കായികം

വിജയും പൂജാരയും കോഹ്ലിയും നിറഞ്ഞാടി; ലങ്കയ്ക്ക് മേൽ പിടിമുറുക്കി ടീം ഇന്ത്യ; സ്പിന്നിൽ തകർന്ന് ലങ്കൻ പട

നാഗ്പുർ: ശ്രീലങ്കക്കെതിരായ രണ്ടാം ടെസ്റ്റിൽ ഇന്ത്യക്ക് മേൽക്കൈ. ഓപ്പണർ മുരളി വിജയിന്റെ 10ാം ടെസ്റ്റ് സെഞ്ചുറിക്കു പിന്നാലെ 14ാം ടെസ്റ്റ് സെഞ്ചുറിയുമായി ചേതേശ്വർ പൂജാരയും അതിവേഗ അർധസെഞ്ചുറിയുമായി ക്യാപ്റ്റൻ വിരാട് കോഹ്‌ലിയും നിറഞ്ഞാടിയതോടെയാണ് ഇന്ത്യ പിടിമുറുക്കിയത്.

രണ്ടാം ദിനം കളി നിർത്തുമ്പോൾ രണ്ട് വിക്കറ്റ് നഷ്ടത്തിൽ 312 റൺസ് എന്ന ശക്തമായ നിലയിലാണ് ഇന്ത്യ. 121 റൺസോടെ പൂജാരയും 54 റൺസോടെ ക്യാപ്റ്റൻ വിരാട് കോലിയുമാണ് ക്രീസിലുള്ളത്. മൂന്നാം വിക്കറ്റിൽ പിരിയാതെ ഇരുവരും 96 റൺസ് കൂട്ടിചേർത്തിട്ടുണ്ട്. നിലവിൽ 107 റൺസിന്റെ ഒന്നാം ഇന്നിംങ്സ് ലീഡാണ് ഇന്ത്യക്കുള്ളത്.

ഒരു വിക്കറ്റ് നഷ്ടത്തിൽ 11 റൺസെന്ന നിലയിൽ രണ്ടാം ദിനം ബാറ്റിങ് തുടങ്ങിയ ഇന്ത്യക്ക് പത്താം സെഞ്ച്വറി തികച്ച മുരളി വിജയുടെ വിക്കറ്റ് മാത്രമാണ് നഷ്ടമായത്. പൂജാരയ്ക്കൊപ്പം 209 റൺസിന്റെ രണ്ടാം വിക്കറ്റ് കൂട്ടുകെട്ടുണ്ടാക്കിയ ശേഷമാണ് മുരളി മടങ്ങിയത്. 221 പന്ത് നേരിട്ട വിജയ് 128 റൺസടിച്ചു. ഹെറാത്തിനാണ് വിക്കറ്റ്. ഏഴു റൺസെടുത്ത കെഎൽ രാഹുലിന്റെ വിക്കറ്റ് ആദ്യദിനം നഷ്ടപ്പെട്ടിരുന്നു.

ശ്രീലങ്കയെ 79.1 ഓവർ മാത്രം ബാറ്റു ചെയ്യിപ്പിച്ച് 205 റൺസിന് പുറത്താക്കി ഇന്ത്യൻ ബൗളർമാർ ആദ്യ ദിനം മികച്ച പ്രകടനമാണ് പുറത്തെടുത്തത്. അർദ്ധസെഞ്ചുറി തികച്ച കരുണരത്‌നെയ്ക്കും ക്യാപ്റ്റൻ ചാണ്ഡിമലിനും ഒഴികെ മറ്റാർക്കും ഇന്ത്യൻ ബൗളിങ്ങിനെ ചെറുത്തുനിൽക്കാൻ കഴിഞ്ഞിരുന്നില്ല.

MNM Recommends


Most Read