സൈടെൿ

ദൃശ്യം ടുവിന്റെ ചിത്രീകരണത്തിന് പിപിഇ കിറ്റ് ധരിച്ച് ചെന്നൈയിൽ നിന്നും മീന എത്തി; യുദ്ധത്തിന് പോകുന്ന അവസ്ഥ എന്ന് താരം

ദൃശ്യം സിനിമയുടെ രണ്ടാം ഭാഗത്തിനായി ചെന്നൈയിൽ നിന്നും നടി മീന കൊച്ചിയിലെത്തി. കോവിഡ് സാഹചര്യമായതിനാൽ സുരക്ഷയ്ക്കായി പിപിഇ കിറ്റ് ധരിച്ചാണ് മീന വിമാനയാത്ര ചെയ്തത്. പിപിഇ കിറ്റ് ധരിച്ചപ്പോൾ തനിക്ക് നേരിടേണ്ടി വന്ന ബുദ്ധിമുട്ടും വിഷമവും നടി പ്രേക്ഷകരോട് പങ്കുവയ്ക്കുകയുണ്ടായി.

'സ്‌പേസിലേയ്ക്കുള്ള യാത്രയ്ക്ക് തയ്യാറെടുക്കുന്ന ആളെപ്പോലെയാകും എന്നെ കാണുമ്പോൾ തോന്നുക. പക്ഷേ യുദ്ധത്തിനു പോകുന്ന അവസ്ഥയാണ് എന്റേത്. ഏഴ് മാസത്തിനുശേഷമുള്ള യാത്ര. ആളനക്കമില്ലാത്ത ഒറ്റപ്പെട്ട വിമാനത്താവളം കാണുമ്പോൾ അദ്ഭുതം തോന്നുന്നു. എന്നെപ്പോലെ ഈ വേഷം ധരിച്ച ആരെയും കാണാത്തതും എന്നെ ആശങ്കപ്പെടുത്തുന്നു. ധരിച്ചതിൽ ഒട്ടും യോജിക്കാത്ത ഒന്നാണ് ഈ വേഷം. ചൂടും ഭാരവും കൂടുതൽ. നമ്മൾ എസിയിൽ ഇരിക്കുകയാണെങ്കിൽപോലും വിയർത്തു കുളിക്കും.'

'മുഖംപോലും ഒന്നു തുടക്കാൻ പറ്റാത്ത അവസ്ഥ. ഗ്ലൗസ് അണിഞ്ഞതുകൊണ്ടുള്ള ബുദ്ധിമുട്ടുകൊണ്ടാണത്. ഈ ദിവസങ്ങളിൽ ഉടനീളം പിപിഇ കിറ്റ് ധരിച്ച് ജോലി ചെയ്യുന്ന ആരോഗ്യപ്രവർത്തകർക്ക് എന്റെ സല്യൂട്ട്. ഈ വസ്ത്രത്തിന്റെ ബുദ്ധിമുട്ടിൽ നിൽക്കുമ്പോഴും ആ വേദനകൾ സഹിച്ച് അവർ നമുക്കായി കരുതൽ തരുന്നു. നിങ്ങളുടെ പ്രവർത്തനങ്ങൾക്ക് എത്ര നന്ദിപറഞ്ഞാലും മതിയാകില്ല.'മീന പറഞ്ഞു.

കോവിഡ് മാനദണ്ഡങ്ങൾ കർശനമായി പാലിച്ചുകൊണ്ടായിരിക്കും ചിത്രീകരണം. കോവിഡ് പരിശോധന പൂർത്തിയായവരാണ് ചിത്രത്തിൽ പ്രവർത്തിക്കുന്നതെന്നും അണിയറ പ്രവർത്തകർ അറിയിച്ചു. ഷൂട്ടിങിനു മുന്നോടിയായി സിനിമയുടെ അണിയറപ്രവർത്തകർക്ക് കോവിഡ് ടെസ്റ്റ് നടത്തിയിരുന്നു. ആദ്യ പത്ത് ദിവസം ഇൻഡോർ രംഗങ്ങളാവും ചിത്രീകരിക്കുക. രണ്ടാഴ്ചയ്ക്കപ്പുറം തൊടുപുഴയിലേക്ക് ഷൂട്ടിങ് ഷിഫ്റ്റ് ചെയ്യും.

ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ തന്നെയാണ് രണ്ടാം ഭാഗവും നിർമ്മിക്കുന്നത്. ജീത്തു ജോസഫ് തന്നെയാണ് രചനയും സംവിധാനവും. ഒരു ദുരന്തത്തിൽ നിന്നും കുടുംബത്തെ രക്ഷിച്ച ജോർജുകുട്ടിയുടേയും കുടുംബത്തിന്റേയും പിന്നിടുള്ള ജീവിതമാണ് ദൃശ്യം - 2 വിലൂടെ പറയുന്നതെന്ന് സംവിധായകൻ ജീത്തു ജോസഫ് പറഞ്ഞു. മോഹൻലാൽ, മീന, അൻസിബ, എസ്തർ, എന്നിവർ കുടുംബാംഗങ്ങളെ വീണ്ടും പ്രതിനിധീകരിക്കുന്നു. സിദ്ദിഖ്, ആശാ ശരത്ത്, സായ്കുമാർ, മുരളി ഗോപി, ഗണേശ് കുമാർ, സുമേഷ്, ആദം അയൂബ്, അഞ്ജലി നായർ, അജിത് കൂത്താട്ടുകുളം എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു.

സംഗീതം അനിൽ ജോൺസൺ, സതീഷ് കുറുപ്പാണ് ഛായാഗ്രാഹകൻ. എഡിറ്റിങ് വിനായകൻ. കലാസംവിധാനം -രാജീവ് കോവിലകം. നിശ്ചലമായാഗ്രഹണം -ബെന്നറ്റ്. മേക്കപ്പ്ജിതേഷ് പൊയ്യ . കോസ്റ്റ്യും ഡിസൈൻ ലിൻഡ ജീത്തു. അസ്സോസ്സിയേറ്റ് ഡയറക്ടർ സുധീഷ് രാമചന്ദ്രൻ.&മാു;ഹ;േ സഹസംവിധാനം - സോണി കുളക്കട, അർഷാദ് അയൂബ്. പ്രൊഡക്ഷൻ കൺട്രോളർ.സിദ്ദു പനയ്ക്കൽ. പ്രൊഡക്ഷൻ എക്‌സികുട്ടീവ്: സേതു അടൂർ, പ്രൊഡക്ഷൻ മാനേജർ. പ്രണവ് മോഹൻ. ഫിനാൻസ് കൺട്രോളർ ശശിധരൻ കണ്ടാണിശ്ശേരിൽ. കൊച്ചി, തൊടുപുഴ എന്നിവിടങ്ങളിലായി ചിത്രീകരണം പൂർത്തിയാകുന്ന ഈ ചിത്രം ആശീർവാദ് റിലീസ് പ്രദർശനത്തിനെത്തിക്കുന്നു.

കോവിഡ് പരിശോധന നടത്തിയ ശേഷം മോഹൻലാൽ അടക്കം ചിത്രത്തിലെ മുഴുവൻ പേർക്കും ഷൂട്ടിങ് ഷെഡ്യൂൾ തീരുന്നതു വരെ അതാത് സ്ഥലങ്ങളിൽ ഒരൊറ്റ ഹോട്ടലിൽ താമസം ഒരുക്കും. ഇവരുമായി സെറ്റിലേക്ക് ഭക്ഷണത്തിനടക്കമുള്ള സാധനങ്ങൾ വാങ്ങുന്നവർക്കും ഷൂട്ടിങ് സ്ഥലത്തേക്കുള്ള സുരക്ഷ ഒരുക്കുന്ന ടീമിനും പുറത്തു നിന്നുള്ളവർക്കുമോ ബന്ധപ്പെടാൻ സാഹചര്യമുണ്ടാകില്ല. ഷൂട്ടിങ് തീരുന്നതുവരെ സംഘത്തിലുള്ള ആർക്കും പുറത്തു പോകാനും അനുവാദമുണ്ടാകില്ല.

MNM Recommends


Most Read