കായികം

ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ: കോലിയെയും പൂജാരയെയും വീഴ്‌ത്തി ജയ്മിസൺ; നാല് വിക്കറ്റ് നഷ്ടമായി; ന്യൂസിലൻഡിനെതിരെ ഇന്ത്യ പതറുന്നു

സതാംപ്ടൺ: ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിന്റെ റിസർവ് ദിനത്തിലെ കളിയിൽ ഇന്ത്യക്ക് തുടക്കത്തിലെ തിരിച്ചടി. ന്യൂസീലൻഡിനെതിരേ രണ്ടാം ഇന്നിങ്‌സ് ബാറ്റിങ് തുടരുന്ന ഇന്ത്യക്ക് നാല് വിക്കറ്റ് നഷ്ടമായി. ഇന്ത്യൻ നായകൻ വിരാട് കോലിയെയും ചേതേശ്വർ പൂജാരയെയും വീഴ്‌ത്തി പേസർ കെയ്ൽ ജയ്മിസണാണ് കിവീസിന് നിർണായക വിക്കറ്റുകൾ സമ്മാനിച്ചത്.

64-2 എന്ന സ്‌കോറിൽ ബാറ്റിങ് പുനരാരംഭിച്ച ഇന്ത്യക്ക് സ്‌കോർ 71ൽ നിൽക്കെ കോലിയുടെ നഷ്ടമായി. ഒരു റൺസ് കൂടി കൂട്ടിച്ചേർത്തപ്പോഴേക്കും പൂജാരയും ജയ്മിസന്റെ കെണിയിൽ വീണു. ന്യൂസിലൻഡിനെതിരെ ഒടുവിൽ വിവരം ലഭിക്കുമ്പോൾ ഇന്ത്യ നാലു വിക്കറ്റ് നഷ്ടത്തിൽ 82 റൺസെന്ന നിലയിലാണ്. 16 റൺസോടെ റിഷഭ് പന്തും 6 റണ്ണുമായി അജിങ്ക്യാ രഹാനെയുമാണ് ക്രീസിൽ.

ആദ്യ ഇന്നിങ്‌സിലേതുപോലെ ഇൻസ്വിംഗറിൽ കോലിയെ വിക്കറ്റിന് മുന്നിൽ കുടുക്കാനാണ് ജയ്മിസൺ തുടക്കത്തിൽ ശ്രമിച്ചത്. എന്നാൽ ജയ്മിസന്റെ തന്ത്രം തുടക്കത്തിലെ തിരിച്ചറിച്ച കോലി ഓഫ് സ്‌ററംപിന് പുറത്തുപോയ നിരുദ്രപവകരായൊരു പന്തിൽ ബാറ്റുവെച്ച വിക്കറ്റ് കീപ്പർ ബി ജെ വാട്‌ലിംഗിന് അനായാസ ക്യാച്ച് സമ്മാനിച്ച് മടങ്ങി. 13 റൺസായിരുന്നു ക്യാപ്റ്റന്റെ സംഭാവന. തൊട്ടുപിന്നാലെ സമാനമായി ഓഫ് സ്റ്റംപിന് പുറത്തുപോയ പന്തിലാണ് പൂജാരയും വീണത്. പൂജാരയുടെ ബാറ്റിൽ എഡ്ജ് ചെയ്ത പന്ത് സ്ലിപ്പിൽ റോസ് ടെയ്‌ലർ അനായാസം കൈയിലൊതുക്കി. 15 റൺസാണ് പൂജാര നേടിയത്.

രണ്ട് വിക്കറ്റിന് 64 റൺസെന്ന നിലയിലാണ് ഇന്ത്യ അഞ്ചാം ദിനം ബാറ്റിങ് അവസാനിപ്പിച്ചത്. ഓപ്പണർമാരായ രോഹിത് ശർമയേയും ശുഭ്മാൻ ഗില്ലിനേയും അഞ്ചാം ദിനം ഇന്ത്യക്ക് നഷ്ടമായിരുന്നു. ശുഭ്മാൻ എട്ടു റൺസും രോഹിത് 30 റൺസുമെടുത്തു. നേരത്തെ ഇന്ത്യയുടെ ഒന്നാമിന്നിങ്‌സ് സ്‌കോറായ 217 റൺസിനെതിരേ ന്യൂസീലൻഡ് 249 റൺസിന് പുറത്തായിരുന്നു. 32 റൺസിന്റെ ലീഡും കിവീസ് സ്വന്തമാക്കിയിരുന്നു.

മഴ മൂലം ഒരു മണിക്കൂർ വൈകിത്തുടങ്ങിയ അഞ്ചാം ദിവസത്തെ കളിയിൽ മുഹമ്മദ് ഷമിയുടെ ബൗളിങ്ങിൽ ന്യൂസീലൻഡിന് പിടിച്ചുനിൽക്കാനായില്ല. മുഹമ്മദ് ഷമി 26 ഓവറിവൽ 76 റൺസ് വഴങ്ങി നാല് വിക്കറ്റും ഇഷാന്ത് ശർമ 25 ഓവറിൽ 48 റൺസ് വഴങ്ങി മൂന്നു വിക്കറ്റും നേടി. ആർ അശ്വിൻ രണ്ടു വിക്കറ്റെടുത്തു. രവീന്ദ്ര ജഡേജ ഒരു വിക്കറ്റ് വീഴ്‌ത്തി.

ഓപ്പണർമാരായ ടോം ലാഥവും ഡെവോൺ കോൺവേയുടെ പ്രകടനത്തിന് പിന്നാലെ കെയ്ൻ വില്ല്യംസണിന്റെ ചെറുത്തുനിൽപ്പാണ് ന്യൂസീലൻഡിന് നേരിയ ലീഡ് സമ്മാനിച്ചത്. ടോം ലാഥം 30 റൺസും ഡെവോൺ കോൺവേ 54 റൺസുമെടുത്തു. ഓപ്പണിങ് വിക്കറ്റിൽ ഇരുവരും 70 റൺസ് കൂട്ടുകെട്ടുണ്ടാക്കി. 177 പന്തിൽ ആറു ഫോറിന്റെ സഹായത്തോടെ വില്ല്യംസൺ 49 റൺസടിച്ചു. അർധ സെഞ്ചുറിയിലെത്തും മുമ്പ് ഇഷാന്ത് ശർമയാണ് വില്ല്യംസൺന്റെ നിർണായക വിക്കറ്റ് വീഴ്‌ത്തിയത്.

മഴ മൂലം ടെസ്റ്റിന്റെ ആദ്യ ദിനവും നാലാം ദിനവും പൂർണമായും ഉപേക്ഷിച്ചിരുന്നു. കളി നടന്ന രണ്ടാം ദിനവും മൂന്നാം ദിനവും വെളിച്ചക്കുറവ് മൂലം മത്സരം നേരത്തെ അവസാനിപ്പിക്കേണ്ടിയും വന്നു. ആദ്യ നാലു ദിനം ആകെ കളി നടന്നത് 141.2 ഓവർ മാത്രമാണ്

ടെസ്റ്റ് മത്സരത്തിൽ ജയപ്രതീക്ഷ ഏതാണ്ട് അസ്തമിച്ച ഇന്ത്യ സമനിലക്കുവേണ്ടിയാണ് പൊരുതുന്നത്. ആറ് വിക്കറ്റ് ശേഷിക്കെ 45 റൺസിന്റെ ആകെ ലീഡാണ് ഇന്ത്യക്കുള്ളത്. ക്രീസിലുള്ള അവസാന അംഗീകൃത ബാറ്റിങ് ജോടിയായ റിഷഭ് പന്തിന്റെയും അജിങ്ക്യാ രഹാനെയുടെയും പ്രകടനങ്ങളാകും ഇനി ഇന്ത്യക്ക് ഏറെ നിർണായകം.

ഭേദപ്പെട്ട ലീഡ് നേടി ന്യൂസിലൻഡിനെ ബാറ്റിംഗിന് ക്ഷണിച്ച് അവരെ ഓൾ ഔട്ടാക്കുക എന്നത് ഒരു ദിവസം മാത്രം ബാക്കിയിരിക്കെ ഏറെക്കുറെ അസാധ്യമാണെന്നിരിക്കെ പരമാവധി ഓവറുകൾ പിടിച്ചു നിൽക്കാനാവും ഇന്ത്യയുടെ ശ്രമം. ഇന്ന് പരമാവധി 98 ഓവറുകളാണ് പന്തെറിയാനാവുക.

ഒളിഞ്ഞും തെളിഞ്ഞും മഴ പിടിമുറുക്കിയ ലോക ടെസ്റ്റ് ചാംപ്യൻഷിപ് ഫൈനലിന്റെ റിസർവ് ദിനത്തിൽ പരാജയത്തിൽനിന്നും കിരീട നഷ്ടത്തിൽനിന്നും രക്ഷപ്പെടാൻ ഇന്ത്യയെ മഴകൂടി തുണയ്ക്കാതെ രക്ഷയില്ല. വിജയപ്രതീക്ഷകൾ ഏറെക്കുറെ അസ്തമിച്ച ഇന്ത്യയ്ക്കു കളിയുടെ അവസാന ദിനമായ ഇന്നു തോൽവി ഒഴിവാക്കാൻ പൊരുതുക മാത്രമാണ് മാർഗം. മത്സരം സമനിലയിൽ അവസാനിച്ചാൽ ഇരു ടീമുകളും സംയുക്ത ജേതാക്കളാകും.

സ്പോർട്സ് ഡെസ്ക് news@marunadan.in

MNM Recommends


Most Read