യുഎസ്എ

സെക്യൂരിറ്റി കൗൺസിലിൽ ഇന്ത്യക്ക് സ്ഥിരാംഗത്വം ഉറപ്പു നൽകി ബൈഡൻ

ന്യൂയോർക്ക് : സെക്യൂരിറ്റി കൗൺസിലിൽ ഇന്ത്യക്ക് സ്ഥിരാംഗത്വം ലഭിക്കുന്നതിന് വേണ്ടതെല്ലാം ചെയ്യുമെന്ന് അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ ഉറപ്പു നൽകി. സെപ്റ്റംബർ 21ന് ജനറൽ അസംബ്ലിയിൽ ഉന്നതതല യോഗത്തെ അഭിസംബോധന ചെയ്യുന്നതിനിടയിലാണു ബൈഡൻ തന്റെ പ്രഖ്യാപനം നടത്തിയത്.

സെക്യൂരിറ്റി കൗൺസിലിൽ സ്ഥിരാംഗങ്ങളുടേയും താൽക്കാലികാംഗങ്ങളുടേയും സംഖ്യ വർധിപ്പിക്കുന്നതിന് അമേരിക്ക മുൻകൈ എടുക്കുമെന്നും ബൈഡൻ അസന്നിഗ്ധമായി പ്രഖ്യാപിച്ചു. വളരെ നാളുകളായി സ്ഥിരാംഗത്വത്തിന് ശ്രമിക്കുന്ന ഇന്ത്യയുടെയും ജപ്പാൻ, ജർമനി തുടങ്ങിയ രാഷ്ട്രങ്ങളുടേയും താൽപര്യം സംരക്ഷിക്കുമെന്നും ബൈഡൻ പറഞ്ഞു.

ഇന്നു ലോകം നേരിടുന്ന പ്രശ്നങ്ങളിൽ ശരിയായി പ്രതികരിക്കുന്നതിന് കൂടുതൽ രാഷ്ട്രങ്ങളെ ഉൾപ്പെടുത്തേണ്ടതാണെന്നും ആഫ്രിക്ക, ലാറ്റിൻ അമേരിക്കാ, കരീബിയൻ തുടങ്ങിയവയേയും ഇതിൽ ഉൾപ്പെടുത്തണമെന്നും ബൈഡൻ വാദിച്ചു. 2021 ഓഗസ്റ്റ് മാസം യുഎൻ സെക്യൂരിറ്റി കൗൺസിലിൽ പ്രസിഡന്റ് ബൈഡനും ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുള്ള കൂടിക്കാഴ്ചയിൽ ഇന്ത്യയുടെ സ്ഥിരാംഗത്വത്തിനു വേണ്ടി അമേരിക്ക സെക്യൂരിറ്റി കൗൺസിലിൽ സമ്മർദം ചെലുത്തുമെന്ന് ഉറപ്പുനൽകിയിരുന്നു.

ഇന്ത്യയുടെ ശക്തമായ നേതൃത്വത്തെ പ്രസിഡന്റ് ബൈഡൻ പ്രത്യേകം അഭിനന്ദിച്ചു. കൂടിക്കാഴ്ചയ്ക്കു ശേഷം ഇരുവരും ചേർന്ന് വൈറ്റ് ഹൗസിൽ നിന്നു സംയുക്ത പ്രസ്താവനയും പുറപ്പെടുവിച്ചു.

 

MNM Recommends


Most Read