സൈടെൿ

4ജി എടുക്കാതെ റിലയൻസും എയർടെല്ലുമെല്ലാം വളരുന്നത് നോക്കിനിന്ന ബിഎസ്എൻഎൽ രാജ്യത്ത് ആദ്യമായി 5ജി കൊണ്ടുവരുമോ? 2020ന് മുമ്പ് 5ജി  എത്തിയേക്കുമെന്ന് വെളിപ്പെടുത്തലുകൾ; നഷ്ടപ്രതാപം തിരിച്ചുപിടിക്കാൻ പുതിയ നീക്കങ്ങളുമായി രാജ്യത്തെ പൊതുമേഖലാ മൊബൈൽ സേവനദാതാവ്

ന്യൂഡൽഹി: രാജ്യത്ത് മൊബൈൽ രംഗത്ത് മുൻ നിരയിൽ നിന്നിരുന്ന ബിഎസ്എൻഎല്ലിന് പക്ഷേ 4ജി തരംഗം വന്നതോടെ അടിതെറ്റി. ആദ്യം എയർടെല്ലും പിന്നീട് മറ്റ് മുൻനിര സേവനദാതാക്കളും എല്ലാം 4ജിയുമായി എത്തിയപ്പോഴും ബിഎസ്എൻഎൽ ഇപ്പോഴും പഴയ ത്രീജിയുമായി തുടരുന്നു. ഒടുവിൽ ജിയോയുമായി റിലയൻസ് വമ്പൻ ഓഫർ മുന്നിൽവച്ച് ഫോർ ജി സേവനമേഖലയിൽ ശക്തമായി പിടിമുറുക്കിയപ്പോഴും ബിഎസ്എൻഎൽ അനങ്ങിയില്ല. എന്നാലും ബിഎസ്എൻഎൽ വിടാതെ നിൽക്കുന്ന നിരവധി ഉപഭോക്താക്കളുണ്ട്. നഗര പ്രദേശങ്ങളിൽ മാത്രമാണ് 4ജിക്ക് പ്രസക്തിയുള്ളൂ നിലവിൽ എന്നതിനാൽ തങ്ങൾക്ക് കാര്യമായി ഇടിവ് തട്ടിയില്ലെന്ന വിലയിരുത്തലിലാണ് ബിഎസ്എൻൽ.

എന്നാൽ ഇപ്പോൾ പുറത്തുവരുന്ന വാർത്ത ഇതൊന്നുമല്ല. 4ജി എടുത്തില്ലെങ്കിലും 5ജി ഇന്ത്യയിൽ ആദ്യം എത്തിക്കുക ബിഎസ്എൻഎൽ ആയിരിക്കുമെന്ന വിശേഷമാണ് ഇപ്പോൾ വലിയ ചർച്ചയാകുന്നത്. ത്രീജിയിൽ നിന്ന് ഒറ്റയടിക്ക് 5ജിയിലേക്ക് എത്തുമ്പോൾ ബിഎസ്എൻഎലിന് ന്ഷ്ടപ്രതാപം തിരിച്ചുപിടിക്കാൻ കഴിയുമെന്ന വിലയിരുത്തലാണ് ഉയരുന്നതും. പൊതുമേഖലാ സ്ഥാപനമായ ബിഎസ്എൻഎല്ലിനെ 4ജി എടുക്കാൻ അനുവദിക്കാതെ റിലയൻസ് ഉൾപ്പെടെയുള്ള സ്വകാര്യ കുത്തകകൾക്ക് രാജ്യത്ത് മാർക്കറ്റ് ഷെയർ കൂട്ടുകയായിരുന്നു കേന്ദ്രസർക്കാർ എന്ന ആക്ഷേപം നിലനിൽക്കുന്നുണ്ട്. ഇതിനിടെയാണ് ഇത്തരമൊരു പുതിയ വാർത്ത വരുന്നതെന്നതും ശ്രദ്ധേയമാണ്.

ഫിഫ്ത്ത് ജെനറേഷൻ മൊബൈൽ നെറ്റ് വർക്കാണ് 5ജി. നിലവിലുള്ള ആപ്‌ളിക്കേഷനുകളേക്കാൾ കോംപ്‌ളക്‌സായ ആപ്പുകൾ അതിവേഗതയിൽ പ്രവർത്തിപ്പിക്കാൻ 5ജി വരുമ്പോൾ കഴിയും. അതിവേഗ നെറ്റ് ഉള്ളതിനാൽ ഡൗൺലോഡിങ് ക്ഷണനേരംകൊണ്ട് സാധ്യമാകും.

ആഗോള വ്യാപകമായി 5ജി അവതരിപ്പിക്കുമ്പോൾ ഇന്ത്യയിലും 5ജി നൽകാൻ തയ്യാറെടുക്കുകയാണ് ബിഎസ്എൻഎൽ എന്ന് വ്യക്തമാക്കിയിരിക്കുന്നത് ബിഎസ്എൻഎൽ സിജിഎം തന്നെയാണ്. ബിഎസ്എൻഎലിനുമുമ്പ് രാജ്യത്ത് ആരും 5ജി അവതരിപ്പിക്കില്ലെന്ന് ബിഎസ്എൻഎൽ ചീഫ് ജനറൽ മാനേജർ അനിൽ ജെയിൻ വ്യക്തമാക്കി.

അതേസമയം, എന്നുമുതൽ 5ജി നെറ്റ് വർക്ക് ലഭ്യമാകുമെന്ന് അദ്ദേഹം വ്യക്തമാക്കിയിട്ടുമില്ല. 2020 ജൂണോടെ ലോകത്തൊട്ടാകെ 5ജി എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ചിലപ്പോൾ 2019ൽതന്നെ ലഭ്യമായേക്കാമെന്നും അഭ്യൂഹങ്ങൾ വരുന്നതിനിടെയാണ് ആദ്യമായി ബിഎസ്എൻഎൽ ആയിരിക്കും ഇന്ത്യയിൽ 5ജി എത്തിക്കുകയെന്ന വിവരം പുറത്തുവരുന്നത്.

രാജ്യത്ത് 4ജി നെറ്റ് വർക്കിലേയ്ക്ക് മാറാൻ കഴിയാതിരുന്നത് വലിയ നഷ്ടമായെന്ന് ബിഎസ്എൻഎൽ തിരിച്ചറിയുന്നുണ്ട്. അതിനെ 5ജി ബൂമിലൂടെ മറികടക്കുകയാണ് ലക്ഷ്യം. ഏതായാലും ഇപ്പോഴത്തേത് വെറുംവാക്കല്ലെന്നാണ് സൂചനകൾ. 5ജി നടപ്പാക്കുന്നതിന്റെ ഭാഗമായി നോക്കിയ, എൻടിടി അഡ്വാൻസ് ടെക്നോളജി തുടങ്ങിയ ആഗോള ഓപ്പറേറ്റർമാരുമായി ബിഎസ്എൻഎൽ ഇതിനകം കരാറിലെത്തിക്കഴിഞ്ഞു.

നടപ്പ് സാമ്പത്തിക വർഷം 50 ലക്ഷം പുതിയ വരിക്കാരെ നേടാനാകുമെന്നാണ് ബിഎസ്എൻഎൽ കരുതുന്നത്. അതിനായി ബ്രോഡ്ബാൻഡ്, ലാൻഡ്ലൈൻ തുടങ്ങിയ മേഖലയിൽ വിവിധ പ്രൊമോഷണൽ പ്ലാനുകളും അവതരിപ്പിക്കും. എല്ലാ രംഗത്തും സമഗ്രാധിപത്യം നേടുകയെന്ന ലക്ഷ്യവുമായാണ് കമ്പനി മുന്നേറുന്നതെന്നാണ് വിലയിരുത്തലുകൾ.

മറുനാടന്‍ ഡെസ്‌ക്‌

MNM Recommends


Most Read