭക്തിസാന്ദ്രമായ ശുശ്രൂഷകളിൽ പങ്കുചേർന്നു.

 

MNM Recommends


Most Read