കായികം

ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ ടോസിന്റെ ഭാഗ്യം ഇന്ത്യയ്ക്ക്; ഫീൽഡിങ് തെരഞ്ഞടുത്തു; ഇന്ത്യൻ നിരയിൽ നാല് പേസർമാരും ഒരു സ്പിന്നറും; വിക്കറ്റ് കീപ്പർ ഭരത് തന്നെ; ഓസിസ് നിരയിൽ ഹേസൽവുഡിന് പകരം സ്‌കോട് ബോളണ്ട് അന്തിമ ഇലവനിൽ

ഓവൽ: ലോക ടെസ്റ്റ് ചാംപ്യൻഷിപ്പ് ഫൈനലിൽ നിർണായക ടോസ് ഇന്ത്യയ്ക്ക്. ക്യാപ്റ്റൻ രോഹിത് ശർമ ഓസ്‌ട്രേലിയയെ ബാറ്റിങ്ങിനു വിളിച്ചു. നാല് പേസർമാരെയും ഒരു സ്പിന്നറെയും ടീമിലെടുത്താണ് ടീം ഇന്ത്യ കലാശ പോരാട്ടത്തിനിറങ്ങുന്നത്. ടെസ്റ്റിലെ ഒന്നാം നമ്പർ ബോളർ ആർ. അശ്വിന് പ്ലേയിങ് ഇലവനിൽ ഇടം ലഭിച്ചില്ല. സ്പിൻ ബോളറായി ഓൾ റൗണ്ടർ രവീന്ദ്ര ജഡേജയാണു ടീമിലുള്ളത്.

മൂടിക്കെട്ടിയ അന്തരീക്ഷവും പിച്ചിലെ പുല്ലും കണക്കിലെടുത്താണ് ഫീൽഡിങ് തെരഞ്ഞെടുക്കുന്നതെന്ന് ഇന്ത്യൻ നായകൻ രോഹിത് ശർമ പറഞ്ഞു. പിച്ചും സാഹചര്യവും കണക്കിലെടുത്ത് നാല് പേസർമാരും ഒരു സ്പിന്നറുമായാണ് ഇന്ത്യ ഇറങ്ങുന്നതെന്നും രോഹിത് വ്യക്തമാക്കി. ടോസ് നേടിയിരുന്നെങ്കിൽ ഓസ്‌ട്രേലിയയും ബൗളിങ് തെരഞ്ഞെടുക്കുമായിരുന്നുവെന്ന് ഓസീസ് നായകൻ പാറ്റ് കമിൻസ് പറഞ്ഞു.

പുല്ലുള്ള ഓവലിലെ പിച്ചിൽ തുടക്കത്തിൽ പേസർമാരെ തുണക്കുമെങ്കിലും പിന്നീട് ബാറ്റിംഗിന് അനുകൂലമാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്. നാലാം ഇന്നിങ്‌സിൽ സ്പിന്നർമാർക്ക് നിർണായക റോളുണ്ടാകുമെന്ന് കരുതുന്ന പിച്ചിൽ ഒരു സ്പിന്നറുമായാണ് ഇന്ത്യ ഇറങ്ങുന്നത്. രവീന്ദ്ര ജഡേജ മാത്രമാണ് ഇന്ത്യൻ ടീമിലെ ഏക സ്പിന്നർ. പേസർമാരായി മുഹമ്മദ് ഷമിക്കും മുഹമ്മദ് സിറാജിനുമൊപ്പം ഉമേഷ് യാദവും ഷാർദ്ദുൽ താക്കൂറും ഇന്ത്യയുടെ അന്തിമ ഇലവനിലെത്തി. വിക്കറ്റ് കീപ്പർ ബാറ്ററായി ശ്രീകർ ഭരത്താണ് ഇന്ത്യയുടെ അന്തിമ ഇലവനിൽ കളിക്കുന്നത്.

യുവതാരം ഇഷാൻ കിഷനും ഫൈനൽ പോരാട്ടത്തിൽ കളിക്കില്ല, ശ്രീകർ ഭരത്താണ് ഇന്ത്യയുടെ വിക്കറ്റ് കീപ്പർ. മുഹമ്മദ് സിറാജ്, മുഹമ്മദ് ഷമി, ഷാർദൂൽ ഠാക്കൂർ, ഉമേഷ് യാദവ് എന്നിവരാണ് ഇന്ത്യൻ ടീമിലെ പേസർമാർ. ഓപ്പണർമാരായി ക്യാപ്റ്റൻ രോഹിത് ശർമയും ശുഭ്മാൻ ഗില്ലും ഇറങ്ങുമ്പോൾ ചേതേശ്വർ പൂജാര, വിരാട് കോലി അജിങ്ക്യാ രഹാനെ എന്നിവരടങ്ങുന്നതാണ് ഇന്ത്യയുടെ ബാറ്റിങ് നിര.

ഓസ്‌ട്രേലിയൻ ടീമിൽ പരിക്കേറ്റ് പുറത്തായ ജോഷ് ഹേസൽവുഡിന് പകരം സ്‌കോട് ബോളണ്ട് അന്തിമ ഇലവനിലെത്തിയപ്പോൾ പാറ്റ് കമിൻസും മിച്ചൽ സ്റ്റാർക്കുമാണ് മറ്റ് പേസർമാർ. ഓൾ റൗണ്ടർ കാമറൂൺ ഗ്രീൻ ആണ് നാലാം പേസർ. സ്പിന്നറായി നേഥൻ ലിയോൺ ടീമിലെത്തിയപ്പോൾ ബാറ്റർമാരായി ഡേവിഡ് വാർണർ, ഉസ്മാൻ ഖവാജ, മാർനസ് ലാബുഷെയ്ൻ, സ്റ്റീവ് സ്മിത്ത്, ട്രാവിസ് ഹെഡ്, അലക്‌സ് ക്യാരി എന്നിവരാണ് ഓസീസ് ടീമിലുള്ളത്.

ഓസ്ട്രേലിയ (പ്ലേയിങ് ഇലവൻ): ഡേവിഡ് വാർണർ, ഉസ്മാൻ ഖവാജ, മാർനസ് ലബുഷാഗ്‌നെ, സ്റ്റീവൻ സ്മിത്ത്, ട്രാവിസ് ഹെഡ്, കാമറൂൺ ഗ്രീൻ, അലക്സ് ക്യാരി, പാറ്റ് കമ്മിൻസ്, മിച്ചൽ സ്റ്റാർക്ക്, നഥാൻ ലിയോൺ, സ്‌കോട്ട് ബോളൻഡ്

ഇന്ത്യ (പ്ലേയിങ് ഇലവൻ): രോഹിത് ശർമ(സി), ശുഭ്മാൻ ഗിൽ, ചേതേശ്വര് പൂജാര, വിരാട് കോലി, അജിങ്ക്യ രഹാനെ, ശ്രീകർ ഭരത്, രവീന്ദ്ര ജഡേജ, ഷാർദുൽ താക്കൂർ, ഉമേഷ് യാദവ്, മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ്.

സ്പോർട്സ് ഡെസ്ക് news@marunadan.in

MNM Recommends


Most Read