കായികം

മഴ രസം കൊല്ലിയാവാതെ മാറി നിന്നതോടെ സായ് സുദർശനും സാഹയും നിറഞ്ഞാടി; ഗിൽ തുടങ്ങി വച്ച തീപ്പൊരി സായ് വെടിക്കട്ടാക്കി മാറ്റി ഗുജറാത്തിനെ തോളിലേറ്റിയതോടെ ചെന്നൈക്ക് ലക്ഷ്യം 215; ഐപിഎൽ ഫൈനലിലെ ഒരു ടീമിന്റെ ഉയർന്ന സ്‌കോർ

അഹമ്മദാബാദ്: ഓരോ ദിവസവും ഓരോ കളിക്കാർ തിളങ്ങുക. അതാണ് ക്രിക്കറ്റിന്റെ രസം. ഇന്ന് സായി സുദർശന്റെ ഊഴമായിരുന്നു. വൃദ്ധിമാൻ സാഹയും മോശമാക്കിയില്ല. ഇരുവരും നിറഞ്ഞാടിയപ്പോൾ ചെന്നൈ സൂപ്പർ കിങ്‌സിന് ഗുജറാത്ത് ടൈറ്റൻസ് ലക്ഷ്യം കുറിച്ച് കൊടുത്തത് 215. നാലുവിക്കറ്റ് നഷ്ടത്തിൽ ഗുജറാത്ത് 214 റൺസെടുത്തു. ഐപിഎൽ ഫൈനലിലെ ഒടുടീമിന്റെ ഉയർന്ന സ്‌കോർ. സായി സുദർശൻ വെറും 47 പന്തിൽ 96 റൺസെടുത്തു. 23 കാരനായ ചെന്നൈ പയ്യൻസിന്റെ ഇന്നിങ്‌സിൽ എട്ടുഫോറും ആറും സിക്‌സും. ഡെത്ത് ഓഫറുകളിലാണ് സായ് ബാറ്റ് ആഞ്ഞുവീശിയത്.

നേരത്തെ വൃദ്ധിമാൻ സാഹ 39 പന്തിൽ 54 റൺസെടുത്തു. ഇന്നുപക്ഷേ ഓപ്പണിങ് പങ്കാളിയായ ശുഭ്മാൻ ഗില്ലിന് 39 റൺസിൽ പവലിയനിലേക്ക് മടങ്ങേണ്ടി വന്നു. റിസർവ് ദിനത്തിൽ, ഞായറാഴ്ചത്തെ പോലെ മഴ രസം കൊല്ലിയായില്ല. നേരിയ ചാറ്റൽ മഴ മാത്രം. മഴ വരുമെന്ന് പേടിച്ച് ധോണി ഫീൽഡിങ് തിരഞ്ഞെടുത്തു. ഓപ്പണർമാരായ ശുഭ്മാൻ ഗില്ലും വൃദ്ധിമാൻ സാഹയും തുടക്കം മോശമാക്കിയില്ല. ഇരുവരെയും ക്യാച്ചെടുത്ത് പുറത്താക്കാനുള്ള അവസരം ദീപക് ചാഹർ പാഴാക്കിയതോടെ, ഗില്ലും സാഹയും കളം തകർത്തു. ആദ്യ വിക്കറ്റിൽ 77 റൺസാണ് ഗില്ലും സാഹയും ചേർന്ന് അടിച്ചെടുത്തത്. രവീന്ദ്ര ജഡേജയെ ഇറക്കിയാണ് ധോണി ഈ കൂട്ടുകെട്ട് പൊളിച്ചത്. ജഡേജയുടെ പന്തിൽ ഗില്ലിനെ ധോനി സ്റ്റംപ് ചെയ്ത് പുറത്താക്കിതോടെയാണ് സായ് സുദർശൻ ക്രീസിലെത്തിയത്. സുദർശനെ കാഴ്ചക്കാരനാക്കി സാഹ അടിച്ചുതകർത്തു. ഇരുവരും ചേർന്ന് 11.1 ഓവറിൽ ടീം സ്‌കോർ 100 കടത്തി. 12.3 ഓവറിൽ സാഹ അർധസെഞ്ചുറി നേടി. 50 റൺസ് മറികടക്കാൻ താരത്തിന് 36 പന്തുകൾ മാത്രമാണ് വേണ്ടിവന്നത്. പിന്നീട് സുദർശന്റെ ഊഴമായിരുന്നു. 39 പന്തിൽ നിന്ന് അഞ്ച് ഫോറിന്റെയും ഒരു സിക്സിന്റെയും സഹായത്തോടെ 54 റൺസെടുത്താണ് സാഹ ക്രീസ് വിട്ടത്. ചെന്നൈയ്ക്ക് വേണ്ടി മതീഷ് പതിരണ രണ്ട് വിക്കറ്റെടുത്തപ്പോൾ ദീപക് ചാഹറും ജഡേജയും ഓരോ വിക്കറ്റ് വീതം വീഴ്‌ത്തി. തുഷാർ ദേശ്പാണ്ഡെ നാലോവറിൽ 56 റൺസാണ് വിട്ടുകൊടുത്തത്

ചെന്നൈ സൂപ്പർ കിങ്‌സും ഗുജറാത്ത് ടൈറ്റൻസും പ്ലേ ഓഫിൽ കളിച്ച അതേ ടീമിനെ നിലനിർത്തി. സീസണിലെ ആദ്യ മത്സരത്തിൽ ചെന്നൈയെ അഞ്ച് വിക്കറ്റിന് തോൽപിച്ച് ജൈത്രയാത്ര തുടങ്ങിയ ഹാർദ്ദിക് പാണ്ഡ്യയുടെ ഗുജറാത്ത് ടൈറ്റൻസ് പ്ലേ ഓഫിലെത്തിയത് പോയന്റ് പട്ടികയിൽ ഒന്നാമന്മാരായാണ്. എന്നാൽ ചെപ്പോക്കിൽ നടന്ന ആദ്യ ക്വാളിഫയറിൽ ധോണിയും സംഘവും ഹാർദിക്കിന്റെ ഗുജറാത്തിനെ 15 റൺസിന് വീഴ്‌ത്തി ഫൈനലുറപ്പിക്കുന്ന ആദ്യ ടീമായി.

അഹമ്മദാബാദിലെ സ്വന്തം കാണികൾക്ക് മുന്നിൽ കിരീടം നിലനിർത്താനാണ് ടൈറ്റൻസ് ഇറങ്ങിയതെങ്കിൽ അഞ്ചാം കിരീടം നേടി മുംബൈക്കൊപ്പമെത്തുകയെന്നതാണ് ചെന്നൈയുടെ ലക്ഷ്യം. ഇക്കുറി ഐ.പി.എൽ. പ്രാഥമിക റൗണ്ട് മത്സരം കഴിഞ്ഞപ്പോൾ ഗുജറാത്ത് ഒന്നാമതും ചെന്നൈ രണ്ടാമതുമായിരുന്നു. ഒന്നാം ക്വാളിഫയറിൽ ചെന്നൈ ഗ്രൗണ്ടിൽ ഗുജറാത്തിനെ തകർത്ത് ചെന്നൈ ഫൈനലിലെത്തിയപ്പോൾ, വെള്ളിയാഴ്ച രണ്ടാം ക്വാളിഫയറിൽ മുംബൈയെ ആധികാരികമായി തോൽപ്പിച്ചാണ് ഗുജറാത്ത്  ഫൈനലിലെത്തിയത്.

മറുനാടന്‍ മലയാളി ബ്യൂറോ

MNM Recommends


Most Read